| Friday, 6th November 2026, 8:42 pm

ഇ-20 അല്ല ഇ-31; എണ്ണക്കമ്പനികള്‍ പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്നതായി കര്‍ണാടക സര്‍ക്കാര്‍

റെന്വര്‍ പി

ബെംഗളൂരു: സംസ്ഥാനത്ത് വില്‍ക്കുന്ന പെട്രോളില്‍ എണ്ണക്കമ്പനികള്‍ കലര്‍ത്തുന്നത് 31 ശതമാനം വരെ എഥനോളെന്ന് പരിശോധനാ ഫലത്തില്‍ കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇ-20യുടെ 20 ശതമാനം എന്ന അനുവദനീയമായ പരിധിയിലും 11 ശതമാനം വരെ കൂടുതലാണ് എണ്ണക്കമ്പനികള്‍ കലര്‍ത്തുന്നതെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നതായി കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി റിസ്വാന്‍ അര്‍ഷാദ് അറിയിച്ചു.

കര്‍ണാടക അധികൃതര്‍ അടുത്തിടെ 63 പെട്രോള്‍ സാമ്പിളുകള്‍ സ്വതന്ത്ര സ്വകാര്യ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ഏഴ് ജില്ലകളില്‍ പെട്രോളിലെ എഥനോളിന്റെ അളവ് നിയമപരമായ പരിധിയായ 20 ശതമാനത്തില്‍ കൂടുതലാണെന്ന് കണ്ടെത്തി.

എഥനോളിന്റെ അളവ് കണ്ടെത്താന്‍ കര്‍ണാടകയിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധനകള്‍ ആരംഭിച്ചിരുന്നു. എണ്ണക്കമ്പനികള്‍ സ്വന്തം നിലക്ക് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ എഥനോളിന്റെ അളവ് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഈ നടപടി. ഈ പരിശോധനകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ഓയല്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ ലബോറട്ടറികളിലാണ് ആദ്യ ഘട്ടത്തില്‍ സാമ്പിളുകള്‍ പരിശോധിച്ചത്. എന്നാല്‍, ഈ കമ്പനികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എഥനോളിന്റെ കൃത്യമായ ശതമാനം വെളിപ്പെടുത്തിയിരുന്നില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് സര്‍ക്കാര്‍ വകുപ്പുകള്‍ സാംപിളുകള്‍ ശേഖരിച്ച് സ്വകാര്യ ലാബില്‍ പരിശോധിക്കുകയായിരുന്നു.

ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, ചിക്കബല്ലാപുര, കോലാര്‍, തുമകുരു, രാമനഗര, ദക്ഷിണ കന്നഡ എന്നീ ഏഴ് ജില്ലകളിലായി ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഷെല്‍, നയര എന്നീ എണ്ണക്കമ്പനികുളുടെ 63 പെട്രോള്‍ പമ്പുകളില്‍ നിന്നാണ് പെട്രോള്‍ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.

ബെംഗളൂരുവിലെ ‘ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ പരിശോധനകള്‍ നടത്തി്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസില്‍ (എന്‍.എ.ബി.എല്‍) നിന്നുള്ള അംഗീകാരവും ഈ സ്ഥാപനത്തിനുള്ളതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

എഥനോളിന്റെ അളവ് 13.5 ശതമാനം മുതല്‍ 31.2 ശതമാനം വരെയാണെന്ന് ഈ സാമ്പിളുകളിലെന്ന് പരിശാധനയില്‍ കണ്ടെത്തി. ഇന്ത്യന്‍ ഓയില്‍ സാമ്പിളുകളില്‍ 31.2 ശതമാനം വരെയും, എച്ച്.പിയില്‍ നിന്നുള്ളവയില്‍ 30.5 ശതമാനം വരെയും, ഭാരത് പെട്രോളിയത്തില്‍ നിന്നുള്ളവയില്‍ 26.5 ശതമാനം വരെയും എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. നയാരയുടെ സാമ്പിളുകളില്‍ 26.1 ശതമാനം വരെയും, ഷെല്ലിന്റെ സാമ്പിളുകളില്‍ 25.5 ശതമാനം വരെയും എഥനോള്‍ ഉണ്ടായിരുന്നു.

മറ്റ് സാമ്പിളുകളില്‍ എഥനോളിന്റെ അളവ് 20 ശതമാനത്തോട് അടുത്തോ അതില്‍ കുറവോ ആയിരുന്നു. ഒരു നയര സാമ്പിളില്‍ 20.6 ശതമാനവും, ഒരു ബി.പി.സി.എല്‍ സാമ്പിളില്‍ 19.9 ശതമാനവും, മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് (എം.ആര്‍.പി.എള്‍) സാമ്പിളില്‍ 19.2 ശതമാനവും, ഷെല്‍ സാമ്പിളില്‍ 13.5 ശതമാനവും എഥനോള്‍ കണ്ടെത്തി.

എണ്ണ വിപണന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൂടാതെ, എല്ലാ ഇന്ധന സ്റ്റേഷനുകളിലും പെട്രോളില്‍ ചേര്‍ത്തിരിക്കുന്ന എത്തനോളിന്റെ കൃത്യമായ ശതമാനം ഇന്ധനം നിറയ്ക്കുന്ന യന്ത്രങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു ‘ഇ-20 നഷ്ടപരിഹാര ഫണ്ട്’ രൂപീകരിക്കാനും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇ10 പെട്രോള്‍ വാങ്ങാനുള്ള സൗകര്യം വാഹന ഉടമകള്‍ക്ക് നല്‍കണമെന്നും മന്ത്രി റിസ്വാന്‍ അര്‍ഷാദ് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നിരത്തുകളിലുള്ള മിക്ക വാഹനങ്ങളും 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കാന്‍ പാകത്തിലല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2023 ഏപ്രിലിന് ശേഷം നിര്‍മ്മിച്ച വാഹനങ്ങള്‍ക്ക് ഇ-20 വരെയാണ് പരിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിതമായ തോതില്‍ എഥനോള്‍ കലര്‍ത്തുന്നത് വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇന്ധനക്ഷമത കുറയുന്നതിനൊപ്പം, ഫ്യൂവല്‍ ഫില്‍ട്ടറുകള്‍, പമ്പുകള്‍, ഇന്‍ജക്ടറുകള്‍, ഹോസുകള്‍, റബ്ബര്‍ സീലുകള്‍ തുടങ്ങിയ വാഹന ഭാഗങ്ങള്‍ വേഗത്തില്‍ കേടുവരുന്നതിലൂടെ അറ്റകുറ്റപ്പണി ചെലവ് വര്‍ദ്ധിക്കാനും ഇത് കാരണമാകുമെന്നാണ് കണക്കാക്കുന്നത്.

Content Highlight: Ethanol Blending In Karnataka Petrol Samples Reaches 31.2%-Minister Rizwan Arshad Seeks Centre’s Intervention

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more