| Sunday, 28th September 2025, 10:39 am

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി; രാജ്ഭവനിലെ കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്ഭവനില്‍ നിന്ന് കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഒഴിവാക്കി. ഇന്ന് (ഞായർ) മുഖ്യമന്ത്രി പങ്കെടുക്കുന്ന മാഗസിന്‍ പ്രകാശന ചടങ്ങില്‍ നിന്നാണ് ചിത്രം ഒഴിവാക്കിയത്.

രാജ്ഭവന്റെ ഇന്‍ഹൗസ് മാഗസിന്‍ ‘രാജഹംസം’ത്തിന്റെ പ്രകാശന ചടങ്ങാണ് രാജ്ഭവനിൽ നടന്നത്. നിലവില്‍ രാജ്ഭവനിലെ പരിപാടിയില്‍ നിലവിളക്ക് മാത്രമേയുള്ളു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തിരുവനന്തപുരം എം.പി ശശി തരൂര്‍, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളും പാളയം ഇമാം ഉള്‍പ്പെടെയുള്ള മതാധ്യക്ഷന്മാരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയിൽ പങ്കെടുത്തു.

നേരത്തെ രാജ്ഭവനില്‍ നടക്കുന്ന പരിപാടികളില്‍ നിന്നും കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഒഴിവാക്കില്ലെന്നായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിലപാട്. ഈ നിലപാടിലാണ് ഇപ്പോൾ അയവ് ഉണ്ടായിരിക്കുന്നത്.

അതേസമയം ശശി തരൂര്‍ എം.പിക്ക് മാഗസിന്റെ കോപ്പി കൈമാറി മുഖ്യമന്ത്രി പ്രകാശന ചടങ്ങ് നിര്‍വഹിച്ചു. എന്നാൽ രാജഹംസത്തിലെ സംസ്ഥാന-കേന്ദ്ര ബന്ധത്തെ കുറിച്ചുള്ള ലേഖനത്തെ തള്ളിയാണ് മുഖ്യമന്ത്രി പരിപാടിയില്‍ സംസാരിച്ചത്.

പ്രസ്തുത ലേഖനം സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 200മായി ബന്ധപ്പെട്ട മാഗസിനിലെ ലേഖനം സര്‍ക്കാരിന്റെ നിലപാടല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

വിരുദ്ധ അഭിപ്രായങ്ങളുള്ള ലേഖനങ്ങള്‍ ഇനിയും ഉണ്ടാകാം. വിരുദ്ധ അഭിപ്രായങ്ങളെ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അതാണ് കേരളത്തിന്റെ ജനാധിപത്യപരമായ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവന്‍ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന അനൗചിത്യം ഉണ്ടാകാതിരിക്കാന്‍ രാജഹംസത്തിന് കഴിയട്ടെയെന്നും മുഖൈമന്ത്രി പറഞ്ഞു.

രാജ്ഭവനിലെ കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍ എന്നിവ രേഖപ്പെടുത്തുന്ന ഒന്നായിരിക്കണം രാജഹംസമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Event attending by the Chief Minister; Picture of the woman carrying the saffron flag at Raj Bhavan omitted

We use cookies to give you the best possible experience. Learn more