മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളിലൂടെയും ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെ ബുദ്ധിയും നിരീക്ഷണ ശേഷിയും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിൽ എന്തൊക്കെയാകും സംഭവിക്കുക എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിലുടനീളം നടക്കുന്നത്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയപ്പോൾ, ജോർജ്‌കുട്ടിയുടെ ഇളയമകളായി എത്തിയ എസ്തർ അനിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
എസ്തർ , Photo: Esther Anil / Facebook
സിനിമയിലെ അച്ഛൻ-മകൾ ബന്ധം പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും മോഹൻലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച് എസ്തർ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മോഹൻലാലിന്റെ അറിവിനെയും സ്വഭാവത്തെയും കുറിച്ച് എസ്തർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്.
എല്ലാ കാര്യങ്ങളും അറിയാനുള്ള ആകാംക്ഷ മോഹൻലാലിനുണ്ടെന്നും, വെറും രണ്ട് വർഷം മാത്രമാണ് മെഡിസിൻ പഠിച്ചതെങ്കിലും ആ മേഖലയെ കുറിച്ച് അദ്ദേഹത്തിന് നല്ല അറിവുണ്ടെന്നും എസ്തർ പറഞ്ഞു.
‘മോഹൻലാൽ അങ്കിൾ ഭയങ്കര ക്യൂരിയസ് ആണ്. നമ്മൾ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഏത് അനിമലിനാണ് മൂന്ന് ഹാർട്ട് ഉള്ളത് എന്നൊക്കെ ചോദിക്കും.
ദൃശ്യം, Photo: IMDb
ഞാൻ അപ്പോൾ ആലോചിച്ചിരിക്കുമ്പോഴേക്കും അങ്കിൾ ‘മോനെ ഫോൺ താ, ഗൂഗിൾ ചെയ്യട്ടെ’ എന്ന് പറയും. അദ്ദേഹത്തിന് എല്ലാം അറിയണം.
എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുകയും ക്രോസ് ചെക്ക് ചെയ്യുകയും ചെയ്യും. നമ്മൾ പറയുന്നത് ശരിയാണോ തെറ്റാണോ എന്നും നോക്കും,’ എന്നാണ് എസ്തർ പറഞ്ഞത്.
മോഹൻലാലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ‘ആന്റണി അങ്കിളിന്റെ മകൾ അനീഷ ചേച്ചി ഒരു ഡോക്ടർ ആണ്.
ഒരിക്കൽ സെറ്റിൽ വന്നപ്പോൾ ‘ഞാൻ ലാൽ അങ്കിളിനോട് മെഡിക്കൽ കാര്യങ്ങൾ ചോദിക്കാറില്ല, കാരണം അതിനെ കുറിച്ച് കൂടുതൽ അറിവ് അങ്കിളിനുണ്ട്’ എന്ന് തമാശയായി ചേച്ചി പറഞ്ഞിരുന്നു,’ എന്നും എസ്തർ ഓർത്തെടുത്ത് പറഞ്ഞു.
ദൃശ്യം2, Photo: IMDb
മെഡിസിൻ വെറും രണ്ട് വർഷം മാത്രമാണ് പഠിച്ചതെങ്കിലും ജീവിതത്തിലെ വിവിധ മേഖലകളിലെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യുകയും ചെയ്യുന്ന സ്വഭാവമാണ് മോഹൻലാലിന്റെ അറിവ് വർധിപ്പിച്ചതെന്നും എസ്തർ പറഞ്ഞു.
‘അദ്ദേഹം ആളുകളുമായി സംസാരിക്കും, പുതിയ കാര്യങ്ങൾ പഠിക്കാൻ താത്പര്യം കാണിക്കും. അതുകൊണ്ടുതന്നെ എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് നല്ല ധാരണയുണ്ട്,’ എന്നാണ് എസ്തറിന്റെ വാക്കുകൾ.
Content Highlight: Esther Anil talk about Mohanlal