ബ്രസൽസ്: യു.എസ് വ്യാപാര കരാർ തിരികെ കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ. വീണ്ടും ഒരു ഭീഷണി ഉണ്ടായാൽ സ്വയം പ്രതിരോധിക്കുമെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു.
വ്യാഴാഴ്ച ബ്രസൽസിൽ നടന്ന അടിയന്തര ഉച്ചകോടിക്കായി ചേർന്ന യോഗത്തിലായിരുന്നു യൂറോപ്യൻ യൂണിയൻ ഇക്കാര്യം അറിയിച്ചത്.
എല്ലാ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തിയാൽ സ്വയം പ്രതിരോധിക്കുമെന്നും നടപടിയെടുക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഓഹരികളിൽ നിന്നും ബോണ്ടുകളിൽ നിന്നും യൂറോപ്പ് പിന്മാറിയാൽ പ്രതികാര നടപടിയുണ്ടാകുമെന്ന് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ അടിയന്തര യോഗം ചേർന്നത്.
ഉറച്ചുനിന്നതിലൂടെ തങ്ങൾ വിജയിച്ചെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. യൂറോപ്പിന് നേരെ ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് ഉയർത്തിയ ഭീഷണികൾ പിൻവലിച്ചതിനെ പരാമർശിച്ചുകൊണ്ടായിരുന്നു ഈ പ്രസ്താവന.
ട്രംപിന്റെ ചുവടുമാറ്റം നല്ല വാർത്തയാണെങ്കിലും യൂറോപ്പ് ജാഗ്രത പാലിക്കണമെന്ന് ഉച്ചകോടിയിൽ യൂറോപ്യൻ കമ്മീഷന്റെ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ 80 വർഷത്തെ നല്ല ബന്ധം ഉപേക്ഷിക്കാൻ യൂറോപ്പ് തയ്യാറല്ലെന്നും ഇതിനായി സമയം നിക്ഷേപിക്കാൻ തങ്ങൾ തയ്യാറാണെന്നും കല്ലാസ് കൂട്ടിച്ചേർത്തു.
കാര്യങ്ങൾ ശാന്തമായി വരികയാണെന്നും അതിനെ നമ്മൾ സ്വാഗതം ചെയ്യണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
തങ്ങൾ അങ്ങേയറ്റം ജാഗ്രത പാലിക്കുന്നെന്നും വീണ്ടും ഭീഷണികൾ നേരിടേണ്ടി വന്നാൽ കൈവശമുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്നും മാക്രോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യൂറോപ്യൻ യൂണിയൻ അതിന്റെ അംഗരാജ്യങ്ങളെയും പൗരന്മാരെയും കമ്പനികളെയും സംരക്ഷിക്കുമെന്ന് യൂറോപ്യൻ കൗൺസിൽ മേധാവി ആന്റണിയോ കോസ്റ്റ പറഞ്ഞു.
അമേരിക്കയുമായുള്ള ബന്ധം യൂറോപ്പിന് പ്രധാനമാണെന്നും അത് നിലനിർത്താൻ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെന്നും മറ്റു പല നേതാക്കളും പറഞ്ഞു.
ട്രംപ് പരിധി ലംഘിച്ചു കഴിഞ്ഞെന്നും അദ്ദേഹം അത് വീണ്ടും ചെയ്തേക്കാമെന്നും പഴയ അവസ്ഥയിലേക്ക് ഇനി ഒരു മടക്കമില്ലെന്നും യൂറോപ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. പല മേഖലകളിലും അമേരിക്കയെ അമിതമായി ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: European Union to bring back trade deal with US; will defend itself if threatened