തുടക്കം ഒരു ഫാമിലി ഡ്രാമയാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തെ ഒരു കുടുംബ ചിത്രമെന്ന് വിളിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലും മകള്‍ വിസ്മയയും ആന്റണി പെരുമ്പാവൂരും മകനും ഉള്‍പ്പെടെ ഭാഗമാകുന്ന ചിത്രമെന്ന നിലയ്ക്കാണ് ആരാധകര്‍ അങ്ങനെ ഒരു കമന്റ് പറഞ്ഞത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു മോഹന്‍ലാല്‍ കുടുംബചിത്രമെന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നെന്നും സുചിത്ര ചേച്ചിയോട് തുടക്കത്തില്‍ ഒരു റോള്‍ ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ജൂഡ്.
സുചിത്ര ചേച്ചി അഭിനയിക്കുന്ന കാര്യത്തില്‍ ലാല്‍ സാര്‍ അടക്കം ഉറപ്പുപറഞ്ഞതാണെന്നും എന്നാല്‍ ഒടുവില്‍ ചേച്ചി കാലുവാരിയെന്നും ജൂഡ് തമാശരൂപേണ പറഞ്ഞു. ആശിര്‍വാദ് സിനിമാസ് യൂ ട്യൂബ് ചാനല്‍ പുറത്തുവിട്ട തുടക്കം എക്‌സ്‌ക്ലൂസിവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ജൂഡ്.
ജൂഡ് ആന്തണി photo: Aashivad Cinemas
‘സുചിത്ര ചേച്ചിയെ ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂര്‍ത്തിയാകൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. അവസാന നിമിഷം കാലുവാരി. ലാല്‍സാര്‍ അടക്കം അത് സമ്മതിച്ചതാണ്. പക്ഷേ ചേച്ചി പറഞ്ഞു, ഇല്ല ഞാനില്ല എന്ന്,’ ജൂഡ് പറഞ്ഞു.
താന്‍ കൂടി വന്നാല്‍ അത് ഫുള്‍ ഫാമിലി പടമാകുമെന്നായിരുന്നു ഇതിനോടുള്ള സുചിത്രയുടെ മറുപടി.
ചേച്ചിയോട് അവസാനം ബസിലിരിക്കാന്‍ പറഞ്ഞെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തപ്പോള്‍ അതായിരുന്നു റോള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ തഗ്ഗ്. പക്ഷേ രാവിലെ കയറി കഴിഞ്ഞാല്‍ രാത്രിയേ ഇറങ്ങാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞ് ചേച്ചി ഒഴിഞ്ഞെന്നും ആന്റണി പെരുമ്പാവൂര്‍ തമാശരൂപേണ പറഞ്ഞു. ഇതിനെല്ലാം നിറഞ്ഞ ചിരിയായിരുന്നു സുചിത്രയുടെ മറുപടി.
എന്തുകൊണ്ടാണ് ജൂഡ് എന്ന സംവിധായകനെ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് സാറാസും ഓംശാന്തി ഓശാനയുമൊക്കെ താന്‍ കണ്ടിട്ടുണ്ടെന്നും ഫീമെയില്‍ ഓറിയന്റഡായ സിനിമകളാണ് അതെല്ലാമെന്നും അതിന് ശേഷമാണ് വിശാഖ് വഴി ജൂഡിലേക്ക് എത്തിയതെന്നും സുചിത്ര മറുപടി നല്‍കി.
photo: Aashivad Cinemas
ആന്റണി പെരുമ്പാവൂരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ജൂഡ് പറഞ്ഞപ്പോള്‍ ‘ഞാന്‍ പിന്നെ എല്ലാ സിനിമയിലും ഉണ്ടല്ലോ’ എന്നായിരുന്നു ആന്റണിയുടെ മറുപടി
ഏതൊരു ഫാമിലിയിലും സംഭവിക്കാവുന്ന പ്രശ്‌നമാണ് ഈ സിനിമയില്‍ കാണിക്കുന്നത്. അതിനെ എങ്ങനെ സോള്‍വ് ചെയ്യാമെന്നും നമ്മള്‍ പറയുന്നുണ്ട്. ലാല്‍സാര്‍ ഈ പടത്തില്‍ നല്ലൊരു ക്യാരക്ടര്‍ ചെയ്തിട്ടുണ്ട്. അതുപോലെ ആശിഷും മായയും സായ് ചേട്ടനും ജാഫര്‍ ഇടുക്കി ചേട്ടനും എല്ലാം ഗംഭീര പെര്‍ഫോമന്‍സ് നടത്തിയ ചിത്രമാണ് ഇത്,’ ജൂഡ് പറഞ്ഞു.
Content Highlight: Even Lal sir agreed that Suchitra chechi could act, but she backed out at the last minute: Jude Anthany