| Monday, 8th December 2025, 1:15 pm

585 ദിവസം, 34 മത്സരം; പരാജയമറിയാത്ത കുതിപ്പിനൊടുവില്‍ കരഞ്ഞ് ചെല്‍സി

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ സൂപ്പര്‍ ലീഗില്‍ (ഡബ്ല്യൂ. എസ്.എല്‍) ചെല്‍സിയെ എവര്‍ട്ടണ്‍ തകര്‍ത്തെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് എവര്‍ട്ടണിന്റെ വിജയം. ടോഫീസ് ഗോളി കോര്‍ട്ട്‌നി ബ്രോസ്നന്റെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ ചെല്‍സി അടിയറവ് പറയുകയായിരുന്നു.

ഈ മത്സരത്തിലെ വിജയത്തോടെ ചെല്‍സിയുടെ അപരാജിത കുതിപ്പിനാണ് എവര്‍ട്ടണ്‍ വിരാമമിട്ടത്. ലീഗില്‍ ചെല്‍സി ഏകദേശം ഒരു വര്‍ഷത്തിലേറെ പരാജയമില്ലാതെ കുതിക്കുകയായിരുന്നു. 34 മത്സരങ്ങളാണ് ചെല്‍സി തോല്‍ക്കാതെ മുന്നേറിയത്.

ദി ബ്ലൂസ് അവസാനമായി ഒരു തോല്‍വി വഴങ്ങിയത് 2024 മെയ് മാസത്തിലായിരുന്നു. അന്ന് ലിവര്‍പൂളിനോടായിരുന്നു ഇംഗ്ലീഷ് ക്ലബ് തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ക്ലബ്ബിന്റെ തോല്‍വി. അതിന് ശേഷം പിന്നീട് ഇപ്പോഴാണ് ഒരു മത്സരത്തില്‍ ചെല്‍സി പരാജയമറിയുന്നത്.

585 ദിവസമാണ് ചെല്‍സി വനിതകള്‍ ഒരു തോല്‍വി പോലുമില്ലാതെ കളിക്കളം വാണത്. ഇതിനിടയില്‍ മൂന്ന് സീസണുകളിലായി ടീം കളിച്ചത് 34 മത്സരങ്ങളാണ്. 2023 – 24 സീസണില്‍ മൂന്ന് മത്സരങ്ങളും അടുത്ത സീസണില്‍ 22 മത്സരങ്ങളുമാണ് ഇംഗ്ലീഷ് ക്ലബ് കളിച്ചത്. ഈ സീസണില്‍ ഇതുവരെ തോല്‍ക്കാതെ ഒമ്പത് മത്സരങ്ങളും കളിച്ചു.

ഈ 34 മത്സരങ്ങളില്‍ 28 എണ്ണത്തിലാണ് ചെല്‍സി വിജയിച്ചത്. ബാക്കി ആറ് മത്സരങ്ങളില്‍ സമനിലായിരുന്നു ഫലം. കഴിഞ്ഞ ദിവസം ദി ബ്ലൂസ് എവര്‍ട്ടണ് മുന്നില്‍ മുട്ടുമടക്കിയതോടെ ഈ സ്ട്രീക്കിനാണ് അന്ത്യമായത്.

ഗോൾ നേടിയ ഹോനോക ഹയാഷിയെ എടുത്തുയർത്തി ആഘോഷിക്കുന്ന എവർട്ടൺ താരങ്ങൾ Photo: BWSL/x.com

അതേസമയം, ഡബ്ല്യൂ. എസ്.എല്ലില്‍ കഴിഞ്ഞ ദിവസം മികച്ച പോരാട്ടം കാഴ്ച വെച്ചാണ് ചെല്‍സി വനിതകള്‍ മുട്ടുമടക്കിയത്. എവര്‍ട്ടണായി ഹോനോക ഹയാഷിയാണ് ഗോള്‍ നേടിയത്. 11ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍.

ഒപ്പം ഗോളി കോര്‍ട്ട്‌നി ബ്രോസ്നനും ഗോള്‍ വലയ്ക്ക് മുന്നില്‍ ഉറച്ച് നിന്നാണ് ടോഫീസിന് വിജയം ഉറപ്പിച്ചത്. താരം ചെല്‍സി താരങ്ങള്‍ ഗോള്‍ വല ലക്ഷ്യമിട്ട് തൊടുത്ത ആറ് ഷോട്ടുകളാണ് തട്ടി തെറിപ്പിച്ചത്.

Content Highlight: Everton ended Chelsea’s 34 match unbeaten streak in Women Super League

We use cookies to give you the best possible experience. Learn more