കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആഴ്‌സണലും മൂന്നില്‍ മൂന്ന് വിജയം നേടിയെങ്കിലും അടിച്ച ഗോളുകളുടെ കരുത്തിലാണ് സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്.
സീസണില്‍ ബോണ്‍മൗത്ത്, ക്രിസ്റ്റല്‍ പാലസ്, കോവെന്‍ട്രി എന്നിവര്‍ക്കെതിരെയായിരുന്നു സിറ്റിയുടെ വിജയം.
ബോണ്‍മൗത്തിനെ ഒന്നിനെതിരെ നാല് ഗോളിനും ഈഗിള്‍സിനെ ഒന്നിനെതിരെ നാല് ഗോളിനും തോല്‍പ്പിച്ച സിറ്റി, എതിരില്ലാത്ത ഒരു ഗോളിനാണ് കോവെന്‍ട്രിയെ പരാജയപ്പെടുത്തിയത്. എര്‍ലിങ് ഹാലണ്ടാണ് ഈ ഗോള്‍ നേടിയത്.
ഈ ഗോളിന് പിന്നാലെ ക്ലബ്ബ് തലത്തിലെ തന്റെ ഗോള്‍ നേട്ടം 300 ആയി ഉയര്‍ത്താനും ഹാലണ്ടിനായി.
എര്‍ലിങ് ഹാലണ്ട്. Photo: Manchester City
സിറ്റിക്കായി 165 ഗോളുകള്‍ വലയിലെത്തിച്ച താരം ബൊറൂസിയ ഡോര്‍ട്മുണ്ട് ജേഴ്‌സിയില്‍ 86 ഗോളും അടിച്ചെടുത്തു. റെഡ് ബുള്‍ സാല്‍സ്‌ബെര്‍ഗ് (29) മോള്‍ഡെ എഫ്.കെ (20) എന്നിവര്‍ക്ക് വേണ്ടിയായിരുന്നു ശേഷിച്ച ഗോളുകള്‍.
ക്ലബ്ബ് തലത്തില്‍ ബൂട്ടുകെട്ടിയ 384ാം മത്സരത്തിലാണ് ഹാലണ്ട് മൂന്നൂറാം ഗോള്‍ നേടിയത്. ഏറ്റവും വേഗത്തില്‍ 300 ക്ലബ്ബ് ഗോളുകള്‍ നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഇതോടെ രണ്ടാം സ്ഥാനത്തെത്താനും ഹാലണ്ടിന് സാധിച്ചു.
ഇതിഹാസ താരം ലയണല്‍ മെസിയാണ് ഈ റെക്കോഡില്‍ ഒന്നാമന്‍. തന്റെ 300ാം ക്ലബ്ബ് ഗോള്‍ വലയിലെത്തിക്കുമ്പോള്‍ ഹാലണ്ടിനേക്കാള്‍ 19 മത്സരം കുറവായിരുന്നു മെസി കളിച്ചത്.
ലയണല്‍ മെസി
(താരം – മത്സരം എന്നീ ക്രമത്തില്‍)
ലയണല്‍ മെസി – 365
എര്‍ലിങ് ഹാലണ്ട് – 384*
കിലിയന്‍ എംബാപ്പെ – 398
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 499
ഹാരി കെയ്ന്‍ – 505
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയും ഹാലണ്ടും കളത്തിലിറങ്ങുക. നാളെ എസ്റ്റാഡിയോ ഡോ ഡ്രഗാവോ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരും ഹോം ടീമുമായ പോര്‍ട്ടോയാണ് എതിരാളികള്‍.
ശേഷം 13ന് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന മാഞ്ചസ്റ്റര്‍ നാട്ടങ്കമാണ് സിറ്റിയുടെ അതുത്ത മത്സരം. ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.
Content Highlight: Erling Haaland ranks second only to Messi among players who have rapidly reached the 300-goal mark at the club level.