| Tuesday, 29th July 2025, 5:30 pm

കോണ്‍ഗ്രസുകാര്‍ പോലും നെഹ്റുവിനെ നിങ്ങളുടെയത്ര ഓര്‍ക്കുന്നുണ്ടാവില്ല: അമിത് ഷായോട് കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ഇന്ന് ലോക്സഭയില്‍  നടന്ന  ചര്‍ച്ചയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരിണവുമായി കനിമൊഴി കരുണാനിധി.

ദേശീയ ഐക്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ചര്‍ച്ചയെ ഭരണകക്ഷി രാഷ്ടീയ കുറ്റപ്പെടുത്തലാക്കി മാറ്റിയെന്നും കനിമൊഴി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ പോലും നെഹ്‌റുവിനെ ബി.ജെ.പിയുടെ അത്ര ഓര്‍ക്കുന്നുണ്ടാകില്ലെന്നും കനിമൊഴി വിമര്‍ശിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന് എതിരായ അമിത് ഷായുടെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു കനിമൊഴിയുടെ മറുപടി.

ചൈന ഇന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലാണെന്നും എന്നാല്‍ ഇന്ത്യ അങ്ങനെയല്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഇതിന് കാരണം ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും ചൈനയോട് സ്‌നേഹം ജവഹര്‍ലാല്‍ നെഹ്റു മുതല്‍ രാഹുല്‍ ഗാന്ധി വരെ തലമുറ കൈമാറി വന്നതാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കനിമൊഴിയുടെ പ്രതികരണം.

‘കോണ്‍ഗ്രസുകാര്‍ പോലും നിങ്ങളുടെ അത്ര നെഹ്‌റുവിനെ ഓര്‍ക്കുന്നുണ്ടാകില്ല. നിങ്ങള്‍ കാരണം തമിഴ്‌നാട്ടിലെ ആളുകള്‍ പെരിയോറിനെയും അംബേദ്കറിനെയും വായിക്കാന്‍ തുടങ്ങി. രാജ്യത്തൊട്ടാകെ എല്ലാവരും നെഹ്‌റുവിനെ വായിക്കാന്‍ തുടങ്ങി. ചരിത്രം മാറ്റിമറിക്കാന്‍ തക്ക ശക്തനായ മനുഷ്യനാണ് നെഹ്‌റു. നിങ്ങള്‍ ചെയ്യുന്ന ഓരോ തെറ്റിനും ഉത്തരവാദിയാകുന്ന തരത്തില്‍ അദ്ദേഹം ശക്തനാണ്,’ കനിമൊഴി പറഞ്ഞു.

പഹല്‍ഗ്രാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മറുപടിയെയും കനിമൊഴി കുറ്റപ്പെടുത്തി.

പഹല്‍ഗ്രാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് എം.പിമാര്‍ക്ക് ലോകത്തോട് വിശദീകരിക്കേണ്ടി വന്നെന്നും അതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും കനിമൊഴി പറഞ്ഞു.

എന്നിരുന്നാലും ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം എ.പിമാരുടെ പ്രതിനിധി സംഘത്തില്‍ പ്രതിപക്ഷ എം.പിമാരെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ ആശ്വാസം ഉണ്ടെന്നും പ്രതിപക്ഷത്തില്‍ വിശ്വാസം അര്‍പ്പിച്ച് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ എം.പിമാരുടെ പ്രതിനിധികളെ അയച്ചതില്‍ നന്ദിയുണ്ടെന്നും കനിമൊഴി പറഞ്ഞു.

ഇന്നത്തെ പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തതതെന്നും കുറ്റപ്പെടുത്തലിന് വേണ്ടി മാത്രമായുള്ള ഒരു അവസരമായി അദ്ദേഹം തന്റെ പ്രസംഗത്തെ ഉപയോഗിച്ചെന്നും കനിമൊഴി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ മുന്‍കാല ഇടപെടലുകളുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ വിമര്‍ശനത്തിന് മറുപടിയായി 2008ല്‍ മുബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ക്ഷമാപണം നടത്തിയ കാര്യവും കനിമൊഴി ഓര്‍മിപ്പിച്ചു.

Content Highlight: Even Congress doesn’t remember Nehru as much says Kanimozhi

We use cookies to give you the best possible experience. Learn more