ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരവും വിജയിച്ചുകൊണ്ട് അപരാജിത കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ നടന്ന മത്സരത്തിൽ സണ്ടർലാൻഡിനെ 5-3ന് കീഴടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ചുകയറിയത്.
മത്സരത്തിൽ സിറ്റിക്ക് വേണ്ടി നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ട് ലക്ഷ്യം കണ്ടിരുന്നു. ഈ ഗോളിന് പിന്നാലെ ഒരു അപൂർവ നേട്ടവും ഹാലണ്ടിന്റെ പേരിൽ കുറിക്കപ്പെട്ടു.
ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ നേരിട്ട എല്ലാ ടീമുകൾക്കെതിരെയും ഗോൾ നേടാനാണ് നോർവേ താരത്തിന് സാധിച്ചത്, 25 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയാണ് ഹാലണ്ട് കുതിക്കുന്നത്.
ആഴ്സണൽ, ആസ്റ്റൺ വില്ല, ബോൺമൗത്ത്, ബ്രെന്റ്ഫോർഡ്, ബ്രൈറ്റൺ, ബേൺലി, ചെൽസി, കോവെൻട്രി, ക്രിസ്റ്റൽ പാലസ്, എവർട്ടൺ. ഫുൾഹാം, ഇപ്സ്വിച് ടൗൺ, ലീഡ്സ് യുണൈറ്റഡ്, ലെസ്റ്റർ സിറ്റി, ലിവർപൂൾ, ലുട്ടോൺ ടൗൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ്, നോട്ടിങ്ഹാം ഫോറസ്റ്റ്, ഷെഫീൽഡ് യുണൈറ്റഡ്, സതാംപ്ടൺ, ടോട്ടൻഹാം ഹോട്സ്പർ, വെസ്റ്റ് ഹാം, വോൾവ്സ്, സണ്ടർലാൻഡ് എന്നീ ടീമുകൾക്കെതിരെയാണ് ഹാലണ്ട് ഗോൾ നേടിയത്.
അടുത്തിടെ ഹാലണ്ട് ക്ലബ്ബ് ഫുട്ബോളിൽ 300 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. കൊവെൻട്രിക്കെതിരെ ഈ സീസണിൽ നേടിയ ഗോളിന് പിന്നാലെയാണ് താരത്തിന്റെ നേട്ടം.
ഏറ്റവും വേഗത്തിൽ 300 ക്ലബ്ബ് ഗോളുകൾ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമായും ഹാലണ്ട് മാറിയിരുന്നു. 384 മത്സരങ്ങളിൽ നിന്നുമാണ് താരം 300 ഗോളുകൾ അടിച്ചുകൂട്ടിയത്.
ഈ ചരിത്രനേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ്. മെസി 365 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിൽ ഹാലണ്ടിന് പുറമെ അന്റോയിൻ സെമെന്യോ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ എൻസോ ഫെർണാണ്ടസ്, റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായി. ബ്രയാൻ ബ്രോബി സണ്ടർലാൻഡിന് വേണ്ടി ഹാട്രിക് നേടി തിളങ്ങി.
ഈ തകർപ്പൻ വിജയത്തോടെ ഇംഗ്ലീഷ് പ്രിമീയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ അഞ്ച് വിജയവുമായി 15 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ഒക്ടോബർ 11ന് ലിവർപൂളിനെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.
Content Highlight: Erling Haaland create a rare record in English premiere league