ബോക്‌സ് ഓഫീസിന് പണികൊടുത്തുകൊണ്ട് മുന്നേറുകയാണ് ദൃശ്യം 3. മലയാളത്തില്‍ ഏറ്റവും ഫാന്‍ ഫോളോയിങ്ങുള്ള ദൃശ്യം ഫ്രാഞ്ചൈസിയും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡും ചേര്‍ന്നപ്പോള്‍ കളക്ഷന്‍ റെക്കോഡുകള്‍ തകരുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ 200 കോടിയിലേറെയാണ് ചിത്രം നേടിയത്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും ദൃശ്യം 3ക്ക് സാധ്യതയുണ്ട്.
പൊലീസിനെയും നിയമ വ്യവസ്ഥയെയും അതിഗംഭീരമായി കബളിപ്പിച്ചെങ്കിലും ഇപ്പോഴും ഭയത്തോടെ ജീവിക്കുന്ന ജോര്‍ജുകുട്ടിയെ ചുറ്റിപ്പറ്റിയാണ് ദൃശ്യം 3യുടെ കഥ മുന്നോട്ടുപോകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ്. ട്വിസ്റ്റുകള്‍ക്കും സസ്‌പെന്‍സുകള്‍ക്കുമപ്പുറം ഇമോഷനുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ദൃശ്യം 3 Photo: Theatrical Poster
അങ്ങിങ്ങായി ലൂപ്‌ഹോളുകളുള്ള തിരക്കഥയാണ് ജിത്തുവിന്റേത്. ഒരുപാട് പോരായ്മകളുണ്ടെങ്കിലും മോഹന്‍ലാലിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഹിഡന്‍ ഡീറ്റെയിലുകളുണ്ട്. അത്തരത്തിലൊന്നാണ് എസ്തര്‍ അവതരിപ്പിച്ച അഞ്ജു എന്ന കഥാപാത്രം.
കുടുംബത്തില്‍ അത്യാവശ്യം പ്രോഗ്രസ്സീവായി ചിന്തിക്കുന്ന ഒരേയൊരാളാണ് അഞ്ജു. എന്നാല്‍ സിനിമയില്‍ അഞ്ജുവിന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ആരും വില നല്‍കാറില്ല. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് മോഹന്‍ലാല്‍ അഞ്ജു എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. രണ്ടാമത്തെ കൊച്ച് ഓവര്‍സ്മാര്‍ട്ടാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ജോര്‍ജുകുട്ടിക്ക് ശേഷം ആ കുടുംബത്തില്‍ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുന്നതും കുറച്ചധികം ബ്രില്യന്റായിട്ടുള്ള ആളുമാണ് അഞ്ജുവെന്ന് പല സീനുകളിലും പറയാതെ പറയുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ ജോര്‍ജുകുട്ടി നിര്‍മിച്ച സിനിമയുടെ വ്യാജ പ്രിന്റ് ലീക്കായെന്ന് ആദ്യം അറിയുന്നത് അഞ്ജുവാണ്. ജോര്‍ജുകുട്ടിയുടെ സ്വപ്‌നമായ സിനിമക്ക് തിരിച്ചടി നേരിടുന്നത് ആദ്യം മനസിലാക്കുകയും അത് വീട്ടുകാരെ അറിയിക്കുകയും ചെയ്യുകയാണ് അഞ്ജു.
എല്ലാ പ്രശ്‌നവും അവസാനിച്ചെന്ന് അഡ്വക്കേറ്റ് രേണുക പറയുമ്പോഴും അഞ്ജുവിന് ടെന്‍ഷനാണ്. ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന അഞ്ജു തെരഞ്ഞെടുക്കുന്ന കോഴ്‌സും ശ്രദ്ധിക്കേണ്ടതാണ്. സിംഗപ്പൂരില്‍ സൈബര്‍ സെക്യൂരിറ്റ് കോഴ്‌സാണ് അഞ്ജു തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ കുടുംബത്തിന്റെ രക്ഷക്ക് വേണ്ടിയാണ് അവള്‍ ഈ ചെയ്യുന്നതെന്ന് സംവിധായകന്‍ പറയാതെ പറയുകയാണ്.
എസ്തര്‍ Photo: Screen grab/ Aashirvad Cinemas
ക്ലൈമാക്‌സില്‍ ജോര്‍ജുകുട്ടി ജയിലില്‍ പോകുന്നുണ്ടെങ്കിലും അഞ്ജുവിന് മറ്റ് ചില പ്ലാനുകളുണ്ടായിരിക്കാം. ദൃശ്യത്തിന്റെ നാലാം ഭാഗം വരുമ്പോള്‍ കഥയില്‍ അഞ്ജുവിനും പ്രധാന പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഡീകോഡിങ് പോസ്റ്റുകള്‍ പറയുന്നു. നാലാം ക്ലാസുകാരന്റെ മകള്‍ക്ക് അയാളുടെ കുരുട്ടുബുദ്ധി കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
Content Highlight: Esther Anil’s character Analysis in Drishyam 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ