| Friday, 4th July 2025, 12:21 pm

ഇന്ത്യ ഭരിക്കുന്നവരുടെ രാഷ്ട്രീയമാണ് എസ്സെന്‍സ് ഗ്ലോബലിന്റേത്, വസ്തുതകളെ അവര്‍ ആ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്നു: മൈത്രേയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തീവ്ര വലതുപക്ഷാനുകൂല യുക്തിവാദി ഗ്രൂപ്പായ എസ്സെന്‍സ് ഗ്ലോബലിന്റേത് ഇന്ത്യ ഭരിക്കുന്നവരുടെ രാഷ്ട്രീയമാണെന്ന് മൈത്രേയന്‍. എസ്സെന്‍സ് ഗ്ലോബല്‍ വസ്തുതകളെ ആ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും തനിക്ക് ആ രാഷ്ട്രീയത്തോട് യോജിക്കാനാകില്ലെന്നും മൈത്രേയന്‍ പറഞ്ഞു. OOED MEDIA എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്സെന്‍സ് ഗ്ലോബലിന്റെ രാഷ്ട്രീയമല്ല തന്റെ രാഷ്ട്രീയമെന്നും അതുകൊണ്ടാണ് അവരിപ്പോള്‍ തന്നെ എതിര്‍ത്ത് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അവരുമായി സഹകരിച്ച് പോകാന്‍ തനിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതവിശ്വാസികളെയും പോലെ തന്റെ വാക്കുകളെ ഡിസ്‌ക്രഡിറ്റ് ചെയ്ത് അവരും നല്ല ആളുകളാകാന്‍ നോക്കുകയാണെന്നും മൈത്രേയന്‍ പറഞ്ഞു.

താന്‍ പറയുന്ന കാര്യങ്ങളെ യുക്തിവാദികളും എതിര്‍ക്കുന്നുണ്ടെങ്കില്‍ അവരും മറ്റെല്ലാ മതവിശ്വാസികളെയും പോലെ ആയിട്ടുണ്ട്. ഇതൊരു സംഘത്തിന്റെ പ്രശ്‌നമാണെന്നും സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ വഴക്കിടുമ്പോലെ എല്ലാ സംഘങ്ങളിലും ഈ പ്രശ്‌നങ്ങളുണ്ടെന്നും മൈത്രേയന്‍ പറഞ്ഞു.

‘എസ്സെന്‍സ് ഗ്ലോബല്‍ പറയുന്ന വസ്തുതകളോട് വിയോജിപ്പില്ല. അവരുടെ രാഷ്ട്രീയത്തോടാണ് വിയോജിപ്പ്. വസ്തുതകളെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്നവരാണവര്‍. തോക്ക് എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെയാണത്. അറിവെന്ന് പറയുന്നത് തോക്ക് പോലെയാകും.

ഇന്ത്യഭരിക്കുന്നവരുമായി എസ്സെന്‍സ് ഗ്ലോബലിന് നേരിട്ട് ബന്ധമുണ്ടോ എന്ന് അറിയില്ല. എന്നാല്‍ അവരുടെ രാഷ്ട്രീയം അതാണ്. അത് ഈ രാജ്യത്ത് തന്നെ വേണമെന്നുമില്ല. കോമണ്‍ രാഷ്ട്രീയമുണ്ട്. അവര്‍ ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയും. അത് ഇവിടുത്തെ ആളുകളുമായി മാത്രം ബന്ധപ്പെട്ടതല്ല. അതൊരു രാഷ്ട്രീയമാണ്. അതിനോടാണ് വിയോജിപ്പ്. അല്ലാതെ രണ്ടും രണ്ടും നാലാണെന്ന് അവര്‍ പറഞ്ഞാല്‍ അത് തെറ്റാണ് പറയുന്നില്ല.’ മൈത്രേയന്‍ പറഞ്ഞു.

content highlights: Essence Global’s politics of Indian rulers, they use facts for that politics: Maitreyan

We use cookies to give you the best possible experience. Learn more