| Wednesday, 15th October 2025, 9:33 pm

താലിബാന്‍ വരെ ഇന്ത്യയില്‍ പത്രസമ്മേളനം നടത്തി; മോദിയിതെല്ലാം കാണുന്നുണ്ടല്ലോ അല്ലേ? ചോദ്യവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താലിബാന്‍ നേതാവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായ അമീര്‍ ഖാന്‍ മുത്തഖിയുടെ ദല്‍ഹിയിലെ പത്രസമ്മേളനത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ.

താലിബാന്‍ നേതാക്കള്‍ വരെ ഇന്ത്യയിലെത്തി വാര്‍ത്താസമ്മേളനം നടത്തി, എന്നിട്ടും നരേന്ദ്ര മോദി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ദല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ മൗനം പാലിച്ചതിലും പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുണ്ട്.

താലിബാന്‍ നേതാവ് ഇന്ത്യയില്‍ വന്ന് പത്രസമ്മേളനം നടത്തിയിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രി ഇതുവരെ മാധ്യമങ്ങളെ നേരില്‍ കണ്ടിട്ടിട്ടില്ലെന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. മോദിയും താലിബാന്‍ സര്‍ക്കാരുമായുള്ള ബന്ധം ആശങ്ക ഉയര്‍ത്തുന്നതായും ചിലര്‍ പ്രതികരിക്കുന്നു.

’11 വര്‍ഷത്തിലേറെയായി അധികാരത്തിലിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഒരു പത്രസമ്മേളനം നടത്താത്ത സാഹചര്യത്തിലാണ് താലിബാന്‍ മന്ത്രി ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത്,’ മണിമുഗ്ധ ശര്‍മ എന്ന എക്‌സ് ഉപയോക്താവ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടി കൊടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താലിബാനില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് ഇന്ത്യന്‍ ജനത പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നേര്‍വിപരീതമായ സംഭവങ്ങളാണ് രാജ്യ തലസ്ഥാനത്തുണ്ടായത്. മോദിയില്‍ പ്രതീക്ഷ വെക്കുന്നത് പാഴാണെന്നുമാണ് ഒരാളുടെ പ്രതികരണം.

അതേസമയം മോദിയെ അനുകൂലിച്ച് ഏതാനും സംഘപരിവാര്‍ ഹാന്‍ഡിലുകളും രംഗത്തുണ്ട്. ദല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നേതാക്കള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് മോദി എന്തു പിഴച്ചുവെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട വിവേചനത്തില്‍ പ്രതികരിച്ച ലോക്‌സഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലെത്തിയത് വെറും താലിബാന്‍ നേതാക്കള്‍ മാത്രമല്ല, അഫ്ഗാന്‍ സര്‍ക്കാരിലെ പ്രതിനിധികളാണെന്നും അവരെ താലിബാന്‍ എന്ന് വിശേഷിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു.

മോദിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ എക്‌സ് പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് വിമര്‍ശനം.

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയാല്‍ മോദി മറുപടി പറയണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം. എന്നാല്‍ സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.

Content Highlight: Even the Taliban held a press conference in India; Modi is watching it all, right? Social media is asking

We use cookies to give you the best possible experience. Learn more