| Tuesday, 20th October 2026, 10:25 pm

യൂറോപ്യന്‍ പ്രക്ഷോഭങ്ങള്‍: 'അപകടകാരിയെന്ന് തോന്നിയാല്‍' 18 വയസിന് താഴെയുള്ളവരെ കസ്റ്റഡിയിലിടാന്‍ നീക്കവുമായി ഇറ്റലി; ക്യാമ്പുകള്‍ ഒഴിപ്പിച്ച് പോര്‍ച്ചുഗല്‍

റെന്വര്‍ പി

റോം: ഇറ്റലിയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അധികൃതര്‍ കനത്ത സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി യൂറോപ്യന്‍ മാധ്യമങ്ങള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇറ്റലി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും, അപകടകാരികളാണെന്ന് സംശയിക്കുന്ന 18 വയസില്‍ താഴെയുള്ളവരെ 12 മണിക്കൂര്‍ വരെ കസ്റ്റഡിയില്‍ വെക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നടപടികളെന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി അറിയിച്ചു. ഈ നടപടികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ആര്‍.ടി.എല്‍ റേഡിയോയോട് സംസാരിക്കവെയാണ് സാല്‍വിനി ഇക്കാര്യം വ്യക്തമാക്കിയത്. ഈ നടപടികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മന്ത്രിസഭാ യോഗം ചേരുമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ യോഗത്തിന് മുന്നോടിയായിട്ടായിരുന്നു സാല്‍വിനി ആര്‍.ടി.എല്‍ റേഡിയോക്ക് അഭിമുഖം നല്‍കിയത്. ‘യുവജനങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ വേഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നു,’ എന്ന് അദ്ദേഹം പറഞ്ഞു.

പൊതുസമാധാനത്തിന് ഭീഷണിയാകുമെന്ന് കരുതപ്പെടുന്ന ആളുകള്‍ ഒത്തുചേരുന്നത് നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ ഇറ്റലി സ്വീകരിക്കുമെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ വടക്കന്‍ ഇറ്റലിയിലെ വിവിധ നഗരങ്ങളില്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. ചിലര്‍ കടകള്‍ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തെക്കന്‍ ഇറ്റലിയില്‍, ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകരും ട്രക്ക് ഡ്രൈവര്‍മാരും തുറമുഖങ്ങളും ഹൈവേകളും ഉപരോധിച്ചിരുന്നു. മിലാന്‍ നഗരമധ്യത്തില്‍ വാരാന്ത്യത്തില്‍ 5,000-ത്തിലധികം ആളുകള്‍ ഒത്തുകൂടിയിരുന്നു. ഇവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം.

അതേസമയം യൂറോപ്പില്‍ പ്രക്ഷോഭം തുടരുന്ന മറ്റൊരു രാജ്യമായ പോര്‍ച്ചുഗലില്‍ ഭവനപ്രതിസന്ധിക്കെതിരെ പ്രതിഷേധിച്ചവരുടെ ക്യാമ്പുകള്‍ പോലീസ് ഒഴിപ്പിച്ചു. ലിസ്ബണിലും പോര്‍ട്ടോയിലുമാണ് ക്യാമ്പുകള്‍ ഒഴിപ്പിച്ചതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗലില്‍ ഭവനപ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ലിസ്ബണ്‍, പോര്‍ട്ടോ എന്നിവിടങ്ങളിലെ നഗര ചത്വരങ്ങളില്‍ പ്രതിഷേധക്കാര്‍ ക്യാമ്പുകള്‍ സ്ഥാപിച്ച് താമസിച്ചിരുന്നു. ഈ ക്യാമ്പുകളാണ് പൊലീസ് ഒഴിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 55 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ലിസ്ബണിലെ റോസിയോ ചത്വരത്തില്‍ ശനിയാഴ്ച മുതല്‍ പ്രതിഷേധക്കാര്‍ ഏകദേശം 200-ഓളം കൂടാരങ്ങള്‍ കെട്ടി സമരം നടത്തിവരികയായിരുന്നു. പോര്‍ട്ടോയിലെ ഡോം ജോവോ ഒന്നാമന്‍ ചത്വരത്തില്‍ കഴിഞ്ഞ പത്ത് ദിവസമായി പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നു.

അതേസമയം, ഇറ്റലിയും പോര്‍ച്ചുഗലും അടക്കമുള്ള രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ അക്രമങ്ങളെ അപലപിക്കുന്നതായി മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചു. അധികൃതര്‍ അമിത ബലപ്രയോ പ്രയോഗിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. അല്‍ബേനിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ എല്ലാവിധ അക്രമങ്ങളെയും അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷം കുറയ്ക്കാനും കൂടുതല്‍ അക്രമങ്ങള്‍ തടയാനും അദ്ദേഹം എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

Content Highlight: Europe: Italy and Portugal Protests Updates

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more