| Wednesday, 30th July 2025, 6:19 pm

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകളെ ഭയക്കുന്നതെന്തിന്?

അരുൺ എയ്ഞ്ചല

പാട്ടിന്റെ ഒരു തലം പ്രതിഷേധമാണ്. അതൊരു പുതിയ കാര്യവുമല്ല. അത് വളരെ പഴയ, ഏതാണ്ട് ശ്രീ ശങ്കരാചാര്യരോളം പഴക്കമുള്ള കാര്യമാണ്.

”നാങ്കളെ കൊത്ത്യാലും
ചോരേല്ലെ ചൊവ്വറെ,
നീങ്കളെ കൊത്ത്യാലും
ചോരേല്ലെ ചൊവ്വറെ.”

എന്ന് പാടിയ പൊട്ടന്‍ തെയ്യത്തിന് മുന്നില്‍ ശങ്കരാചാര്യര്‍ മുട്ടു കുത്തിയെന്ന് ഐതീഹ്യം. അതായിരിക്കണം നമ്മുടെ ആദ്യത്തെ പ്രതിരോധത്തിന്റെ പാട്ട് എന്ന് തോന്നുന്നു. അപ്പോള്‍ പ്രതിഷേധത്തിന്റെ, വിമോചനത്തിന്റെ പാട്ടുകള്‍ക്ക് പഴക്കമേറെയാണ്.

പാട്ടുകള്‍ പല വിധമുണ്ട്. ഉണര്‍ത്തുപാട്ടും പടപ്പാട്ടും ഉറക്കുപാട്ടുമുണ്ട്. ഉണര്‍ത്തുപാട്ട് പാടുന്നവനെ, പടപ്പാട്ട് പാടുന്നവനെ എന്നും യാഥാസ്തികത്വം സംശയത്തോടെ വീക്ഷിച്ചിരുന്നു. പ്‌ളേറ്റോയുടെ റിപ്പബ്ലിക്കില്‍ കവികള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല എന്നതോര്‍ക്കുക.

അതുകൊണ്ട് തന്നെ വേടന്റെ പാട്ടുകള്‍ വിലക്കപ്പെട്ടതാണെന്ന് ഹിന്ദുത്വ തീരുമാനിക്കുകയും അത് സിലബസ്സില്‍ നിന്നൊഴിവാക്കാന്‍ ഏതറ്റം വരെ പോവുകയും ചെയ്യുന്നു. ഗൗരി ലക്ഷ്മിയാണെങ്കില്‍ അജിതാ ഹരേ എന്ന, ക്ഷേത്രങ്ങളില്‍ കുടുങ്ങിക്കിടന്ന കഥകളിപദത്തെ അവിടെ നിന്ന് മോചിപ്പിച്ചു സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നു. സംഘപരിവാറിന് ഇത് രണ്ടും അക്ഷന്തവ്യമായ തെറ്റുകളാകുന്നു.

വേടന്‍

എവിടെയായിരുന്നു വിവാദങ്ങളുടെ തുടക്കം?

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. മലയാളം മൂന്നാം സെമസ്റ്ററില്‍ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തി. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ലക്ഷ്യം. ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പുനരാവിഷ്‌കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തില്‍ ഗൗരി ലക്ഷ്മി പാടിയ ‘അജിതാ ഹരേ യും ക്ലാസിക്കല്‍ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യം ചെയ്യുന്നത്‌.

ഗൗരി ലക്ഷ്മി

വേടന്‍ന്റെ പാട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടെയെങ്കിലും കാമ്പുള്ള രചന ചേര്‍ക്കണമെന്നും കാണിച്ച് സിന്‍ഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ.അനുരാജ്, സര്‍വകലാശാല ചാന്‍സലര്‍ (ഗവര്‍ണര്‍ എന്ന് ഇത്തരുണത്തില്‍ വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് കരുതുന്നു) രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനു പരാതി നല്‍കിയിരുന്നു.

ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതി നല്‍കി. ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം താത്കാലിക വി.സി. ഡോ.പി.രവീന്ദ്രന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലയാളം വിഭാഗം മുന്‍ മേധാവി, ഡോ. എം എം ബഷീറിനെ ചുമതലപ്പെടുത്തി.

ആര്‍.എസ്.എസ് പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി. ഡോ. പി. രവീന്ദ്രന്‍

‘റാപ് സംഗീതം – താരതമ്യപഠനം – എന്നു സിലബസ്സില്‍ കാണിച്ചിരിക്കുന്നതിനാല്‍ (പുറം 27 ) മൈക്കല്‍ ജാക്‌സന്റെ They don’t care about us എന്ന ഗാനത്തിന്റെയും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന ഗാനത്തിന്റെയും സംഗീതസവിശേഷതകളെക്കുറിച്ചുള്ള താരതമ്യം തന്നെയാണ്
ഉദ്ദേശിക്കുന്നത് എന്നു വ്യക്തം.” എന്ന നിഗമനത്തിലെത്തുന്ന എം എം ബഷീര്‍ ”മൈക്കല്‍ ജാക്‌സന്റെ They don’t care about us എന്ന ഗാനത്തിന്റെയും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന ഗാനത്തിന്റെയും
സംഗീതപരമായ സവിശേഷതകളെക്കുച്ചുള്ള താരതമ്യം ബി.എ. മലയാളം വിദ്യര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണ്. അതിനാല്‍, മൈക്കല്‍ ജാക്‌സന്റെയും വേടന്റെയും ഗാനങ്ങളുടെ സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യപഠനഭാഗം സിലബസ്സില്‍ നിന്നു എടുത്തുമാറ്റി അനുയോജ്യമായ മറ്റൊരു പാഠഭാഗം ഉള്‍പ്പെടുത്തേണ്ടതാണ്. ” എന്നും പറയുന്നു.

എം.എം. ബഷീര്‍ ആദ്യമെത്തുന്ന നിഗമനത്തില്‍ ഒരു പ്രശ്‌നമുണ്ട്. റാപ്പ് സംഗീതം എന്നാല്‍ അതിന്റെ സംഗീതപരമായ സവിശേഷതകള്‍ എന്നാണ് വിവക്ഷ എന്ന ധാരണയില്‍ നിന്ന് കൊണ്ടാണ് താരതമ്യം ബി.എ. മലയാളം വിദ്യര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണ് എന്നദ്ദേഹം പറയുന്നത്.

റാപ് മ്യൂസിക് എന്നതിന് മെരിയം വെബ്സ്റ്റര്‍ കൊടുക്കുന്ന നിര്‍വചനം ശ്രദ്ധിക്കുക. ”rap music : a type of music of African American origin in which rhythmic and usually rhyming speech is chanted to a musical accompaniment.”
അപ്പോള്‍ റാപ്പ് സംഗീതം എന്നതില്‍ വരികളും ഉള്‍പ്പെടുന്നുണ്ട്, അതായത് സാഹിത്യവും ഉണ്ട്. അത് രണ്ടായി ഇഴ പിരിച്ചെടുക്കാവുന്നതല്ല.

അപ്പോള്‍ സാഹിത്യം പഠിക്കുന്ന കുട്ടികളുടെ സിലബസ്സില്‍ താരതമ്യത്തില്‍, റാപ്പ് സംഗീതം ഉള്‍പ്പെടുമ്പോള്‍ പ്രാഥമികമായി താരതമ്യം ചെയ്യേണ്ടത് രചനാവൈഭവം തന്നെയാണ്, അതിന്റെ ചരിത്ര, സാമൂഹ്യസാംസ്‌കാരിക അടരുകളും പഠനത്തില്‍ വരേണ്ടതുണ്ട്. അതോടൊപ്പം എം.എം. ബഷീര്‍ സൂചിപ്പിച്ചത് പോലെ സംഗീതവും വരുന്നുണ്ട് എന്ന് മാത്രം.

എം.എം. ബഷീര്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. മലയാളം സിലബസ്സില്‍, ഭാഷാസാഹിത്യത്പഠനത്തിന്റെ പൊതു ഉദ്ദേശങ്ങളില്‍ പന്ത്രണ്ടാമതായി, കേരളത്തിലെ കലാരൂപങ്ങളെയും അവയുടെ സാംസ്‌കാരിക പ്രാധാന്യത്തെയും തിരിച്ചറിയുക എന്നതും പതിനെട്ടാമതായി കലകളുടെ രൂപപ്പെടല്‍, വികാസം, എന്നിവയുടെ ചരിത്ര, പ്രത്യയശാസ്ത്ര പരിസരങ്ങളെപ്പറ്റി ധാരണ വികസിപ്പിക്കലും പറയുന്നു.

പന്ത്രണ്ടാമത്തെ ലക്ഷ്യം മുന്‍നിര്‍ത്തി ഗൗരി ലക്ഷ്മിയുടെ ”അജിതാ ഹരേ” യും ശാസ്ത്രീയ സംഗീതവുമായുള്ള താരതമ്യവും, പതിനെട്ടാമത്തെ ലക്ഷ്യം മുന്‍നിര്‍ത്തി വേടന്റെ പാട്ടുകളുടെയും മൈക്കിള്‍ ജാക്‌സന്റെ പാട്ടുകളുടെയും താരതമ്യവും ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല.

എ. എം. ബഷീര്‍ ആകട്ടെ, റാപ്പ് സംഗീതം എന്ന് പറയുന്നതില്‍ സാഹിത്യം വരുന്നില്ല എന്ന നിലപാടിലൂന്നിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അത് കൊണ്ടു തന്നെ അദ്ദേഹം ഇവ സിലബസില്‍ നിന്ന് ഒഴിവാക്കണം എന്ന് റിപ്പോര്‍ട്ട് നല്‍കി. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ എം.എം.ബഷീര്‍ റിപ്പോര്‍ട്ട് സിലബസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണാം.

സത്യത്തില്‍ റാപ്പ് സംഗീതത്തെ ഒഴിവാക്കണം എന്ന് ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗം പറയുന്നതിന് വളരെ ശക്തമായ കാരണങ്ങളുണ്ട്. അതിന് റാപ്പിന്റെ ചരിത്രം ഒന്ന് പറയേണ്ടതുണ്ട്. മുഖ്യധാര എന്ന് പറയപ്പെടുന്ന വിഭാഗം എന്നും മാറ്റി നിര്‍ത്തിയിരുന്ന അടിത്തട്ടില്‍ നിന്നാണ് റാപ്പ് പിറവിയെടുക്കുന്നത്.

ന്യൂ യോര്‍ക്ക് നഗരത്തിലെ ബ്രോങ്ക്‌സില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍, 1970 കളിലാണ് റാപ്പിന്റെ ബീജാവാപം. നാലായി തിരിക്കാവുന്ന ഹിപ് ഹോപ് സംസ്‌കാരത്തിന്റെ ഭാഗമാണ് റാപ്പ്.

റാപ്പ് പലപ്പോളും അധോതലത്തില്‍ നിന്നുള്ള പ്രതിരോധവും പ്രതിഷേധവുമായി മാറുന്നു

ഡീജെയിംഗ്, റാപ്പിംഗ്, ബ്രേക്ക് ഡാന്‍സിങ് & ഗ്രാഫിറ്റി എന്നിവയാണ് മറ്റ് ഘടകങ്ങള്‍. സത്യത്തില്‍ ഹിപ് ഹോപ് ഒരു സാംസ്‌കാരിക ധാര തന്നെയായിരുന്നു. ആദ്യഘട്ടത്തില്‍ ജനശ്രദ്ധ നേടിയത് ബ്രേക്ക് ഡാന്‍സും, ഗ്രാഫിറ്റിയുമായിരുന്നു.

കൂള്‍ ഹെര്‍ക്കിനെയാണ് ആധുനിക റാപ്പിംഗിന്റെ പിതാവായി കണക്കാക്കുന്നത്. 1979ല്‍ ഷുഗര്‍ഹില്‍ ഗാങ്ങിന്റെ ഗാനം ‘റാപ്പേഴ്സ് ഡിലൈറ്റ്’ പുറത്തിറങ്ങിയതോടെ റാപ്പ് ആദ്യമായി അമേരിക്കയില്‍ ദേശീയ പ്രാധാന്യം നേടി.

1970 കളുടെ ആരംഭം മുതല്‍ 1980 വരെ ഓള്‍ഡ് സ്‌കൂള്‍ എന്നും എണ്‍പതുകളുടെ മധ്യം മുതല്‍ തൊണ്ണൂറുകളുടെ മധ്യം വരെ ന്യൂ സ്‌കൂള്‍ അഥവാ സുവര്‍ണകാലം എന്നും അറിയപ്പെടുന്നു. 2000ന് ശേഷം ഹിപ് ഹോപ് വളരെയധികം ജനകീയമായി.

തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ തന്നെ ബാബ സെഹ്ഗളുടെ ”ഠണ്ടാ ഠണ്ടാ” പാനിയിലൂടെ ഹിപ് ഹോപ് ഇന്ത്യന്‍ മുഖ്യ ധാരയിലെത്തി. 90-കളില്‍ ഒരു സൈക്കിള്‍ പരസ്യത്തിലൂടെ ഹിപ് ഹോപ് ദക്ഷിണെന്ത്യയിലുമെത്തി.

2009 ല്‍ സ്ട്രീറ്റ് അക്കാദമിക്‌സ് എന്ന പേരില്‍ കേരളത്തില്‍ ആദ്യത്തെ ഹിപ് ഹോപ്പ് ബാന്‍ഡഡ് തുടക്കമിട്ട തരംഗം ഇന്നിപ്പോള്‍, ഹനുമാന്‍ കൈന്‍ഡിലും, ഡബ്‌സിയിലും വേടനിലും എത്തി നില്‍ക്കുന്നു.

ഹനുമാന്‍ കൈന്‍ഡ്, ഡാബ്‌സീ

റാപ്പ് പലപ്പോളും അധോതലത്തില്‍ നിന്നുള്ള പ്രതിരോധവും പ്രതിഷേധവുമായി മാറുന്നു. സെര്‍ജ് ഡെനിസോഫ് എന്ന അമേരിക്കന്‍ സോഷ്യോളജിസ്റ്റ് പ്രതിഷേധസംഗീതത്തെ മാഗ്‌നറ്റിക്ക് എന്നും റെട്ടറിക്കല്‍ എന്നും തിരിക്കുന്നു.

ആളുകളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും, ഐക്യപ്പെടലിനുമൊക്കെയാണ് മാഗ്‌നറ്റിക്ക് എന്ന വിഭാഗത്തില്‍ വരുന്നത്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും മാറ്റാനും സാധിക്കുന്നവയാണ് റെട്ടറിക്കല്‍ വിഭാഗത്തില്‍ വരുന്നത്.

വേടന്റെ പാട്ടുകളെ റെട്ടറിക്കല്‍ വിഭാഗത്തില്‍ പെടുത്താമെന്നു തോന്നുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ പാഠപുസ്തകത്തിന്റെ ഭാഗമാകുന്നതിനെ ഇവിടുത്തെ യഥാസ്ഥിതികത്വം എന്നും എതിര്‍ത്തിരുന്നു.

”പുലയരെല്ലാരും കൂടി ചേരമരായാലെന്താ…
പുലയന്റെ പുല മാറുമോ
ഈ കേരളത്തില്‍ ഇതിനൊരു ശുഭം വരുമോ…
പറയെരെല്ലാരും കൂടി സാംബവരായാലെന്താ..
പറയന്റെ പഴി മാറുമോ.”

വേടന്‍ പാടുന്ന പാട്ടുകളിലൊന്നാണിത്. ഇത് പ്രത്യക്ഷരക്ഷാസഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന പൊയ്കയില്‍ അപ്പച്ചന്റെ പാട്ടാണ്. ജാതി ഇന്നും പ്രബലമായി നിലനില്‍ക്കുന്ന നാട്ടില്‍, ആ സംവിധാനത്തെ വെല്ലുവിളിക്കുന്ന ഒന്നായാണ് ഈ പാട്ട് വരുന്നത്.

പൊയ്കയില്‍ അപ്പച്ചന്‍

പാഠപുസ്തകവിവാദം ഇതാദ്യമയല്ല ഉണ്ടാകുന്നത്. തൊള്ളായിരത്തി അന്‍പതുകളുടെ അവസാനപാദത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് പാഠപുസ്തകമാക്കിയപ്പോളും, അതില്‍ അശ്ലീലമുണ്ടെന്ന് ആരോപിച്ചു വലിയ എതിര്‍പ്പുകളുണ്ടായിരുന്നു.

തൊണ്ണൂറുകളുടെ മധ്യത്തില്‍, വി.കെ.എന്നിന്റെ അധികാരം എന്ന നോവല്‍ സിലബസില്‍ നിന്ന് എടുത്തു മാറ്റിയതിനെതുടര്‍ന്നു കാലിക്കറ്റ് സര്‍വകലാശാലയില്‍ തന്നെ, വി.സിക്കെതിരെ സമരം നടന്നിരുന്നു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ പാഠപുസ്തകത്തിന്റെ ഭാഗമാകുന്നതിനെ ഇവിടുത്തെ യഥാസ്ഥിതികത്വം എന്നും എതിര്‍ത്തിരുന്നു.

അധികാരം എന്ന നോവലില്‍ അശ്ലീലം ഉണ്ടെന്നായിരുന്നു ആരോപണം. സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കടമ്മനിട്ടയും, എം.എന്‍. വിജയനും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ദിവസങ്ങള്‍ നീണ്ട നിരാഹാര സമരത്തിനൊടുവില്‍ നോവല്‍ എടുത്തു മാറ്റിയ തീരുമാനം അധികൃതര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു.

ആരുടെ പുസ്തകം, ആരുടെ വരികള്‍ പഠിക്കണം ആരുടേത് പഠിക്കേണ്ട എന്നതാണ് ചോദ്യം. ഇന്ന് വേടന്റെ പാട്ടുകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞു കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരം നടക്കുമ്പോള്‍, മറുഭാഗത്തു ഗോള്‍വാള്‍ക്കറും, സവര്‍ക്കറും കണ്ണൂര്‍ സര്‍വകലാശാല സിലബസിലേക്ക് കടന്നു വരികയും ചെയ്യുന്നു.

2008 ല്‍ എം. എ. ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോള്‍ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ വന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠത്തെച്ചോല്ലി വലിയ സമരവും അക്രമവും ഇവിടുത്തെ വലതുപക്ഷവും മതനേതാക്കളും കൂടി നടത്തിയിരുന്നു.

അന്‍വര്‍ റഷീദ് എന്നും ലക്ഷ്മീദേവി എന്നും പേരുള്ള മാതാപിതാക്കള്‍ മകനായ ജീവനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വരുന്നു, കുട്ടിയുടെ മതമേതാണ് എന്ന് പ്രിന്‍സിപ്പല്‍ ചോദിക്കുമ്പോള്‍ മതമില്ല എന്ന് ചേര്‍ത്തോളൂ എന്ന് മാതാപിതാക്കള്‍ പറയുന്നു. വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തോട്ടെ എന്ന് അവര്‍ പറയുന്നിടത്താണ് പാഠം അവസാനിക്കുന്നത്.

എം.എ ബേബി

അന്നത്തെ അക്രമസമരത്തില്‍ മലപ്പുറം വാലിലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ് അഗസ്റ്റിന്‍ യൂത്ത് ലീഗിന്റെ പ്രതിഷേധതിനിടെ മര്‍ദ്ദനമേറ്റ് മരിച്ചു. അതേ പുസ്തകത്തിലെ ഒരു പാഠഭാഗത്ത് പൊയ്കയില്‍ അപ്പച്ചനെക്കുറിക്കും പഠിക്കാനുണ്ടായിരുന്നു. തങ്ങള്‍ക്ക് അനഭിമതമായ ഒരു പാഠപുസ്തകഭാഗം മാറ്റുവാന്‍ വേണ്ടി ഏതറ്റം വരെയും ഇവിടുത്തെ യഥാസ്ഥിതികത്വം അഥവാ വലതുപക്ഷം തയ്യാറാകും എന്നതിന്റെ തെളിവായിരുന്നു പാഠപുസ്തക സമരം.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മറ്റി നല്‍കിയ പരാതിയില്‍ വേടന്റെയും, ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ പാഠഭാഗത്ത് നിന്ന് ഒഴിവാക്കണം എന്ന് മാത്രമല്ല ഗൗരി ലക്ഷ്മിയുടെ ദൃശ്യാവിഷ്‌കാരം ഭക്തിക്ക് ചേര്‍ന്നതാണോ എന്നും ചോദിക്കുന്നു. സിലബസ് മുഴുവന്‍ അബദ്ധജടിലമാണ് എന്നും പരാതിയില്‍ പറയുന്നു.

ഗൗരി ലക്ഷ്മിയുടെ കാര്യത്തിലേക്ക് വന്നാല്‍, ക്ഷേത്രത്തില്‍ കുടുങ്ങിക്കിടന്നിരുന്ന ഒരു കഥകളിപ്പദത്തെ അവര്‍ ജനങ്ങങ്ങളിലേക്ക് കൊണ്ടു വരികയാണ് ചെയ്തത്. കഥകളിയും കഥകളിപ്പദവുമെല്ലാം ഒരു വരേണ്യ വിഭാഗത്തിന് മാത്രം ആസ്വദിക്കേണ്ടതാണ് എന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരം പരാതികളുണ്ടാകുന്നത്.

വേടനാണ് ഇവിടെ ജാതി പ്രചരിപ്പിക്കുന്നതെന്ന് പറയുന്നവര്‍, മാട്രിമോണിയല്‍ പരസ്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ ആ തെറ്റിദ്ധാരണ മാറിക്കിട്ടും.

ഗൗരി ലക്ഷ്മിയുടെ ദൃശ്യാവിഷ്‌കാരത്തെക്കുറിച്ചാണ് അടുത്ത പരാതി. പാടുന്നയാളുടെയും സംഘത്തിന്റെയും വേഷവും സംഗീതവും എല്ലാമടങ്ങുന്നതാണല്ലോ ദൃശ്യാവിഷ്‌കാരം എന്ന് പറയുന്നത്. ഭക്തി ഉയര്‍ത്തിക്കാട്ടാന്‍ ഇത് തിയോളജി പഠിക്കുന്ന കുട്ടികളല്ല പഠിക്കുന്നത് എന്നത് പരാതി നല്‍കിയവര്‍ മറക്കുന്നു.

ഒരു ഗായിക ഷോര്‍ട്‌സ് ഇട്ട് അജിതാഹരേ ആലപിച്ചാല്‍ അതിലെ ഭക്തി ചോര്‍ന്നു പോകും എന്ന് പറയുന്നത് ഒരു പുരുഷധിപത്യ ബോധ്യം കൂടിയാണ്. ഫലത്തില്‍ എം ഷാജിര്‍ ഖാന്‍ സെക്രട്ടറി ആയിരുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മറ്റി ബി.ജെ.പിയുടെ മൗത് പീസായി മാറുന്നു.

ഇതും സിലബസ്സില്‍ നിന്ന് ഒഴിവാക്കണം എന്ന് പറയുന്ന എം.എം. ബഷീര്‍, സിലബസ്സിന് കലകളുടെ രൂപപ്പെടല്‍, വികാസം, എന്നിവയുടെ ചരിത്ര, പ്രത്യയശാസ്ത്ര പരിസരങ്ങളെപ്പറ്റി ധാരണ വികസിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടെന്ന് മറന്നു പോകുന്നു.

ഇവിടെയും സംഗീതസവിശേഷതകള്‍ മാത്രമാണ് താരതമ്യപ്പെടുത്തേണ്ടത് എന്ന ബോധ്യത്തില്‍ നിന്നാണ് ഇവിടെയും മേല്‍പ്പറഞ്ഞ തീരുമാനത്തിലെത്തുന്നത്. ഇവിടെയും രണ്ട് സാംസ്‌കാരിക തലങ്ങളില്‍ നില്‍ക്കുന്നവയാണ് ഗൗരി ലക്ഷ്മി അവതരിപ്പിച്ച അജിതാ ഹരേയും ശാസ്ത്രീയ സംഗീതവും. അതുകൊണ്ട് തന്നെ താരതമ്യം ഒരു സാഹിത്യവിദ്യാര്‍ത്ഥിക്ക് അപ്രാപ്യമായി തീരുന്നില്ല.

തങ്ങളുടേത് മാത്രമാക്കി വച്ചിരിക്കുന്ന ഒരു കലാരൂപത്തെ അവിടെ നിന്നും വിമോചിപ്പിച്ചു, പുറത്തുള്ള വലിയ ലോകത്തിലേക്ക് കൊണ്ടു വരിക, ജനകീയമാക്കുക എന്ന ഒരു ചരിത്രദൗത്യമാണ് ഗൗരി ലക്ഷ്മി നിര്‍വഹിക്കുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ പരാതിയുടെ മൂലകാരണം.

കലാഭവന്‍ മണി

കലാഭവന്‍ മണി ഇത്രത്തോളം ആക്രമിക്കപ്പെടാതിരുന്നതിനു കാരണം, മണിയുടെ പാട്ടുകള്‍ ഒരിക്കലും ഈ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നവ ആയിരുന്നില്ല എന്നത് കൊണ്ടാണ്. എന്നിട്ടും

”കേഴമാന്‍ കണ്ണാളെ കുറത്തീ താഴമ്പൂ മെയ്യാലേ
നിന്റെ കാണാത്ത മാമ്പഴങ്ങള്‍ കാന്താരി
ഞാനൊന്നു കണ്ടോട്ടേ”

എന്ന പാട്ടില്‍ അശ്ലീലമുണ്ടെന്ന് പറഞ്ഞു ആക്ഷേപിക്കപ്പെട്ടിരുന്നു. ഇങ്ങനെ ആക്ഷേപിക്കുന്നവര്‍ തന്നെ കുമാരസംഭവത്തിലെ കാളിദാസന്റെ

‘കണ്ഠസ്യ തസ്യാഃ സ്തനബന്ധുരസ്യ മുക്തകലാപസ്യ ച നിസ്തലസ്യ
അന്യോന്യശോഭജനനാദ്ഭഭൂവ സാധാരണോ ഭൂഷണഭൂഷ്യഭാവഃ? 1-42”

(അവളുടെ മനോഹരമായ നേര്‍ത്ത കഴുത്തില്‍ നിന്ന് വൃത്താകൃതിയിലുള്ള സ്തനങ്ങളിലേക്ക് വീണു കിടക്കുന്ന ഗോളാകൃതിയിലുള്ള മുത്തുകളുടെ നൂലുകള്‍ അവള്‍ക്ക് എങ്ങനെ ചാരുത നല്‍കി എന്നതുപോലെ, അവളുടെ ഉരുണ്ട സ്തനങ്ങള്‍, ആ ഗോളാകൃതിയിലുള്ള മുത്തുകള്‍ക്ക് സൗന്ദര്യം നല്‍കി; അത് ആഭരണത്തിന് ഒരു അലങ്കാരമായി മാറി.) എന്നുള്ള ദേവീ വര്‍ണ്ണന ആസ്വദിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു.

വൈസ് ചാന്‍സ്ലറിന്റെ നിര്‍ദേശമനുസരിച്ചു, വിഷയം പരിശോധിച്ച മുന്‍ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീര്‍, വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിട’വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠപദ്ധതിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

എം.എം.ബഷീറിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ചു മാധ്യമങ്ങളില്‍ കണ്ടതല്ലാതെ തനിക്കു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു മലയാളം യുജി പഠന ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്.അജിത്ത് പറയുന്നു. ബഷീറിന്റെ റിപ്പോര്‍ട്ട് പഠനബോര്‍ഡിന്റെ പുനഃപരിശോധനയ്ക്ക് വിട്ടിട്ടുണ്ടെന്നും അടുത്തമാസം 13ലെ അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ തക്കവണ്ണം റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും, കൗണ്‍സില്‍ ചേര്‍ന്നതിനു ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാവുകയെന്നും താല്‍ക്കാലിക വിസി ഡോ.പി.രവീന്ദ്രന്‍ പറയുന്നു.

മുന്‍പ് ”ഗ്വാണ്ടനാമോയില്‍ നിന്നുള്ള കവിതകള്‍” ല്‍ ഒരു കവിത കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അത് ഒഴിവാക്കണം എന്ന് റിപ്പോര്‍ട്ട് നല്‍കിയതും ഡോ. എം.എം. ബഷീര്‍ തന്നെയായിരുന്നു.

വേടന്റെ പാട്ടുകളും, ഗൗരി ലക്ഷ്മി ക്ഷേത്രത്തിന് പുറത്ത് വച്ചു പാടുന്ന അജിതാഹരേയും മുന്നോട്ട് വയ്ക്കുന്ന ഒരു രാഷ്ട്രീയമുണ്ട്, അതിനെയാണ് സംഘപരിവാര്‍ ഭയക്കുന്നത്. വിമതന്റെ ആയുധങ്ങളിലൊന്ന് പാട്ടാണെന്ന് ഇവിടുത്തെ ഭരണകൂട സംവിധാനങ്ങള്‍ക്കറിയാം. ആ സംവിധാനത്തിനാകട്ടെ, എപ്പോഴും സ്റ്റാറ്റസ്കൊയ്ക്ക് ഭീഷണിയെന്ന് തോന്നുന്ന എന്തിനെയും മുളയിലേ നുള്ളാന്‍ തോന്നും. അത് തന്നെയാണ് സംഘപരിവാറിന്റെ ഭയവും.

ജെന്‍ സീ, ജന്‍ ആല്‍ഫ കുട്ടികളിലേക്ക് ചരിത്രബോധം പകരുന്ന, വേര്‍തിരിവുകളോട് പ്രതികരിക്കുന്ന വേടന്റെ പാട്ടുകള്‍ തരംഗമാകുകയാണ്. വേടനാണ് ഇവിടെ ജാതി പ്രചരിപ്പിക്കുന്നതെന്ന് പറയുന്നവര്‍, മാട്രിമോണിയല്‍ പരസ്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ ആ തെറ്റിദ്ധാരണ മാറിക്കിട്ടും.

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും സംഗീത പരിപാടികളിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങളിലേക്ക് ഈ രാഷ്രീയവും ചരിത്രവും എത്താതിരിക്കാന്‍ വേണ്ടിയാണു സംഘപരിവാറും അവരുടെ തന്നെ പ്രച്ഛന്ന വേഷമണിഞ്ഞ സംഘടനകളും ശ്രമിക്കുന്നത്.

content highlights: Essay on report to omit Vedan and Gaurilakshmi’s songs from Calicut University textbook

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

We use cookies to give you the best possible experience. Learn more