ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. കൊവെന്‍ട്രിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി സീസണിലെ മൂന്നാം വിജയം കൈപ്പിടിയിലാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടിന്റെ ഗോളിനാണ് സിറ്റിയുടെ വിജയം.
ഒരു തകര്‍പ്പന്‍ ഹെഡറിലോടെയാണ് ഹാലണ്ട് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും നോര്‍വീജിയന്‍ താരം സ്വന്തമാക്കി. ക്ലബ്ബ് കരിയറില്‍ 300 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് ഹാലണ്ട് റെക്കോഡിട്ടത്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 165 ഗോളുകള്‍ നേടിയാണ് ഹാലണ്ട് കുതിക്കുന്നത്. ജര്‍മന്‍ ക്ലബ്ബുകളായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് വേണ്ടി 85 ഗോളുകളും റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനായി 29 ഗോളുകളും നോര്‍വേ ക്ലബ്ബ് മോള്‍ഡെ എഫ്.കെക്ക് വേണ്ടി 20 ഗോളുകളും താരം സ്വന്തമാക്കി. വെറും 384 മത്സരങ്ങളില്‍ നിന്നുമാണ് താരം 300 ഗോളുകള്‍ അടിച്ചുകൂട്ടിയത്.
ഏറ്റവും വേഗത്തില്‍ 300 ക്ലബ്ബ് ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരം കൂടിയാണ് ഹാലണ്ട്. ഈ ചരിത്രനേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ്. മെസി 365 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം ആദ്യ ഗോള്‍ നേടിയതിന് ശേഷം ലീഡ് ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ബോള്‍ പോഷസനിലും ഷോട്ടുകളുടെ എണ്ണത്തിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലിയ അധിപത്യമായിരുന്നു.
78 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി 11 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ മൂന്ന് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലെക്ക് ആയിരുന്നു. മറുഭാഗത്ത് എട്ട് ഷോട്ടുകളില്‍ നിന്നും മൂന്ന് ഷോട്ടുകളാണ് സന്ദര്‍ശകര്‍ക്ക് സിറ്റിയുടെ പോസ്റ്റിലെത്തിക്കാന്‍ സാധിച്ചത്.
നിലവില്‍ ഹാട്രിക് ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് അടുത്ത മത്സരത്തില്‍ സിറ്റി കളത്തിലിറങ്ങുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയാണ് സിറ്റിയുടെ എതിരാളികള്‍.
Content Highlight: Erling Haaland create a historical record in club football