| Saturday, 19th July 2025, 12:43 pm

റഷ്യന്‍ എണ്ണയ്ക്ക് ന്യായവില നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ഇ.യു; പേടിപ്പിക്കാന്‍ നോക്കേണ്ടന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: റഷ്യയെ എണ്ണ ഉപരോധത്തില്‍ കുരുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 65 ഡോളറാണെന്നിരിക്കെ റഷ്യന്‍ ക്രൂഡ് ഓയിലിന് ബരലിന് 47.60 ഡോളറായി വെട്ടിക്കുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.

നിരോധനം ലംഘിച്ച് റഷ്യന്‍ എണ്ണയ്ക്ക് അതിന് മുകളില്‍ വില നില്‍കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ഇ.യു ഉപരോധം ഏര്‍പ്പെടുത്തും. റഷ്യ-ഉക്രൈന്‍ യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് റഷ്യയേയും സുഹൃത്ത് രാജ്യങ്ങളേയും എണ്ണ വിലയില്‍ കുരുക്കി വരുതിയിലാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്.

മുമ്പ് റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 80 ഡോളര്‍ വിലയുള്ളപ്പോഴാണ് ഇ.യു അത് 60 ആക്കി നിശ്ചയിച്ചത്. എന്നാല്‍ 60 ഡോളര്‍ വലിയ രീതിയില്‍ റഷ്യയെ ബാധിച്ചില്ലെന്ന് മനസിലാക്കിയതോടെയാണ് ഇത് വീണ്ടും 47.60 ഡോളറായി കുറച്ചത്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി. റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫെറ്റിന് ഇന്ത്യന്‍ എണ്ണവിതരണക്കമ്പനിയായ നയാരയില്‍ 49 % പങ്കാളിത്തമുണ്ട്. അതിനാല്‍ നയാരയുടെ ഗുജറാത്തിലെ റിഫൈനറിയില്‍ നിന്നുള്ള എണ്ണയേയും ഉപരോധം ബാധിക്കും.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. ഇ.യുവിന്റെ നിലപാട് ഏകപക്ഷീയമാണെന്നും ഈ ഇരട്ടത്താപ്പ് ഇന്ത്യയോട് വേണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ജനങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. റോസ്‌നെഫ്റ്റിന്റെ കീഴിലുള്ള കമ്പനിക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഈ.യുവിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു രണ്‍ധീര്‍ ജയ്‌സ്വാള്‍.

നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഏകദേശം 40% എണ്ണയും റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനിയായ റിലയന്‍സ്, നയാരയുടെ സിംഹഭാഗ ഓഹരികളും ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പുറമെ ഇ.യുവില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുള്ള എണ്ണ കപ്പലുകള്‍ക്കും ഉപരോധം ബാധകമാണ്. ഇത്തരം കപ്പലുകള്‍ക്ക് ഒരു പരിധിയില്‍ കവിഞ്ഞ് എണ്ണ നീക്കം ചെയ്യാന്‍ അനുവാദമില്ല.

മറ്റനവധി നിയന്ത്രണങ്ങളും ഉപരോധങ്ങളും ഇ.യു റഷ്യക്ക്‌ മേല്‍ ചുമത്തിയിട്ടുണ്ട്. 2022ല്‍ പൊട്ടിത്തെറിയില്‍ തകര്‍ന്ന റഷ്യ-ജര്‍മനി നോര്‍ഡ് സ്ട്രീം ഗ്യാസ് പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണി നടത്താന്‍ റഷ്യയെ അനുവദിക്കില്ലെന്നും രാജ്യാന്തര പണമിടപാട് സംവിധാനമായ സ്വിഫ്റ്റ് ട്രാന്‍സ്ഫര്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് 22 റഷ്യന്‍ ബാങ്കുകളെ പുറത്താക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ റഷ്യയെ സഹായിച്ച രണ്ട് ചൈനീസ് ബാങ്കുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും .

യൂറോപ്യന്‍ യൂണിയന്റെ തീരുമാനം റഷ്യയെ പ്രതിസന്ധിയിലാക്കിയേക്കും. പണപ്പെരുപ്പം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഞെരുക്കുമ്പോഴാണ് പുതിയ നിയന്ത്രണങ്ങളും ഉപരോധങ്ങളും. യൂറോപ്യന്‍ യൂണിയന് പുറമെ അമേരിക്കയും റഷ്യയ്ക്ക്‌മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിതുവരെ പ്രാവര്‍ത്തികമായിട്ടില്ല.

Content Highlight: European Union impose  new restrictions and sanctions on Russian crude oils; India reacts

We use cookies to give you the best possible experience. Learn more