മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ വീണ്ടും ജോർജ്‌കുട്ടിയായി എത്തിയ ചിത്രം റിലീസിന് പിന്നാലെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനമാണ് തുടരുന്നത്.
ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം തിയേറ്ററിൽ നിന്നും മോഹൻലാൽ വികാരഭരിതനായി കണ്ണ് തുടയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എസ്തർ അനിൽ, Photo: YouTube/ Screengrab
നിരവധി ആരാധകരും സിനിമാപ്രേമികളും അത് വിജയത്തിന്റെ സന്തോഷത്തിൽ താരം കരഞ്ഞതാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിൽ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തർ അനിൽ.
ദി ഷോസ്‌കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും പ്രീമിയർ ഷോയ്ക്ക് ശേഷമുള്ള നിമിഷങ്ങളെ കുറിച്ചും സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ലാൽ അങ്കിളിന്റെ പെർഫോമൻസ് എന്ന് പറയുന്നത് ആരെയും കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന തരത്തിലുള്ളതാണ്. സിനിമയുമായി നമുക്കും ഒരു ബന്ധമുണ്ടാകുമ്പോൾ വികാരാധീനരാകുന്നത് സ്വാഭാവികമാണ്.
സിനിമ കണ്ടുകഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു. കാരണം ചിത്രം ആളുകൾ ഏറ്റെടുത്തുവെന്നും ഇഷ്ടപ്പെട്ടുവെന്നും എനിക്ക് ഒരു വിശ്വാസം വന്നിരുന്നു. ആ സന്തോഷവും വികാരവുമാണ് എന്നെ കരയിച്ചത്,’ എസ്തർ പറഞ്ഞു.
അതേസമയം മോഹൻലാൽ കരഞ്ഞുവെന്ന പ്രചാരണത്തെ കുറിച്ച് വ്യക്തമായ അഭിപ്രായം പറയാൻ തനിക്ക് കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ‘ഇത് പറഞ്ഞാൽ തെറ്റാണോ ശരിയാണോ എന്നറിയില്ല.
പക്ഷേ ലാൽ അങ്കിൾ കരഞ്ഞതല്ല, വിയർപ്പു തുടച്ചതാണെന്നാണ് എനിക്ക് അന്ന് തോന്നിയത്. അതിന്റെ യഥാർത്ഥ കാരണം അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ടി വരും. കാരണം ഞാൻ അടുത്തിരുന്നപ്പോഴും ഞങ്ങൾ തമ്മിൽ തമാശകൾ പറഞ്ഞും കളിയാക്കിയും ഇരിക്കുകയായിരുന്നു,’ എന്നാണ് എസ്തർ പറഞ്ഞത്.
മോഹൻലാലിന്റെ വ്യക്തിത്വത്തെ കുറിച്ചും എസ്തർ അഭിമുഖത്തിൽ സംസാരിച്ചു. ‘അദ്ദേഹം ഒരിക്കലും വളരെ ലൗഡായി പെരുമാറുന്ന ആളല്ല. ചുറ്റുമുള്ളതെല്ലാം ശ്രദ്ധിച്ച് നിരീക്ഷിക്കുന്ന വ്യക്തിയാണ്. എന്റെ കണ്ണ് നിറഞ്ഞത് സത്യമാണ്, കാരണം അത് എന്റെ അനുഭവമായിരുന്നു. എന്നാൽ ലാൽ അങ്കിളിന്റെ മനസിൽ എന്തായിരുന്നു എന്ന് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല,’ എന്നും താരം വ്യക്തമാക്കി.
Content Highlight: Esther anil talk about Mohanlal