മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയൽ രംഗത്ത് ഒരുപോലെ സജീവമായ നടി 1991ൽ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. വർഷങ്ങളോളം ഹാസ്യ വേഷങ്ങൾ തന്നെയായിരുന്നു മഞ്ജു ചെയ്തിരുന്നത്. എന്നാൽ പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
2021ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ ആനിയമ്മയെന്ന കഥാപാത്രമാണ് മഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാകുന്നത്. പിന്നീട് 2023ൽ എത്തിയ ഫാലിമി എന്ന സിനിമയിലെ രമയെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മഞ്ജു പിള്ള,ദയ സുജിത്ത്. Photo. Screen Grab/ Youtube. Facebook.com
ഇപ്പോഴിതാ മകളുടെ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുമ്പോഴും അവൾക്കൊപ്പം ഉറച്ചുനിൽക്കുകയാണ് നടി മഞ്ജു പിള്ള. മകൾ ദയ സുജിത്ത് ഫാഷൻ ഡിസൈനിങ് പഠിക്കുന്നതിനെക്കുറിച്ചും അവളുടെ ഫാഷൻ സെൻസിനെക്കുറിച്ചും സംസാരിക്കവെയാണ് മകൾക്ക് നേരെയുള്ള വിമർശനങ്ങളിൽ തന്റെ നിലപാട് മഞ്ജു മൂവി വേൾഡ് മീഡിയയിലൂടെ വ്യക്തമാക്കിയത്.
‘എന്റെ മോൾ സ്റ്റൈലിസ്റ്റാണ്. അവൾ ഫ്ലോറൻസിൽ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ്. എന്റെ വസ്ത്രധാരണത്തിൽ അവളും സഹായിക്കാറുണ്ട്. പക്ഷേ, അവളുടെ സ്റ്റൈൽ നമുക്ക് പറ്റത്തില്ല. സോഷ്യൽ മീഡിയ അവളെ വിമർശിക്കുന്നുണ്ടെങ്കിലും ഞാൻ അവളുടെ ഭാഗത്താണ്. ഇപ്പോഴത്തെ ജനറേഷനല്ലേ, അവർ അങ്ങനെയായിരിക്കും. പക്ഷേ, അങ്ങനെയൊരു വസ്ത്രധാരണം എനിക്ക് അഡാപ്റ്റ് ചെയ്യാൻ പറ്റില്ല,’ മഞ്ജു പിള്ള പറഞ്ഞു.
പുതിയ തലമുറയ്ക്കൊപ്പം സഞ്ചരിക്കുമ്പോഴും അവർക്ക് കൃത്യമായ ഒരു അതിർവരമ്പ് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും മഞ്ജു പറയുന്നു.
‘ഇപ്പോഴത്തെ ജനറേഷന്റെ കൂടെ സഞ്ചരിക്കുക എന്നതാണ് നമുക്കുള്ളത്. പക്ഷേ, അവരുടെ കയറിന്റെ ഒരറ്റം നമ്മുടെ കയ്യിൽ ഉണ്ടായിരിക്കണം. ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നല്ല കുഞ്ഞാണ് അവൾ. ഭയങ്കര അണ്ടർസ്റ്റാൻഡിങ്ങാണ്. വളരെ ലവബിളുമാണ്,’ മഞ്ജു പറഞ്ഞു.
ദയയ്ക്ക് രണ്ട് വയസ്സുള്ളപ്പോൾ മുതൽ താൻ ഷൂട്ടിങ്ങിന് പോയിത്തുടങ്ങിയതാണെന്നും അതുകൊണ്ടുതന്നെ തന്റെ ജോലിത്തിരക്കുകളുമായി അവൾ ചെറുപ്പം മുതലേ പൊരുത്തപ്പെട്ടിരുന്നുവെന്നും മഞ്ജു ഓർത്തെടുത്തു. അമ്മയെ കാണണമെന്ന് പറഞ്ഞ് വാശിപിടിക്കുകയോ കരയുകയോ ചെയ്യാറില്ലായിരുന്നെങ്കിലും വൈകുന്നേരം അമ്മ തിരിച്ചെത്തുന്നതും കാത്ത് ഇരിക്കുമായിരുന്നുവെന്നും മഞ്ജു പറയുന്നു. ‘അത് എനിക്ക് ഭയങ്കര ചങ്കുവേദനയായിരുന്നു,’എന്നും താരം കൂട്ടിച്ചേർത്തു.
യൂറോപ്പിലെ ഫാഷൻ രംഗവുമായി അടുത്തുനിൽക്കുന്ന അന്തരീക്ഷത്തിലാണ് മകൾ പഠിക്കുന്നത്. ഇറ്റലി പോലുള്ള രാജ്യങ്ങൾ ഫാഷൻ ബ്രാൻഡുകൾക്കും സ്റ്റൈലിനും പേരുകേട്ട ഇടങ്ങളാണ്. അവിടത്തെ രീതികളും വസ്ത്രധാരണവും കേരളത്തിലേതിൽനിന്ന് വ്യത്യസ്തമാണെന്നും ദയ അവിടെ മോഡലിങ്ങും ചെയ്യുന്നുണ്ടെന്നും മഞ്ജു പറഞ്ഞു.
തന്റെ സ്വഭാവത്തിന്റെ നാലിരട്ടിയാണ് മകളുടേതെന്നും മറ്റുള്ളവർ എന്ത് പറയുമെന്ന് ദയ അധികം ചിന്തിക്കാറില്ലെന്നും മഞ്ജു പറയുന്നു.
മഞ്ജു പിള്ള.photo.bollywood Times/facebook/Manju pillai
‘കുറച്ചൊക്കെ ഞാൻ കേരളത്തിലാണല്ലോ എന്നൊക്കെ വിചാരിക്കും. പക്ഷേ, അവൾ അതൊന്നും മൈൻഡ് ചെയ്യില്ല. ‘അമ്മയല്ലേ എനിക്ക് തിന്നാൻ തരുന്നത്, അച്ഛനല്ലേ എന്നെ പഠിപ്പിക്കുന്നത്, അവർ ആരുമല്ലല്ലോ’ എന്നൊക്കെയാണ് അവൾ ചോദിക്കുന്നത്. അവൾ അതൊന്നും മൈൻഡ് ചെയ്യാറേയില്ല,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Even as criticism arises on social media regarding her daughter’s choice of clothing, actress Manju Pillai stands firmly by her side