നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായ അനുമോളായി വേഷമിട്ടതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു. വലിയ രീതിയില്‍ ഹിറ്റായ ചിത്രം അതിന്റെ മൂന്നാം ഭാഗത്തിലെത്തി നില്‍ക്കുമ്പോള്‍ ചിത്രത്തിനൊപ്പം പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുകയാണ് എസ്തര്‍.
ഏഴ് ദിവത്തിനകം ഇരുനൂറ് കോടി ക്ലബ്ബില്‍ ഇടം നേടിക്കൊണ്ട് സമാനതകളില്ലാത്ത കുതിപ്പാണ് ദൃശ്യം 3 തിയേറ്ററുകളില്‍ നടത്തി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനടിയില്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള മഞ്ജു വാര്യരെ കുറിച്ച് എസ്തര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ദൃശ്യം 3. Photo: X.com
അടുത്തിടെ മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ കാണാന്‍ എസ്തറിനെ പോലെയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം വലിയ രീതിയില്‍ വൈറലായത്. ചിത്രത്തിന് കമന്റുമായി എസ്തറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മീഡിയ വണ്‍ ഷോമാളിന് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെ കുറിച്ച് എസ്തര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘മഞ്ജു ചേച്ചിയിട്ട ഫോട്ടോ ഞാനും കണ്ടിരുന്നു. എല്ലായിപ്പോഴും ചെയ്യാറുള്ള പോലെ ഞാന്‍ ആ ഫോട്ടോ ലൈക്ക് ചെയ്യുകയും ചെയ്തു. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. പലപ്പോഴും ആളുകള്‍ എന്നെ കാണാന്‍ നമിത പ്രമോദിനെ പോലെയുണ്ടെന്ന് പറയാറുണ്ട്. അപ്പോഴൊന്നും എനിക്കങ്ങനെ ഫീല്‍ ചെയ്തിട്ടില്ല. പക്ഷേ ഈ ഫോട്ടോ ലൈക്ക് ചെയ്ത് കഴിഞ്ഞ് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ ഫ്രണ്ട്‌സിന്റെ മെസേജെല്ലാം നിന്നെ കാണാന്‍ മഞ്ജു ചേച്ചിയെ പോലെയുണ്ടെന്നായിരുന്നു. കമന്റ് സെക്ഷന്‍ എടുത്ത് നോക്കിയപ്പോള്‍ അതില്‍ മുഴുവനും ഇതായിരുന്നു.
എസ്തര്‍ അനില്‍ കുടുംബത്തോടൊപ്പം. Photo: ABP Desam
അത് കണ്ടപ്പോള്‍ എനിക്ക് മനസിലായി ഇത് ഇവര്‍ക്ക് മാത്രം തോന്നിയതല്ലെന്ന്. എന്നാലും എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് കണ്‍വിന്‍സ് ആകുന്നില്ല. ഞാനും മഞ്ജു ചേച്ചിയും ജാക്ക് ആന്‍ഡ് ജില്‍ എന്ന ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിബ്ലിങ്‌സ് ആയിട്ടല്ലെങ്കിലും എന്റെ ഒരു ചേച്ചിയെ പോലുള്ള റോളായിരുന്നു. ഈ കാര്യത്തില്‍ എന്നെക്കാള്‍ ഹാപ്പിയായത് എന്റെ അമ്മയാണ്. കാരണം എന്റെ അമ്മയുടെ പേര് മഞ്ജു എന്നാണ് മാത്രമല്ല മഞ്ജു വാര്യര്‍ സിനിമ തുടങ്ങിയ സമയത്ത് എല്ലാവരും പറയുമായിരുന്നു എന്റെ അമ്മയെ കാണാന്‍ മഞ്ജു വാര്യരെ പോലെയുണ്ടെന്ന്. ഞാന്‍ വലുതായി കഴിഞ്ഞപ്പോള്‍ ഇപ്പോഴുള്ള മഞ്ജു വാര്യര്‍ എന്നെ പോലെയുണ്ടെന്ന് പറയുന്നത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി,’ എസ്തര്‍ അനില്‍ പറഞ്ഞു.
Content Highlight: Esther Anil talks about her mother and viral photograph of Manju warrier