| Tuesday, 23rd June 2026, 1:12 pm

സെനഗലിനെ വീഴ്ത്തി നോര്‍വേ രാജകുമാരന്‍; ചരിത്രത്തിലെ അപൂര്‍വ നേട്ടത്തില്‍ ഇനി ഇവനും

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി നോര്‍വേയുടെ കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് ഐയിലെ ആവേശകരമായ മത്സരത്തില്‍ സെനഗലിനെ 3-2ന് കീഴടക്കിയാണ് നോര്‍വേ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്.

ആദ്യ പകുതിയുടെ 43ാം മിനിട്ടില്‍ മാര്‍ക്കസ് പെഡേഴ്‌സന്‍ നേടിയ ഗോളിലൂടെയാണ് നോര്‍വേ ലീഡ് നേടിയത്. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ നോര്‍വേ നായകന്‍ മാര്‍ട്ടിന്‍ ഒഡെഗാഡിന്റെ പാസില്‍ എര്‍ലിങ് ഹാലന്‍ഡ് വലകുലുക്കി.

എന്നാല്‍ 53ാം മിനിട്ടില്‍ ഇസ്മായില സാര്‍ സെനഗലിനായി നോര്‍വേ വലയില്‍ തിരിച്ചടിച്ചു. പക്ഷെ 58ാം മിനിട്ടില്‍ ഹാലന്‍ഡ് വീണ്ടും ലക്ഷ്യം കണ്ടതോടെ നോര്‍വേ 3-1ന് മുന്നിലെത്തി. മത്സരത്തിന്റെ അവസാന ഘട്ടത്തിലെ എക്‌സ്ട്രാ ടൈമില്‍ ഇസ്മായില സാര്‍ തന്റെ രണ്ടാം ഗോളും നേടിയെങ്കിലും സെനഗല്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

മത്സരത്തില്‍ രണ്ട് ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ മത്സരത്തിലെ താരമാകാനും ഹാലന്‍ഡിന് സാധിച്ചിരുന്നു. മാത്രമല്ല മത്സരത്തിലെ ഇരട്ടഗോളോടെ ഹാലന്‍ഡ് ഒരു അപൂര്‍വ ലോകകപ്പ് റെക്കോഡും സ്വന്തമാക്കി.

ഫിഫ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടോ അതിലധികം ഗോളോ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് ഹാലന്‍ഡിന് സാധിച്ചത്. ഈ നേട്ടത്തില്‍ ആറാമനായാണ് താരം ഇടം നേടിയത്.

ലോകകപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ രണ്ടോ അതിലധികമോ ഗോള്‍ നേടുന്ന താരങ്ങള്‍

(താരം, രാജ്യം, വര്‍ഷം, ആദ്യ മത്സരത്തിലെ ഗോള്‍, രണ്ടാം മത്സരത്തിലെ ഗോള്‍ എന്ന ക്രമത്തില്‍)

ഗില്ലര്‍മോ സ്റ്റബിന്‍ – അര്‍ജന്റീന – 1930 – 3 – 2

സാണ്ടര്‍ കോസിസ് – ഹംഗറി – 1954 – 3 – 4

ജസ്റ്റിന്‍ ഫോണ്ടെയ്ന്‍ – ഫ്രാന്‍സ് – 1958 – 3 – 2

ഗ്രെഗോര്‍സ് ലോട്ടോ – പോളണ്ട് – 1974 – 2 – 2

ഹാരി കെയ്ന്‍ – ഇംഗ്ലണ്ട് – 2018 – 2 – 3

എര്‍ലിങ് ഹാലന്‍ഡ് – നോര്‍വേ – 2026 – 2 – 2

ഇതിന് പുറമെ ലോകകപ്പില്‍ നോര്‍വേയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ (59) നേടിയ താരമായും മാറിയിരുന്നു. ലോകകപ്പിലെ അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ റെക്കോഡുകള്‍ വാരിക്കൂട്ടുന്ന ഹാലന്‍ഡിന്റെ മികവിലാണ് നോര്‍വേ ഇത്തവണ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നത്. സെനഗലിനെതിരായ വിജയത്തോടെ നോര്‍വീജിയന്‍ പട ലോക ഫുട്‌ബോളിന് വ്യക്തമായ മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.
ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ആറ് പോയിന്റുമായി നോര്‍വേ ഗ്രൂപ്പില്‍ മുന്നിലെത്തി.

Content Highlight: Erling Haaland In Rare Record Achievement In FIFA World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more