| Wednesday, 30th September 2026, 3:20 pm

സ്വകാര്യതയിലേക്ക് ക്യാമറ വെക്കുന്നത് അസ്വസ്ഥതയാണ്, ആളുകളുടെ കമെന്റുകൾക്കനുസരിച്ച് ജീവിതം മാറ്റുന്ന ആളല്ല ഞാൻ; എസ്തർ അനിൽ

അജ്മല്‍ കെ

മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ എസ്തർ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മികവിലൂടെ ശ്രദ്ധ നേടിയിരുന്നു.

അജി ജോൺ സംവിധാനം ചെയ്ത ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദൃശ്യം’ എന്ന ചിത്രത്തിലെ അനുവെന്ന കഥാപാത്രമാണ് താരത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്.

എസ്തർ അനിൽ. Photo. Facebook.com

ഇപ്പോഴിതാ സൈബർ ബുള്ളിയിങ്ങിനെയും സോഷ്യൽ മീഡിയയിലെ ജഡ്ജ്‌മെന്റുകളെയും എങ്ങനെ നേരിടുന്നുവെന്ന് തുറന്നുപറയുകയാണ് നടി എസ്തർ അനിൽ. സോഷ്യൽ മീഡിയ നൽകുന്ന പ്രശസ്തിക്കും ഫോളോവേഴ്സിനുമൊപ്പം തന്നെ ജഡ്ജ്‌മെന്റുകളും ബുള്ളിയിങ്ങും ഉണ്ടാകുമെന്നും, പോസിറ്റീവുകൾക്കൊപ്പം നെഗറ്റീവുകളെയും സ്വീകരിക്കാൻ തയ്യാറാകണമെന്നും എസ്തർ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘വലിയ ഫോളോവേഴ്സും പ്രശസ്തിയും പണവും തരുന്ന സോഷ്യൽ മീഡിയയുടെ കൂടെത്തന്നെ വരുന്ന കാര്യങ്ങളാണ് ജഡ്ജ്‌മെന്റ്സും ബുള്ളിയിങ്ങും. പോസിറ്റീവുകളെപ്പോലെ നെഗറ്റീവുകളെയും സ്വീകരിക്കാൻ തയ്യാറായിരിക്കണം. അതെല്ലാവർക്കും കഴിയണമെന്നില്ല,’ എസ്തർ പറഞ്ഞു.

തനിക്ക് പിന്തുണ നൽകുന്ന സുഹൃത്തുക്കളും കുടുംബവുമാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തെന്നും എസ്തർ പറയുന്നു. സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കും പുറത്തുള്ള തന്റെ വ്യക്തിജീവിതം അത്രത്തോളം പ്രധാനമാണെന്നും താരം വ്യക്തമാക്കി.

‘ഭാഗ്യവശാൽ എനിക്ക് നല്ല പിന്തുണയുള്ള കൂട്ടുകാരും കുടുംബവുമാണുള്ളത്. സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കും പുറത്ത് എനിക്കൊരു ലോകമുണ്ട്. അതുതന്നെയാണ് എന്റെ ബലം. ആളുകളെ പ്ലീസ് ചെയ്യാനോ അവരുടെ കമന്റുകൾക്ക് അനുസരിച്ച് ജീവിതം മാറ്റാനോ ഞാൻ നിൽക്കാറില്ല. അങ്ങനെ ചെയ്താൽ ജീവിതത്തിന്റെ നിയന്ത്രണം മറ്റുള്ളവരുടെ കൈയിലാകും,’ എസ്തർ പറഞ്ഞു.

തന്നെ സ്നേഹിക്കുന്നവരോടും തനിക്ക് ചുറ്റുമുള്ള മനുഷ്യരോടും സത്യസന്ധമായി തുടരുക എന്നതാണ് പ്രധാനമെന്നും എസ്തർ കൂട്ടിച്ചേർത്തു. തനിക്കോ കുടുംബത്തിനോ മോശം കമന്റുകൾ വലിയ രീതിയിൽ ബാധിക്കുന്നതായി തോന്നുമ്പോൾ മാത്രമാണ് പ്രതികരിക്കാറുള്ളതെന്നും അവർ പറഞ്ഞു.

അടുത്തിടെ പാപ്പരാസികളോട് ക്യാമറയുടെ ആംഗിൾ അൽപം താഴ്ത്തിപ്പിടിക്കാമോ എന്ന് ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ചും എസ്തർ സംസാരിച്ചു. ആ നിമിഷത്തിൽ തനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് പറഞ്ഞതെന്നും, സ്വകാര്യതയിലേക്ക് ക്യാമറ വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും അവർ വ്യക്തമാക്കി.

‘ആ നിമിഷം എനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് പറഞ്ഞത്. സ്വകാര്യതയിലേക്ക് ക്യാമറ വെക്കുന്നത് അസ്വസ്ഥതയാണ്. അന്ന് അങ്ങനെ പ്രതികരിച്ചതിന് ഒരുപാട് പേർ നല്ലത് പറഞ്ഞു. ഇന്ന് നല്ലത് പറഞ്ഞവർ തന്നെ നാളെ ചീത്തയും പറയും,’ എസ്തർ പറഞ്ഞു.

എസ്തർ അനിൽ. Photo. Screen Grab/ Youtube

തനിക്ക് ചുറ്റും ഇത്രയധികം ക്യാമറകൾ ഉണ്ടാകുന്നത് പലപ്പോഴും ആശങ്കയുണ്ടാക്കാറുണ്ടെന്നും താരം പറയുന്നു. പ്രത്യേകിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വസ്ത്രധാരണത്തെയും ലുക്കിനെയും കുറിച്ച് കൂടുതൽ കോൺഷ്യസ് ആകാറുണ്ടെന്നും എസ്തർ വ്യക്തമാക്കി.

Content Highlight: Esther Anil opens up about dealing with cyberbullying and social media judgment

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more