| Wednesday, 9th September 2026, 7:28 pm

ഇനി സ്ഥാനം അര്‍ജന്റൈന്‍ ഇതിഹാസത്തിനൊപ്പം; ചരിത്രത്തിലേക്ക് നടന്നുകയറി ഹാലണ്ട്

സുദേവ് എ

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി വരവറിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്.

നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റിക്ക് വേണ്ടി ഹാലണ്ട് എതിരാളിയുടെ വല കുലുക്കി. 47ാം മിനിട്ടില്‍ ഹെഡ്ഡറിലൂടെയായിരുന്നു താരം ഗോള്‍ നേടിയത്.

ചെല്‍സിയില്‍ നിന്നും ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ അര്‍ജന്റൈന്‍ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ മികച്ച ക്രോസില്‍ നിന്നുമാണ് ഹാലണ്ട് ആദ്യ ഗോള്‍ നേടിയത്.

പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഹാലണ്ട് വീണ്ടും എതിരാളിയുടെ വല കുലുക്കി. റയാന്‍ ഐറ്റ് നൂരി നല്‍കിയ മാന്ത്രിക പാസിലൂടെയായിരുന്നു ഹാലണ്ടിന്റെ രണ്ടാം ഗോള്‍.

ഇരട്ട ഗോള്‍ പ്രകടനത്തിലൂടെ ഒരു ചരിത്ര നേട്ടമാണ് ഹാലണ്ട് കൈപ്പിടിയിലാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ഹാലണ്ട് മാറി. 35 ഗോളുകളുമായാണ് താരം സിറ്റിയുടെ എക്കാലത്തെയും മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരനായത്.

ഈ റെക്കോഡില്‍ അര്‍ജന്റൈന്‍ ഇതിഹാസം സെര്‍ജിയോ അഗ്യൂറോക്കൊപ്പമാണ് നിലവില്‍. വരും മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി എതിര്‍ ടീമിന്റെ വലയിലെത്തിച്ചാല്‍ ഈ നേട്ടത്തില്‍ അഗ്യൂറോയെയും മറികടക്കാന്‍ നോര്‍വീജിയന്‍ താരത്തിന് സാധിക്കും.

ചാമ്പ്യന്‍സ് ലീഗില്‍ 59 ഗോളുകള്‍ നേടിയാണ് താരത്തിന്റെ കുതിപ്പ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളറെ മറികടക്കാനും ഹാലണ്ടിന് സാധിച്ചു.

അടുത്തിടെ ക്ലബ്ബ് കരിയറില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ലിലേക്കും ഹാലണ്ട് നടന്നുകയറിയിരുന്നു. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ കൊവെന്‍ട്രിക്കെതിരെ ഗോള്‍ നേടിയായിരുന്നു നോര്‍വേ താരത്തിന്റെ ഈ ചരിത്ര നേട്ടം.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 167 ഗോളുകള്‍ നേടിയാണ് ഹാലണ്ട് കുതിക്കുന്നത്. ജര്‍മന്‍ ക്ലബ്ബുകളായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് വേണ്ടി 85 ഗോളുകളും റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനായി 29 ഗോളുകളും നോര്‍വേ ക്ലബ്ബ് മോള്‍ഡെ എഫ്.കെക്ക് വേണ്ടി 20 ഗോളുകളും താരം സ്വന്തമാക്കി. വെറും 385 മത്സരങ്ങളില്‍ നിന്നുമാണ് താരം 302 ഗോളുകള്‍ അടിച്ചുകൂട്ടിയത്.

അതേസമയം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ സെപ്റ്റംബര്‍ 12നാണ് മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത മത്സരത്തിനിറങ്ങുന്നത്. ആവേശകരമായ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെയാണ് സിറ്റി നേരിടുക.

Content Highlight: Erling Haaland create a historical record for Manchester City in UCL

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more