| Thursday, 25th December 2025, 4:24 pm

വെസ്റ്റ് ബാങ്കിൽ നിയമവിരുദ്ധ ഇസ്രഈൽ കുടിയേറ്റ പദ്ധതിയെ അപലപിച്ച് 14 രാജ്യങ്ങൾ

ശ്രീലക്ഷ്മി എ.വി.

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിൽ ഇസ്രഈൽ നടത്തുന്ന പുതിയ നിയമവിരുദ്ധ കുടിയേറ്റങ്ങളെ അപലപിച്ച് യൂറോപ്യൻ രാജ്യങ്ങളും കാനഡയും.

ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇറ്റലി, ഐസ്‌ലാൻഡ്, അയർലൻഡ്, ജപ്പാൻ, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, സ്‌പെയിൻ, യുണൈറ്റഡ് കിങ്‌ഡം എന്നീ പതിനാല് രാജ്യങ്ങളാണ് ഇസ്രഈലിന്റെ നീക്കത്തെ അപലപിച്ചത്.

19 കുടിയേറ്റ കേന്ദ്രങ്ങൾക്കായിരുന്നു വെസ്റ്റ് ബാങ്കിൽ ഇസ്രഈൽ അംഗീകാരം നൽകിയത്.

ഇസ്രഈലിന്റെ ഇത്തരം ഏകപക്ഷീയമായ നടപടികൾ നിയമവിരുദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യങ്ങൾ പറഞ്ഞു.

ഇത് ഫലസ്തീനിലെ സമാധാന ശ്രമങ്ങളെയും പ്രാദേശിക സ്ഥിരതയെയും ദുർബലപ്പെടുത്തുമെന്നും രാജ്യങ്ങൾ കൂട്ടിച്ചേർത്തു. ഫലസ്തീനികളുടെ സ്വയം നിര്ണയാവകാശത്തിനായി തങ്ങൾ ദൃഢമായി പിന്തുണയ്ക്കുന്നുവെന്നും രാജ്യങ്ങൾ അറിയിച്ചു.

ഗസയിലേക്കുള്ള സമഗ്രപദ്ധതിയുടെ നടത്തിപ്പിനെ ഇത് ദോഷകരമായി ബാധിക്കുമെന്നും അവർ അറിയിച്ചു.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2334 അനുസരിച്ച് എല്ലാ കുടിയേറ്റ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഇസ്രഈലിനോട് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഈ തീരുമാനവും കുടിയേറ്റങ്ങളുടെ വിപുലീകരണവും പിൻവലിക്കണമെന്നും ഇസ്രഈലിനോട് അവർ ആവശ്യപ്പെട്ടു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾ തുടർച്ചയായ അക്രമങ്ങൾക്കിടയിലും വംശീയ ഭീഷണി നേരിടുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ, വെസ്റ്റ് ബാങ്കിൽ ഇസ്രഈലിന്റെ ആക്രമണത്തിൽ 1,102 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 11,000 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രഈൽ സൈന്യം ഏകദേശം 21,000 പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.

Content Highlight: 14 countries condemn illegal Israeli settlement plan in West Bank

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more