| Wednesday, 22nd April 2026, 10:41 am

LGBTQ പ്രചാരണങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനെന്ന പേരിലുള്ള ഹംഗേറിയന്‍ നിയമം റദ്ദാക്കണം; സുപ്രധാന വിധിയുമായി യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസ്സല്‍സ്: ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ എല്‍.ജി.ബി.ടി.ക്യു നിയമം യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്ന്  യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതി.

കുട്ടികളെ സംരക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവന്ന ഈ നിയമം വിവേചനപരമാണെന്നും മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഇത് റദ്ദാക്കാനും ഉത്തരവിട്ടു.

ഹംഗറിയില്‍ 16 വര്‍ഷം നീണ്ട ഓര്‍ബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റര്‍ മഗ്യാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഈ നിര്‍ണ്ണായക വിധി പുറത്തുവരുന്നത്.

യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതി ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയില്‍ ഹംഗേറിയന്‍ നിയമനിര്‍മ്മാണം പല തലങ്ങളില്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി.

എല്‍.ജി.ബി.ടി ക്യൂ വിരുദ്ധ നിയമം അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്നും മനുഷ്യാന്തസ്സ്, സമത്വം, ന്യൂനപക്ഷ അവകാശങ്ങള്‍ എന്നിവ ഉറപ്പുനല്‍കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 2-ന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലിംഗഭേദത്തിന്റെയോ ലൈംഗിക ആഭിമുഖ്യത്തിന്റെയോ അടിസ്ഥാനത്തില്‍ വ്യക്തികളെ വേര്‍തിരിക്കുകയും ‘സിസ്‌ജെന്‍ഡര്‍’ അല്ലാത്തവരെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

വിവരങ്ങള്‍ കൈമാറാനും സേവനങ്ങള്‍ നല്‍കാനും സ്വീകരിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തെ ഈ നിയമം തടയുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിവേചനപരമായ നിയമത്തെ ന്യായീകരിക്കാന്‍ ‘ദേശീയ സ്വത്വം’ എന്ന വാദം ഉന്നയിക്കാന്‍ ഹംഗറിക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ബഹുസ്വരത നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം നിയമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഈ വിധി പാലിക്കാനും നിയമം പിന്‍വലിക്കാനും ഹംഗറി ഇപ്പോള്‍ ബാധ്യസ്ഥരാണ്. ഇതില്‍ പരാജയപ്പെട്ടാല്‍ ഹംഗറിക്കെതിരെ കനത്ത സാമ്പത്തിക പിഴകള്‍ ചുമത്തുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഈ വിധിയെ ഒരു ‘നാഴികക്കല്ല്’ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിശേഷിപ്പിച്ചത്.

2021ലാണ് വിക്ടര്‍ ഓര്‍ബന്‍ സര്‍ക്കാര്‍ ഈ നിയമം പാസാക്കിയത്. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും, പിന്നീട് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്വവര്‍ഗരതിയോ ലിംഗമാറ്റമോ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്നത് നിരോധിച്ചുകൊണ്ട് നിയമം ഭേദഗതി ചെയ്തു.

ഇതിനെത്തുടര്‍ന്ന് വിദ്യാലയങ്ങളിലും മാധ്യമങ്ങളിലും എല്‍.ജി.ബി.ടി.ക്യു വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന പുസ്തകങ്ങള്‍, സിനിമകള്‍, നാടകങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വവര്‍ഗാനുരാഗത്തെ പീഡോഫീലിയയുമായി (കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം) തുലനം ചെയ്യുന്നു എന്നതായിരുന്നു ഈ നിയമത്തിനെതിരെയുള്ള പ്രധാന ആക്ഷേപം.

ഹംഗറിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിക്ടര്‍ ഓര്‍ബന്റെ ദീര്‍ഘകാല എതിരാളിയായ പീറ്റര്‍ മഗ്യാര്‍ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിധി വരുന്നത്. യൂറോപ്യന്‍ യൂണിയന്‍ അനുകൂല നിലപാടുള്ള മഗ്യാറിന് ഈ കോടതി വിധി ഒരു വലിയ പരീക്ഷണമായിരുന്നു.

ഓര്‍ബന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമലംഘനങ്ങള്‍ കാരണം ഹംഗറിക്ക് ലഭിക്കേണ്ട ഏകദേശം 18 ബില്യണ്‍ യൂറോ ($21 ബില്യണ്‍) യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചിരിക്കുകയാണ്. കോടതി വിധി അനുസരിച്ച് നിയമം പിന്‍വലിച്ചാല്‍ മാത്രമേ ഈ തുക രാജ്യത്തിന് ലഭ്യമാകൂ.

മഗ്യാര്‍ ഒരു യാഥാസ്ഥിതിക നേതാവായതിനാല്‍, നിയമം പിന്‍വലിക്കുന്നത് രാജ്യത്തെ യാഥാസ്ഥിതിക വോട്ടര്‍മാരെ പ്രകോപിപ്പിക്കുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍, ആരും സ്‌നേഹത്തിന്റെ പേരില്‍ കളങ്കപ്പെടാത്ത ഒരു രാജ്യം കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം തന്റെ വിജയപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ബുഡാപെസ്റ്റ് പ്രൈഡ് മാര്‍ച്ചിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, ഒരു ലക്ഷത്തോളം ആളുകള്‍ തെരുവിലിറങ്ങി അതിനെ പ്രതിരോധിച്ചിരുന്നു.

Content Highlight: EU court rules Hungary’s LGBTQ law violates human rights

We use cookies to give you the best possible experience. Learn more