| Sunday, 21st December 2025, 4:00 pm

രണ്ടടിച്ച് ഹാലണ്ട് മുന്നോട്ട്; പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ രാജകുമാരന്റെ കുതിപ്പ്

ഫസീഹ പി.സി.

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.

ക്രിസ്മസിന് പിരിയുന്നതിന് മുമ്പുള്ള സിറ്റിയുടെ അവസാന മത്സരത്തില്‍ ഇരട്ട ഗോള്‍ അടിച്ചാണ് ഹാലണ്ട് തിളങ്ങിയത്. ഇതോടെ ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെ തന്റെ നേട്ടം താരം 19 ആക്കി ഉയര്‍ത്തി. വെറും 17 മത്സരങ്ങളില്‍ കളിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഏർലിങ് ഹാലണ്ട്. Photo: Tadic/x.com

പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും ഹലാണ്ട് തന്റെ പേര് എഴുതി ചേര്‍ത്തു. ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ക്രിസ്മസിന് മുമ്പ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ ലിസ്റ്റിലാണ് നോർവീജിയൻ സ്ട്രൈക്കര്‍ തന്റെ പേരും കുറിച്ചത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു താരം ഈ ലിസ്റ്റിലേക്ക് എത്തിയത്.

ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ക്രിസ്മസിന് മുമ്പ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍

(താരം – ടീം – സീസണ്‍ എന്നീ ക്രമത്തില്‍)

ഏര്‍ലിങ് ഹാലണ്ട് – മാഞ്ചസ്റ്റര്‍ സിറ്റി – 2025/26

ലൂയിസ് സുവാരസ് – ലിവര്‍പൂള്‍ – 2013/14

കെവിന്‍ ഫിലിപ്‌സ് – സണ്ടര്‍ലാന്‍ഡ് – 1999/2000

ആന്‍ഡി കോള്‍ – ന്യൂകാസ്റ്റില്‍ യുണൈറ്റഡ് – 1993/94

അതേസമയം, മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സിറ്റി ലീഡ് നേടിയിരുന്നു. ഹാലണ്ടാണ് ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. അഞ്ചാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ തന്നെ സിറ്റി തങ്ങളുടെ ലീഡ് ഉയര്‍ത്തി.

38ാം മിനിട്ടിലായിരുന്നു സിറ്റിയുടെ രണ്ടാം ഗോള്‍ പിറന്നത്. ടിജ്ജാനി റെയ്ജണ്ടേഴ്‌സായിരുന്നു പന്ത് വലയിലെത്തിച്ചത്. ഈ ഗോളിനായി അസിസ്റ്റ് നല്‍കിയത് ഹാലണ്ടായിരുന്നു.

ടിജ്ജാനി റെയ്ജണ്ടേഴ്‌സ്. Photo: Manchester City/x.com

ഒന്നാം പകുതി അതേ സ്‌കോറില്‍ അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ സിറ്റി തങ്ങളുടെ അവസാന ഗോള്‍ കണ്ടെത്തി. 69ാം മിനിട്ടിലായിരുന്നു ടീമിന്റെ മൂന്നാം ഗോള്‍. ഹാലണ്ടിന്റെ കാലില്‍ നിന്നാണ് പന്ത് തുളച്ച് കയറിയത്. ഏറെ വൈകാതെ സിറ്റിയുടെ വിജയമുറപ്പിച്ച് ഫൈനല്‍ വിസിലെത്തി.

Content Highlight: Erling Haaland joins in the list of players for the most goals scored before Christmas in a Premier League season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more