| Monday, 16th November 2026, 7:37 pm

ഇറാനെതിരായ ആക്രമണങ്ങളില്‍ അമേരിക്കയും ഇസ്രഈലും ഭരണകൂട ഭീകരത നടപ്പാക്കുന്നു; ഇറാന്‍

ശ്രീരാഗ് പാറക്കല്‍

ടെഹ്‌റാന്‍: ഫ്രാന്‍സിലെ ‘റഫ്രിജറേറ്റര്‍ കേസുകള്‍’ മുതല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നുവെന്ന ആരോപണങ്ങളടക്കം ഇസ്രഈലിന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യാജവിവര പ്രചാരണമാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായി.

പാശ്ചാത്യ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറാനെക്കുറിച്ച് ഭയവും ശത്രുതയും വളര്‍ത്തുകയാണ് അമേരിക്കയുടെയും ഇസ്രഈലിന്റെയും ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

ഇറാനെതിരായ ആക്രമണങ്ങളില്‍ അമേരിക്കയും ഇസ്രഈലും ഭരണകൂട ഭീകരതയാണ് നടപ്പാക്കുന്നതെന്നും ഉദ്യോഗസ്ഥരെ വധിക്കുകയും സാധാരണക്കാരെ ലക്ഷ്യമിടുകയും ചെയ്‌തെന്നും ഇറാന്‍ ആരോപിച്ചു. എന്നാല്‍ ഇറാന്‍ നടത്തുന്നത് നിയമാനുസൃതമായ സ്വയംപ്രതിരോധമാണെന്നും വ്യക്തമാക്കി.

‘ഇറാനെതിരായ ആക്രമണ യുദ്ധത്തില്‍ അമേരിക്കയും ഇസ്രഈലും ഭരണകൂട ഭീകരതയുടെ ഏറ്റവും നഗ്‌നമായ രൂപമാണ് നടപ്പാക്കിയത്. ഉദ്യോഗസ്ഥരെ വധിക്കുകയും സാധാരണക്കാരെ ലക്ഷ്യമിടുകയും ചെയ്തു. എന്നാല്‍ ഇറാന്‍ ഉറച്ച പ്രതിരോധത്തിലൂടെയും നിയമാനുസൃതമായ സ്വയംരക്ഷയിലൂടെയുമാണ് ഇതിനോട് പ്രതികരിച്ചത്; ഇപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുന്നു. ശത്രുക്കളെപ്പോലെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് തിരിയേണ്ട ആവശ്യം ഇറാനില്ല,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

സ്വന്തം നേതാക്കളുടെ വിനാശകരമായ തീരുമാനങ്ങളുടെ ഇരകളായി മാറിയ സാധാരണക്കാര്‍ യു.എസിലും ഇസ്രഈലിലുമുണ്ട്. അവരുടെ ദൈനംദിന ജീവിതം തടസപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഇറാന്‍ വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇസ്രാഈലിന്റെ തീരുമാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഉപകരണമായി അമേരിക്ക മാറിയിരിക്കുന്നു എന്നും ബഗായ് പരിഹസിച്ചു.

നൂറുകണക്കിന് ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റുകളിലെ റഫ്രിജറേഷന്‍ യൂണിറ്റുകളിലെ താപനിലയില്‍ കൃത്രിമം കാണിക്കുകയും ദശലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ഭക്ഷണം നശിപ്പിക്കുകയും തീപിടുത്തങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതിന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള സൈബര്‍ യൂണിറ്റിന് പങ്കുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ഇറാന്റെ പ്രതികരണം.

Content Highlight: Esmail Baghaei stated that the goal of the United States and Israel is to foster fear and hostility toward Iran among the general public in Western countries

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more