| Thursday, 14th May 2026, 8:48 am

ഇതൊന്നുമല്ല ലാലേട്ടന്റെ മകന്‍, ഞാന്‍ വിശ്വസിക്കില്ല; പ്രണവ് മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ച് എസ്തര്‍ അനില്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളര്‍ന്ന താരം, ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ റീമേക്കായി തമിഴില്‍ പുറത്തിറങ്ങിയ പാപാനാശത്തിലും താരം തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കമല്‍ഹാസനെ നായകനാക്കി തമിഴിലും ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു.

2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടാറായി പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാള്‍ മോഹന്‍ലാലിന്റെ മകനും ഇന്ന് മലയാളത്തിലെ മുന്‍നിര അഭിനേതാക്കളിലൊരാളുമായ പ്രണവ് മോഹന്‍ലാലായിരുന്നു. സെറ്റില്‍ വെച്ച് താരവുമായുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് എസ്തര്‍ അനില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

പാപനാശം. Photo: Sun NXT

‘അദ്ദേഹത്തിനൊപ്പം ഫണ്ണായിരുന്നു. സെറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു അദ്ദേഹം വര്‍ക്ക് ചെയ്തത്. ക്ലാപ്പ് ബോര്‍ഡ് എഴുതുകയും അടിക്കുകയും ചെയ്യുന്ന ജോലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കേരളത്തിലാണ് ഷൂട്ട് ചെയ്യുന്നതെങ്കിലും തമിഴ് ക്രൂവായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. മോഹന്‍ലാലിന്റെ മകന്‍ സെറ്റിലുണ്ടെന്ന് അവര്‍ എങ്ങനെയോ കേട്ടു. അവരെല്ലാവരും അദ്ദേഹത്തെ കാണാന്‍ വേണ്ടി വളരെയധികം എക്‌സൈറ്റഡായി.

പ്രണവെന്നാണ് പേരെന്നെല്ലാം അവര്‍ കണ്ടുപിടിച്ചു. അങ്ങനെ ഒരു കൂട്ടം തമിഴ് ടെക്‌നീഷ്യന്മാര്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി പോകുകയാണ്. എന്ത് ചെയ്തിട്ടും കാണുന്നില്ല. അങ്ങനെ അവിടെയുള്ള ചേട്ടനോട് ചോദിച്ചപ്പോള്‍ നിലത്തേക്ക് ചൂണ്ടിക്കാണിച്ചിട്ട് ഈ ഇരിക്കുന്നതാണെന്ന് പറഞ്ഞു. മുടി ഒക്കെ നീട്ടി നിലത്തിരിക്കുന്നുണ്ടായിരുന്നു. ഒരു കീറിയ ഷര്‍ട്ടാണിട്ടേക്കുന്നത്. ലാലേട്ടന്റെ പഴയ ഷര്‍ട്ടെന്തോ ആണ്. മിക്ക ദിവസങ്ങളിലും അതാണ് ഇടാറുള്ളതും. നീളമുള്ളതുകൊണ്ട് അതിന്റെ അറ്റമെല്ലാം കീറിയിട്ടുണ്ട്. പക്ഷേ ഇതാണ് മോഹന്‍ലാലിന്റെ മകനെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്ത് പറഞ്ഞിട്ടും അവര്‍ ആക്‌സെപ്റ്റ് ചെയ്യുന്നില്ല. ഇതൊന്നും ആയിരിക്കില്ല എന്നാണ് അവര്‍ പറഞ്ഞത്.

പ്രണവ് മോഹന്‍ലാല്‍. Photo: The Hindu

കാരണം അവര്‍ പ്രതീക്ഷിക്കുന്നത് ടിപ്‌ടോപ്പില്‍ നടക്കുന്ന ഒരാളെയാണ്. അന്ന് ലാലേട്ടന്‍ അദ്ദേഹത്തിന് ജാഗ്വാറിന്റെ കാറെല്ലാം കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷേ അത് ഓടിച്ചു കൊണ്ട് നടന്നത് ജീത്തു അങ്കിളാണ്. അപ്പുവേട്ടന്‍ (പ്രണവ്) ട്രാവലറിലെല്ലാം പോകുന്നത് കാണാമായിരുന്നു,’ എസ്തര്‍ പറഞ്ഞു.

Content Highlight: Esther Anil talks about Her experience with Pranav Mohanlal in Papanasam set

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more