| Thursday, 29th January 2026, 10:45 pm

ഇറാന്റെ ഐ.ആര്‍.ജി.സിയെ 'തീവ്രവാദ സംഘടന'യായി മുദ്രകുത്തി യൂറോപ്യന്‍ യൂണിയന്‍

രാഗേന്ദു. പി.ആര്‍

ബ്രസല്‍സ്: ഇറാന്റെ പ്രത്യേക സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐ.ആര്‍.ജി.സി) ‘തീവ്രവാദ സംഘടന’യെന്ന് മുദ്രകുത്തി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് യൂണിയന്റെ പ്രഖ്യാപനം.

ഐ.ആര്‍.ജി.സിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതായി യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞ കാജ കല്ലാസ് അറിയിച്ചു.

‘അടിച്ചമര്‍ത്തലിന് മറുപടി നല്‍കാതെ പോകാനാവില്ല. നിലവില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുക എന്ന നിര്‍ണായക നടപടിയാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വരുന്ന സ്വന്തം പൗരന്മാരെ കൊല്ലുന്ന ഏതൊരു ഭരണകൂടവും സ്വന്തം നാശത്തിലേക്ക് നീങ്ങുകയാണ്,’ കാജ കല്ലാസ് എക്സില്‍ എഴുതി.

അതേസമയം ഐ.ആര്‍.ജി.സിയെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി. ഐ.ആര്‍.ജി.സിയെ തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ നടപടി യൂറോപ്യന്‍ യൂണിയന്റെ ഭാഗത്ത് നിന്നുണ്ടായ തന്ത്രപരമായ തെറ്റാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ തീരുമാനം നിരുത്തരവാദപരവും വെറുപ്പ് ഉളവാക്കുന്നുവെന്നുമാണ് ഐ.ആര്‍.ജി.സിയുടെ പ്രതികരണം.

അമേരിക്കയുടെയും ഇസ്രഈലിന്റെയും ആധിപത്യപരവും മനുഷ്യവിരുദ്ധവുമായ നയങ്ങളെ ചോദ്യം ചെയ്യാനാകാത്ത യൂണിയന്‍ യുക്തിരഹിതമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

1979ലെ വിപ്ലവത്തിന് ശേഷമാണ് ഇറാനില്‍ ഐ.ആര്‍.ജി.സി രൂപീകൃതമായത്. രാജ്യത്തെ സാമ്പത്തിക, സൈനിക മേഖലകളില്‍ വലിയ സ്വാധീനമുള്ള ഐ.ആര്‍.ജി.സിയാണ് ബാലിസ്റ്റിക് മിസൈല്‍, ആണവ പദ്ധതികളുടെയെല്ലാം ചുമതല വഹിക്കുന്നത്.

നേരത്തെ ഇറാനിലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍ ഏതാനും ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇനിയും ആണവകരാറിന് തയ്യാറായില്ലെങ്കില്‍ ഭീകരമായ ആക്രമണം നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം, തങ്ങളുടെ സൈന്യം എന്തിനും സജ്ജമാണെന്ന് അബ്ബാസ് അരാഗ്ചി ട്രംപിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

Content Highlight: European Union labels Iran’s IRGC a ‘terrorist organisation’

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more