| Sunday, 12th April 2026, 10:19 pm

 'ഉലകനായകന്‍' ആയതുകൊണ്ട് എനിക്ക് പേടിയായിരുന്നു: കമല്‍ സാറിന്റെ അഭിനയം നേരിട്ട് കാണാന്‍ കഴിഞ്ഞത് ഭാഗ്യം: എസ്തര്‍ അനില്‍

ഐറിന്‍ മരിയ ആന്റണി

ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച എസ്തര്‍, ദൃശ്യത്തിലൂടെയാണ് ഇന്ത്യയൊട്ടാകെ പോപ്പുലറായത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരം ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമല്‍ഹാസന്റെ മകളായും അഭിനയിച്ചു. ജീത്തു ജോസഫിന്റെ സിനിമയില്‍ ഭാഗമായ എസ്തര്‍ ഷാജി എന്‍. കരുണ്‍, ടി.വി. ചന്ദ്രന്‍ തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗം റിലീസിന് തയ്യാറെടുക്കുമ്പോള്‍ സിനിമയെ കുറിച്ച് എസ്തര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദൃശ്യം എന്ന സിനിമ കൊണ്ട് തമിഴിലും തെലുങ്കിലും നല്ല തുടക്കം കിട്ടിയെന്നും നല്ല പ്രൊഡക്ഷന്‍ ഹൗസുകളുടെയും വലിയ ആക്ടേഴ്‌സിന്റെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ പ്രിവിലേജ് ആണെന്നും താരം പറഞ്ഞു.

‘ഇന്നും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ദൃശ്യത്തിലെയും പാപനാശത്തിലെയും അനുമോള്‍ ആയിട്ടാണ്. പാപനാശത്തില്‍ കമല്‍ഹാസന്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് വലിയൊരു അനുഭവമായിരുന്നു. അദ്ദേഹം ‘ഉലകനായകന്‍’ ആയതുകൊണ്ട് എനിക്ക് ആദ്യം പേടിയായിരുന്നു. പക്ഷേ, സെറ്റില്‍ തമാശ പറയുകയും പാട്ട് പാടുകയുമൊക്കെ ചെയ്യുന്ന ലാളിത്യമുള്ള ആളാണ്.

ദിവസം ചെല്ലുന്തോറും ആ സ്റ്റാര്‍ ഇമേജ് പതിയെ മാറി വന്നു. എത്ര വലിയ സൂപ്പര്‍ സ്റ്റാര്‍ ആയാലും ലാളിത്യത്തോടെ എങ്ങനെ മറ്റുള്ളവരോടൊപ്പം വര്‍ക്ക് ചെയ്യാം എന്ന് പഠിപ്പിച്ചുതന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കാണാന്‍ പറ്റിയതും വലിയൊരു കാര്യമാണ്,’ എസ്തര്‍ പറഞ്ഞു.

ജയവും പരാജയവും സിനിമാമേഖലയുടെ ഭാഗമാണെന്നാണ് താന്‍ മനസിലാക്കിയതെന്നും ദൃശ്യംപോലെ ഒരു വലിയ വിജയം എപ്പോഴും ലഭിക്കില്ലെന്നും നടി പറഞ്ഞു. ഒരോ സിനിമയും ദൃശ്യവുമായി താരതമ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണെന്നും എന്നാല്‍ വിജയം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ നമ്മുടെ ജോലി നന്നായി ചെയ്യുക എന്നതു മാത്രമാണ് പ്രധാനമെന്നും എസ്തര്‍ പറഞ്ഞു.

മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം മെയ് 21നാണ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 2ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് മാറ്റിയത്.

Content Highlight: Esther talks about her experience acting with Kamal Haasan in the Tamil version of Drishyam

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more