| Monday, 1st June 2026, 12:26 pm

പണ്ടത്തെ പോലെ നിസഹായനല്ല ഇപ്പോള്‍ ജോര്‍ജ്കുട്ടി, പണം അയാളെ ഒരുപാട് മാറ്റിയിട്ടുണ്ട്: എസ്തര്‍ അനില്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ ഗതി മാറ്റി മറിച്ച ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രം അതിന്റെ മൂന്നാം ഭാഗത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍. ജോര്‍ജ്കുട്ടിയെന്ന നാലാം ക്ലാസുകാരന്റെ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെത്തുമ്പോള്‍ നടക്കുന്ന സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിയിരുന്നു ജോര്‍ജ്കുട്ടിയായി വേഷമിട്ടത്.

മോഹന്‍ലാലിനൊപ്പം എസ്തര്‍ അനില്‍, മീന, അന്‍സിബ ഹസന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയപ്പോള്‍ ഒരു കുടുംബത്തിനുള്ളില്‍ നടക്കുന്ന മാനസിക സംഘര്‍ഷങ്ങളും അതിജീവനവും കൃത്യമായി തന്നെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ദൃശ്യത്തിന് സാധിച്ചിരുന്നു. ചിത്രത്തില്‍ അനുമോള്‍ എന്ന മോഹന്‍ലാലിന്റെ ഇളയമകളുടെ വേഷം കൈകാര്യം ചെയ്ത എസ്തര്‍ അനില്‍, ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തിന് ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളിലമായുണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ദ ഷോസ്‌കേപ്പ് ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്തര്‍.

ദൃശ്യം. Photo: IMDB

‘ജോര്‍ജ്കുട്ടി പഴയപോലെ സാധാരണക്കാരനായി ഒരു കേബിള്‍ ഓപ്പറേറ്ററായി തന്നെ തുടരുകയാണെങ്കില്‍ നാട്ടുകാര്‍ക്കും ഇത്രയും പ്രശ്‌നം വരില്ലായിരുന്നു. ഇപ്പോള്‍ അയാള്‍ സമ്പന്നനായി. പണ്ട് പാവം ഒരു മനുഷ്യനായിരുന്നു. മൂന്നാം ഭാഗത്തിലേക്കെത്തിയപ്പോള്‍ അയാള്‍ കൂടുതല്‍ സമ്പന്നനായി. അദ്ദേഹത്തിന്റെ ക്യാരക്ടറിലും ആ മാറ്റമുണ്ട്. എനിക്ക് വേണമെങ്കില്‍ ഏതറ്റം വരെയും പോകാം എന്ന ധാരണ ഇപ്പോള്‍ അയാള്‍ക്കുണ്ട്.

ആദ്യവും ഏതറ്റം വരെയും പോകുമായിരുന്നു. പക്ഷേ ഇപ്പോള്‍ പണത്തിന്റെ കൂടെ വന്ന പവറും അയാള്‍ക്കൊപ്പമുണ്ട്. അധികാരത്തിലുളള ആളുകളെ വേണമെങ്കില്‍ സ്വാധീനിക്കാം, സഹായം ചോദിക്കാം, എന്ന അവസ്ഥയിലേക്ക് ജോര്‍ജ് കുട്ടി എത്തിയിട്ടുണ്ട്. പണ്ടത്തെ പോലെ നിസഹായനായ അവസ്ഥയല്ല ഇപ്പോഴുള്ളത്. അതിന് പണവും പണത്തില്‍ നിന്നും വന്നിട്ടുള്ള പവറും ഹെല്‍പ് ചെയ്തിട്ടുണ്ട്,’ എസ്തര്‍ പറഞ്ഞു.

ദൃശ്യം 3. Photo: District

ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കാണ് മൂന്നാം ഭാഗത്തില്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു. ഇതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിക്കൊണ്ടായിരുന്നു ദൃശ്യം 3 തിയേറ്ററുകളിലേക്കെത്തിയത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നിട്ട് കൂടി ചിത്രം 200 കോടിയും പിന്നിട്ട് മുന്നേറുകയാണ്.

Content Highlight: Esther Anil talks about changes happened to Georgekutty In Drishyam 3 Played by Mohanlal after he became Rich

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more