| Wednesday, 20th May 2026, 3:40 pm

ഞങ്ങൾക്കന്ന് കാറൊന്നുമില്ല, ട്രാവൽ സിക്നസുള്ള ഞാൻ ബസിൽ കയറി ആ സാഹസം തുടങ്ങി: എസ്തർ അനിൽ

നന്ദന എം.സി

ബാലതാരമായി വന്ന് മലയാളികളുടെ പ്രിയതാരങ്ങളിലൊരാളായ എസ്തർ അനിൽ തന്റെ ആദ്യ കാല ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിലേക്കുള്ള ആദ്യ യാത്രയുടെ ഓർമകൾ ഇന്നും തനിക്ക് ഏറെ വ്യക്തമായി മനസിലുണ്ടെന്ന് എസ്തർ പറയുന്നു.

അജി ജോൺ സംവിധാനം ചെയ്ത ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ സിനിമാ അരങ്ങേറ്റം. എന്നാൽ പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന ചിത്രത്തിലെ അനുവെന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത്.

‘അന്ന് എനിക്ക് ഏഴ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിങ്ങിന് പോകുന്നതിനെക്കുറിച്ച് വീട്ടിൽ എന്തെല്ലാം ചർച്ചകൾ നടന്നുവെന്നത് വ്യക്തമായി ഓർമയില്ല.

പക്ഷേ രണ്ട് ദിവസം സ്കൂളിൽ പോകേണ്ടതില്ലെന്ന സന്തോഷവും യാത്രക്കിടെ ഛർദ്ദിയാകുമോ എന്ന പേടിയും ഇന്നും ഓർമയുണ്ട്,’ എസ്തർ പറഞ്ഞു.

വയനാട്ടിലെ വീട്ടിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര നടന്നത്. അന്ന് കുടുംബത്തിന് സ്വന്തമായി കാർ ഇല്ലായിരുന്നു. ട്രാവൽ സിക്ക്നസ് ഉണ്ടായിരുന്നിട്ടും ബസിൽ കയറി നീണ്ട യാത്ര ചെയ്തതിനെക്കുറിച്ച് താരം ചിരിയോടെ ഓർക്കുന്നു.

‘ട്രാവൽ സിക്ക്നസുള്ള ഞാൻ ബസിൽ കയറി ആ സാഹസം തുടങ്ങിയത് അപ്പയ്ക്ക് മക്കളെ അഭിനേതാക്കളായി കാണാനുള്ള വലിയ ആഗ്രഹം കൊണ്ടാണ്,’ എന്നാണ് എസ്തർ പറഞ്ഞത്.

ആ സമയത്ത് വയനാട്ടിലെ ഡി പോൾ സ്കൂളിലായിരുന്നു എസ്തർ പഠിച്ചിരുന്നത്. ആദ്യമായി അഭിനയിച്ചത് ‘ഫാമിലി പ്ലാസ്റ്റിക്സ്’ എന്ന ബ്രാൻഡിന്റെ പരസ്യത്തിലായിരുന്നു.

അതിൽ നടൻ മുകേഷിന്റെ മകളായിട്ടാണ് താരം എത്തിയത്. ആ ചെറിയ അവസരമാണ് പിന്നീട് സിനിമയിലേക്കുള്ള വലിയ വഴിതുറന്നതെന്നും എസ്തർ ഓർക്കുന്നു.

അതേസമയം, എസ്തറിന്റെ പുതിയ റിലീസ് ‘ദൃശ്യം 3’ ആണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ മീന, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ രണ്ട് ഭാഗങ്ങളുടെയും വൻ വിജയത്തിന് ശേഷം എത്തുന്നതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Esther Anil shares her first shooting experiences

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more