| Monday, 29th December 2025, 6:07 pm

റീൽസിൽപോലും ആർ.എസ്.എസ് എന്നുപറയാത്ത യുവരക്തങ്ങളുണ്ട്; അവിടെയാണ് എ.എ റഹീം വ്യത്യസ്തമാകുന്നതെന്ന് ജെയ്ക് സി തോമസ്

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: റീൽസിൽപോലും ആർ.എസ്.എസ് എന്നുപറയാത്ത യുവരക്തങ്ങളുണ്ടെന്നും അവിടെയാണ് ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ റഹീം വ്യത്യസ്തമാകുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസ്.

‘എടുത്തുകൊണ്ടുപോടാ നിന്റെ ആഖ്യവും ആഖ്യാതവും’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രയോഗത്തിലൂടെയാണ് ജെയ്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. കർണാടകയിലെ യലഹങ്കയിലെ നിരാലംബരായ മനുഷ്യർ തെരുവിലിറക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിൽ നിന്ന് ലീഗിൽനിന്നും കോൺഗ്രസിൽനിന്നുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട 19 പേരുണ്ടെങ്കിലും യലഹങ്കയിലെ സർവവും നഷ്ടപെട്ട മനുഷ്യരുടെ നടുവിൽ നിന്ന് പൊള്ളുന്ന യാഥാർഥ്യങ്ങളെ കാട്ടിത്തന്നത് റഹീമാണെന്ന് ജെയ്ക് പറഞ്ഞു.

തിരുവനന്തുപരം ബാർസിലോണ ആക്കുമെന്നു പറഞ്ഞു മോദി-ആർ.എസ്.എസ് സ്തുതിപാടകനായ ശശി തരൂർ മുതൽ കമ്മ്യൂണിസ്റ്കാരിൽ നിന്നും ശാഖയ്ക്ക് കാവൽ കിടന്ന കെ.സുധാകരൻ വരെ ഈ 19 പേരിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സിവിൽ കോഡിന്റെ ചർച്ചയിൽ കോൺഗ്രസിന്റെ നിശബ്ദതയിൽ ഭയമുണ്ട് എന്ന് പറഞ്ഞ മുസ്‌ലിം ലീഗിന്റെ അബ്ദുൽ വഹാബ്, തൊഴിലുറപ്പ് മുതൽ ഗാന്ധി വരെ നിരോധിക്കപെട്ടപ്പോൾ മോദിയുമൊത്ത് ചായ കുടിക്കാൻ പോയ വയനാട് അംഗം പ്രിയങ്ക ഗാന്ധിയുണ്ട്, ജർമനിയിൽ ബി.എം.ഡബ്ലിയു ഫോട്ടോഷൂട്ട് നടത്തുന്ന വയനാട് മുൻ അംഗമായ നമ്മുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുണ്ട്, റീൽസിൽ പോലും ആർ.എസ്.എസ് എന്നൊരു വാക്ക് പറയാതെ സൂക്ഷിക്കുന്ന കുറുക്കൻ കണ്ണുകളുള്ള യുവരക്തങ്ങൾ പലരുമുണ്ട്, പലരുടെയും ഇംഗ്ലീഷ് പുകൾപെറ്റതുമാണ്,’ ജെയ്ക് പറഞ്ഞു.

കക്കൂസും കിടപ്പറയും കോൺഗ്രസ് ഇടിച്ചു നിരത്തിയ ആയിരകണക്കിന് മനുഷ്യരുടെയടുത്തേക്ക് ആദ്യമോടിയെത്തുന്നത് റഹീമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമുക്കരികിലോ അകലെയോ ഉള്ള ഒരാൾ നൊന്തു കലങ്ങാൻ പാടില്ലായെന്നു ആഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള ഏതു മലയാളിയും ഫക്കിർ കോളിനിയിലെ വാസിം ലേ ഔട്ടിലെ ആയിരത്തിലധികം വരുന്ന മനുഷ്യരുടെ അടുക്കലേക്കു ചെന്ന് ഒന്ന് കൈപിടിച്ചമർത്താൻ, ചേർത്ത് നിർത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരിന്നു,’ ജെയ്ക് സി തോമസ് പറഞ്ഞു.

റഹീമിനെ അങ്ങോട്ടേക്ക് കാന്തിക ശക്തിപോലെ വലിച്ചടുപ്പിക്കാൻ കാരണമായത് നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടച്ചുറപ്പുള്ള മുറികളിൽ സ്വപ്നങ്ങളിൽ പോലൊമൊരു ബുൾഡോസർ കടന്നുവരാത്ത സുരക്ഷയിൽ നാം നില്ക്കുമ്പോഴാണ് ഇത്തരം നിലവിളികൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്‌തീൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായിരുന്നു മഹ്മൂദ് ദാർവിഷിൻറെ വരികളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അജീർകുട്ടി വിവർത്തനം ചെയ്ത ഫലസ്‌തീൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായിരുന്ന മഹ്മൂദ് ദാർവീഷിന്റെ വരികളിലൊന്ന് അവസാനിക്കുന്നത് കുടിയിറക്കപ്പെട്ട മനുഷ്യരുടെ ഒടുങ്ങാത്ത നിലവിളികളോടും വിഹ്വലതകളോടും കൂടെയാണ്, ‘അവസാനത്തെ അതിർത്തിക്കുമപ്പുറം ഞങ്ങൾ എങ്ങോട്ടു യാത്ര ചെയ്യും അവസാനത്തെ ആകാശത്തിനുമപ്പുറം പക്ഷികൾ എങ്ങോട്ടു പറക്കും? ഞങ്ങളുടെ വിതുമ്പലിന്റെ ശബ്ദം നിങ്ങൾ കേൾക്കില്ലേ ?’ ജെയ്ക് സി കുറിച്ചു.

Content Highlight: Even in reels, there are young people who don’t say RSS; that’s where AA Rahim is different, says Jake C Thomas

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more