ഗസ: ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഗസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍. ഞായറാഴ്ചയായിരുന്നു അക്രമം നടന്നത്.
‘മാധ്യമപ്രവർത്തകരെ ഉന്നം വെക്കുന്നത് തടയുന്നതിനായി ഈ കേസില്‍ നിയമങ്ങളനുസരിച്ച് വ്യക്തമായ തെളിവ് ആവശ്യമുണ്ട്,’ യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് കാജ കല്ലാസ് പറഞ്ഞു. പ്രദേശത്തേക്ക് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കല്ലാസ് ഇസ്രഈലിനോട് ആവശ്യപ്പെട്ടു.
ഗസയിലേക്കുള്ള സഹായ വിതരണം വര്‍ധിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ മാസം കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇത് ഭാഗികമായി മാത്രമേ നടപ്പാക്കിയിട്ടുള്ളു എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗസയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്സിന് എതിര്‍വശത്ത് മാധ്യമപ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്ന ടെന്റിന് നേരേയാണ് വെടിവെപ്പ് നടന്നത്.
അല്‍ ജസീറയുടെ ലേഖകനായ അനസ് അല്‍-ഷെരീഫ്, സഹ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്രീഖ്, ഫോട്ടോഗ്രാഫര്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
അല്‍ ജസീറയുടെ റിപ്പോര്‍ട്ടറായ അനസ് അല്‍-ഷെരീഫ് ഒരു ഹമാസ് പ്രവര്‍ത്തകനാണെന്ന് ഇസ്രഈല്‍ സൈന്യം ആരോപിച്ചിരുന്നു. ഷെരീഫ് പത്രപ്രവര്‍ത്തകനായി വേഷംമാറി തങ്ങള്‍ക്കെതിരെ സ്ഥിരമായി ഷെല്‍ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാറുണ്ടെന്നും ഇസ്രഈല്‍ ആരോപിച്ചിരുന്നു. പ്രസ് ബാഡ്ജ് ഭീകരതയ്ക്കുള്ള ഒരു കവചമല്ല എന്നും അല്‍ ജസീറ ഹമാസ് പ്രവര്‍ത്തകരെ റിപ്പോര്‍ട്ടിങ് ടീമുമായി സംയോജിപ്പിക്കാറുണ്ടെന്നും സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അക്രമണത്തെ അപലപിച്ച അല്‍ ജസീറ, ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ ആദ്യം മുതല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്ന തങ്ങളെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ മനപൂര്‍വമാണ് വെടിയുതിര്‍ത്തതെന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഗസയില്‍ ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ അല്‍ ജസീറ പ്രവര്‍ത്തകര്‍ സ്ഥിരമായി വാര്‍ത്തകള്‍ പുറംലോകത്തെ അറിയിച്ചിരുന്നു. ഒരു മാധ്യമസ്ഥാപനത്തിനെതിരെ ഇസ്രഈല്‍ ഇതുവരെ നടത്തിയ അക്രമങ്ങളില്‍ ഏറ്റവും വലുതാണ് ഞായറാഴ്ച നടന്നത്.
ഇസ്രഈല്‍- ഫലസ്തീന്‍ യുദ്ധം തുടങ്ങി രണ്ട് വര്‍ഷം ആകുമ്പോള്‍ ഇതുവരെയും 200ലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Content Highlight: European Union condemns killing of journalists in Gaza