യാത്രകള്‍ പലപ്പോഴും പുതിയ സ്ഥലങ്ങളും കാഴ്ചകളും മാത്രമല്ല ചിലര്‍ക്ക്. പരിചയപ്പെടുന്ന മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും ഓര്‍മകളായി ചിലര്‍ കൂടെ കൊണ്ടുവരാറുണ്ട്. അത്തരത്തില്‍ ഒരു യാത്രയില്‍ പരിചയപ്പെട്ട ഒരാളുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് നടന്‍ ഫഹദ് ഫാസില്‍. മൊറോക്കോ യാത്രയ്ക്കിടെ പരിചയപ്പെട്ട ഒസാമ എന്ന ഡ്രൈവറുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഫഹദ് സംസാരിച്ചത്. യാത്ര കഴിഞ്ഞ് മടങ്ങിയ ശേഷവും ആ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ഫഹദ് പറയുന്നു.
യാത്രകളില്‍ ഭക്ഷണം തേടി പ്രത്യേകമായി പോകുന്നയാളല്ല താനെന്നും ഫഹദ് പറഞ്ഞു. നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലത്ത് ഭക്ഷണം കഴിക്കുമെന്നല്ലാതെ, ഭക്ഷണത്തിനായി മാത്രം യാത്ര ചെയ്യാറില്ലെന്നും താരം വ്യക്തമാക്കി.
‘ഞാനൊരു ഫുഡിയൊന്നുമല്ല. അവിടെ ഭയങ്കര ഫുഡ് കിട്ടുമെന്ന് പറഞ്ഞാല്‍ പോവുന്ന ആളൊന്നുമല്ല ഞാന്‍. വിസിബിലിറ്റിയില്‍ എവിടെയാണ് നല്ല ഫുഡ് കിട്ടുന്നതെന്ന് അറിയാമെങ്കില്‍ കഴിക്കും. അല്ലാതെ ഭക്ഷണം അന്വേഷിച്ച് പോകാറൊന്നുമില്ല,’ ഫഹദ് പറഞ്ഞു.
എന്നാല്‍, യാത്രകളില്‍ പരിചയപ്പെടുന്ന മനുഷ്യരുടെ ഓര്‍മകള്‍ കൂടെ കൊണ്ടുവരുന്നതാണ് തനിക്ക് ഏറ്റവും രസകരമായ കാര്യമെന്നും ഫഹദ് പറയുന്നു. ഇതിനുദാഹരണമായാണ് മൊറോക്കോ യാത്രയ്ക്കിടെയുണ്ടായ അനുഭവം താരം പങ്കുവെച്ചത്.
‘നമ്മള്‍ മീറ്റ് ചെയ്ത ഒരാളുടെ ഓര്‍മ നമുക്കൊപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും രസകരം. ഞങ്ങള്‍ മൊറോക്കയില്‍ പോയിരുന്നു. അവിടെ പത്തോളം ദിവസം താമസിച്ചു. ഞങ്ങളുടെ ഹോട്ടല്‍ അറേഞ്ച് ചെയ്തുതന്ന ഡ്രൈവറായിരുന്നു പത്ത് ദിവസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഞങ്ങളെ ഡെസര്‍ട്ടിലൊക്കെ കൊണ്ടുപോയി. ഞങ്ങള്‍ താമസിച്ചത് മര്‍ക്കേഷിലായിരുന്നു,’ ഫഹദ് പറഞ്ഞു.
പത്ത് ദിവസത്തെ യാത്രയ്ക്കിടെ തങ്ങളുമായി ഒസാമയ്ക്ക് വളരെ അടുപ്പം ഉണ്ടായിരുന്നുവെന്നാണ് മനസിലായതെന്നും ഫഹദ് പറയുന്നു. യാത്ര അവസാനിച്ച് മടങ്ങുമ്പോഴുണ്ടായ അനുഭവവും അദ്ദേഹം ഓര്‍ത്തെടുത്തു.
‘ഞങ്ങളുമായിട്ട് അവന്‍ ഭയങ്കര അറ്റാച്ച്ഡ് ആയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാരണം രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഞങ്ങള്‍ തിരിച്ചുപോരുമ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഞങ്ങളുടെ ബാഗേജുമായി ഞങ്ങളെ കൊണ്ടുവിട്ടു. ഞങ്ങള്‍ ഇമിഗ്രേഷനിലെത്തി തിരിഞ്ഞുനോക്കുമ്പോഴും അവന്‍ ഞങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണ്,’ ഫഹദ് പറഞ്ഞു.
എന്നാല്‍ പിന്നീട് നടന്ന ഒരു സംഭവമാണ് തന്നെ ഏറെ അസ്വസ്ഥനാക്കിയതെന്നും ഫഹദ് പറയുന്നു. മര്‍ക്കേഷില്‍ ശക്തമായ ഭൂകമ്പമുണ്ടായതിന് പിന്നാലെ ഒസാമ അയച്ച വോയ്സ് നോട്ടിനെ കുറിച്ചാണ് ഫഹദ് സംസാരിച്ചത്.
‘ അതിന് ശേഷം ഹാര്‍ട്ട്ബ്രേക്ക് ആയ ഒരു കാര്യമുണ്ടായി. മര്‍ക്കേഷില്‍ ഭയങ്കര ഭൂകമ്പം വന്നു. ഇതിന് ശേഷം അവന്റെ ഒരു വോയ്സ് നോട്ട് ഉണ്ടായിരുന്നു. എനിക്ക് അത് ഭയങ്കര ഡിസ്റ്റേര്‍ബിങ് ആയിരുന്നു. അവന്‍ ഓക്കെയായിരുന്നു. പക്ഷേ എല്ലാം പോയി എന്നൊക്കെ പറഞ്ഞു. ഒസാമ എന്നായിരുന്നു അവന്റെ പേര്,’ ഫഹദ് പറഞ്ഞു.
മൊറോക്കോയിലേക്ക് ഇനിയും പോകണമെന്നും ഒസാമയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി.
‘ഞങ്ങള്‍ക്ക് അവിടേക്ക് ഇനിയും അങ്ങോട്ട് പോകണമെന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും കണക്ഷനുണ്ട്. ഇടക്കാലത്ത് ഞാന്‍ സ്മാര്‍ട്ട്ഫോണ്‍ വിട്ടിരുന്നു. ആ സമയത്ത് ഇടയ്‌ക്കേ ടച്ച് ഉണ്ടായിരുന്നുള്ളൂ. സിനിമ റിലീസിന്റെ സമയത്തൊക്കെയാണ് പിന്നെ ഫോണ്‍ ഉപയോഗിക്കുക. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും ടച്ചുണ്ട്,’ ഫഹദ് പറഞ്ഞു.
Content Highlight: Even after we reached immigration, he kept looking at us; the voice note he sent later shook me: Fahadh Faasil