ബ്രസല്‍സ്: വെസ്റ്റ്ബാങ്കില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഇസ്രഈല്‍ സൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) ശക്തമായി അപലപിച്ചതായി തുര്‍ക്കിയുടെ അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ അഞ്ചിനാണ് ഏഴ് മാസം പ്രായമുള്ള കുട്ടി ഇസ്രഈലി സൈനികന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തെ യൂറോപ്യന്‍ യൂണിയന് വേണ്ടി അപലപിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് അനോര്‍ എല്‍ അനോനി പറഞ്ഞതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു. ബ്രസല്‍സില്‍ യൂറോപ്യന്‍ കമ്മീഷന്റെ പ്രസ് ബ്രീഫിങ്ങിനിടെ അനഡോലുവിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അനോനി ഈ കാര്യം വ്യക്തമാക്കിയത്.
സംഭവത്തില്‍ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് ഇസ്രഈലിനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടതായും അനോനി പറഞ്ഞു. വെസ്റ്റ്ബാങ്ക് പ്രദേശത്ത് താമസിക്കുന്ന ഫലസ്തീനികളെ സംരക്ഷിക്കാനായി അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ഇസ്രഈലി സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
‘ഗസയിലും വെസ്റ്റ്ബാങ്കിലും നടക്കുന്ന അതിക്രമങ്ങളുടെ തോത് അംഗീകരിക്കാനാവത്തതാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ച് സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പാക്കണം,’ അനോനി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കുട്ടിയും മാതാപിതാക്കളും യാത്ര ചെയ്തിരുന്ന വാഹനത്തിന് നേര്‍ക്ക് ഇസ്രഈലി സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്റെ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏഴ് മാസം പ്രായമുള്ള സാം ഫഹ്ദ് അബു ഹൈക്കല്‍ ആണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മുഖത്താണ് ഇസ്രഈല്‍ സൈന്യം വെടിവച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ആക്രമണത്തില്‍ കുഞ്ഞിന്റെ മാതാവിനും വെടിയേറ്റിരുന്നു. വെടിയുണ്ട കുഞ്ഞിന്റെ മുഖം തുളച്ച് പോയതായി കുഞ്ഞിന്റെ പിതാവും ബെത്ലഹേം യൂണിവേഴ്സിറ്റി ലെക്ചററുമായ ഫഹദ് അബു ഹൈക്കലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘വെടിയുണ്ട കുഞ്ഞിന്റെ മുഖത്തിന്റെ വലത് വശത്തുകൂടെ തുളച്ചുകയറി ഇടത് വശത്തുകൂടെ പുറത്ത് വന്നു. തുടര്‍ന്ന് ആ വെടിയുണ്ട കുട്ടിയുടെ അമ്മയുടെ മേല്‍ തുളച്ചുകയറി,’ എന്നാണ് ആക്രമണത്തെക്കുറിച്ച് ഫഹദ് അബു ഹൈക്കല്‍ അന്ന് പറഞ്ഞത്.
പിന്നീട് കുഞ്ഞ് സഞ്ചരിച്ച കാറിന് നേര്‍ക്ക് ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സന്നദ്ധ സംഘടനയായ ബെത്‌സലേം പുറത്ത് വിട്ടിരുന്നു. കാര്‍ നിര്‍ത്താനായി വേഗം കുറച്ച ശേഷം സൈനികന്‍ വെടിയുതിര്‍ക്കുന്നതായി വീഡിയോയില്‍ കാണാം.
കാര്‍ നിര്‍ത്താനാവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാലാണ് വെടിവച്ചതെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം തെറ്റെന്ന് തെളിയിക്കുന്നതാണ് ബെത്‌സലേം പുറത്തുവിട്ട വീഡിയോ.
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് ജെറുസലേമിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റ് അഭിപ്രായപ്പെട്ടിരുന്നു. ‘സാം ഫഹദ് അബു ഹൈക്കലിന്റെ മരണം നടുക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണ്. സിവിലിയന്‍മാരുടെ ജീവന്‍ സംരക്ഷിക്കപ്പെടേണ്ടത്ണ്. സംഭവത്തില്‍ പെട്ടെന്ന് തന്നെ സുതാര്യമായ അന്വേഷണം ആരംഭിക്കാന്‍ ആവശ്യപ്പെടുന്നു,’ എന്ന് ജൂണ്‍ 5ന് കോണ്‍സുലേറ്റ് എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.
2023ല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം വെസ്റ്റ്ബാങ്കിലും ഈസ്റ്റ് ജെറുസലേമിലുമായി ഇതുവരെ 1000ലധികം ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം യു.എന്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടവരില്‍ 240 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.
വെസ്റ്റ്ബാങ്കില്‍ വംശീയ ഉന്മൂലനത്തിനായി ഇസ്രഈല്‍ വ്യവസ്ഥാപിതമായി ശ്രമം നടത്തുന്നുവെന്ന ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി വെസ്റ്റ്ബാങ്കില്‍ ഇസ്രഈലിന്റെ അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന് അതിക്രമങ്ങള്‍ ഈ വ്യവസ്ഥാപിതമായ വംശീയ ഉന്മൂലന നീക്കത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Content highlight: EU condemns killing of 7 month old Palestinian infant- Report