കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ വൈകാരിക കുറിപ്പുമായി രംഗത്തെത്തിയിക്കുകയായാണ് അദ്ദേഹം.
കണ്ണൂര്‍ എന്നത് തന്റെ ഹൃദയ രക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് എന്നും തന്റെ മേല്‍വിലാസവുമാണെന്നും കെ.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദല്‍ഹിയില്‍ എത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.
ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്
ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും.
എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും,’ കെ. സുധാകരന്‍ പറഞ്ഞു
താന്‍ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് മറക്കാനാവുമായിരിക്കും, പക്ഷേ തനിക്കൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണെന്നും കുറിപ്പില്‍ പറയുന്നു.
Content Highlight: Even if others forget the paths of coal that I have crossed, I will not forget; I will stand with my head held high on the soil that has been stained with my blood: K. Sudhakaran