| Friday, 25th September 2026, 10:33 pm

റൊണാൾഡോയും ഇബ്രാഹിമോവിച്ചും വീണു; ചരിത്രം തിരുത്തിക്കുറിച്ച് ഹാലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരെ നോർവേ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നോർവേയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നോർവേ ജയിച്ചുകയറിയത്.

2026 ഫിഫ ലോകകപ്പിൽ നടത്തിയ ഗോൾവേട്ട ഹാലണ്ട് നേഷൻസ് ലീഗിലും ആവർത്തിക്കുകയായിരുന്നു. മത്സരത്തിൽ നേടിയ ഇരട്ട ഗോളുകൾക്ക് പിന്നാലെ ഇന്റർനാഷണൽ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 64 ആക്കി ഉയർത്താനും മാഞ്ചസ്റ്റർ സിറ്റി താരത്തിന് സാധിച്ചു. വെറും 54 മത്സരങ്ങളിൽ നിന്നുമാണ് ഹാലണ്ട് ഇത്രയധികം ഗോളുകൾ അടിച്ചുകൂട്ടിയത്. ഏഴ് അസിസ്റ്റുകളും താരം നോർവേക്ക് വേണ്ടി താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇതോടെ ഇന്റർനാഷണൽ ഫുട്ബോളിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നാസാരിയോയെയും സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിച്ചിനെയും മറികടന്ന് കുതിക്കാനും ഹാലണ്ടിന് സാധിച്ചു. ഇരുവരും 62 ഗോളുകൾക്കായിരുന്നു തങ്ങളുടെ നാഷണൽ ടീമിന് വേണ്ടി അടിച്ചുകൂട്ടിയത്.

രണ്ട് ഇതിഹാസങ്ങളേക്കാൾ കുറവ് മത്സരം കളിച്ചാണ് ഹാലണ്ട് ഇത്രയധികം ഗോളുകൾ സ്വന്തമാക്കിയതെന്നും ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. റൊണാൾഡോ നസാരിയോ 99 മത്സരങ്ങളും ഇബ്രാഹിമോവിച്ച് 122 മത്സരങ്ങളും ആണ് ഇത്രയും ഗോളുകൾ നേടാൻ എടുത്തിരുന്നത്.

ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ 29ാം സ്ഥാനത്താണ് നോർവീജിയൻ താരം. ഓരോ മത്സരത്തിലും അമ്പരിപ്പിക്കുന്ന ഗോൾ സ്കോറിങ് തുടരുകയാണെങ്കിൽ ഫുട്ബോളിലെ പല റെക്കോഡുകളും ഹാലണ്ടിന്റെ മുന്നിൽ തകരുമെന്നുറപ്പാണ്.

മത്സരത്തിൽ തുടക്കത്തിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടി നോർവേ ആധിപത്യം കൈവരിക്കുകയായിരുന്നു. മത്സരത്തിന്റെ 14ാം മിനിട്ടിൽ ഓസ്കാർ ബോബിലൂടെയാണ് നോർവേ ആദ്യ ഗോൾ നേടിയത്. നാല് മിനിട്ടുകൾക്ക് ശേഷം ഹാലണ്ടിലൂടെ നോർവേ രണ്ടാം ഗോളും സ്വന്തമാക്കി. എന്നാൽ മൈക്കൽ ഡാംസ്കാർദിലൂടെയും റാസ്മസ് ഹോജണ്ടിലൂടെയും ഡെന്മാർക്ക് തിരിച്ചടിക്കുകയായിരുന്നു. 25, 60 എന്നീ മിനിട്ടുകളിലായിരുന്നു ഗോളുകൾ പിറന്നത്.

ഒടുവിൽ മത്സരത്തിന്റെ 74ാം മിനിട്ടിൽ ഹാലണ്ടിന്റെ ഗോളിലൂടെ നോർവേ ആവേശ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നോർവേ താരം ഡേവിഡ് വോളർ വോൾഫ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു.

ഈ തകർപ്പൻ വിജയത്തോടെ ഗ്രൂപ്പ് ഡി-യിൽ മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും നോർവേക്ക് സാധിച്ചു. സെപ്റ്റംബർ 28ന് പോർച്ചുഗലിനെതിരെയാണ് നോർവേയുടെ അടുത്ത മത്സരം.

Content Highlight: Erling Haland break Ronaldo Nazario and Zlatan Ibrahimovic goal scoring record in international football

We use cookies to give you the best possible experience. Learn more