| Wednesday, 3rd December 2025, 2:40 pm

നൂറിനൊപ്പം നാന്നൂറുമടിച്ച് ഹാലണ്ട്: ഇതിഹാസങ്ങളെ നിങ്ങളാരും അത്ര സെയ്ഫല്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചിരുന്നു. ത്രില്ലറില്‍ ഫുള്‍ഹാമിനെയാണ് ടീം തകര്‍ത്തെറിഞ്ഞത്. ഒമ്പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ടീം വിജയിച്ചത്.

ഈ മത്സരത്തില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. ടീമിനായി ആദ്യ ഗോള്‍ കണ്ടെത്തിയതിനൊപ്പം രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. 17ാം മിനിറ്റിലാണ് ടീമിനായി താരം ആദ്യ ഗോള്‍ നേടിയത്. പിന്നാലെ, ടീമിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

മത്സരത്തിനിടെ എർലിങ് ഹാലണ്ട് Photo: Manchester City/x.com

ടൈജ്ജാനി റെയ്ണ്ടേഴ്‌സാണ് സിറ്റിയ്ക്കായി ഈ ഗോള്‍ നേടിയത്. ഒപ്പം ഫില്‍ ഫോഡന്റെ രണ്ടാം ഗോളിനും അസിസ്റ്റ് നല്‍കിയത് ഹാലണ്ട് തന്നെയാണ്. ഇതോടെ കരിയറിലെ ഗോള്‍ കോണ്ട്രിബൂഷന്‍ 400 ആക്കി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. വിവിധ ക്ലബ്ബുകള്‍ക്കും ദേശിയ ടീമിനുമായി ബൂട്ട് കെട്ടിയാണ് താരം ഈ മൈല്‍സ്റ്റോണില്‍ മുത്തമിട്ടത്.

ഹാലണ്ട് കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവന നേടിയത് ഇപ്പോഴത്തെ തന്റെ ടീമായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വേണ്ടിയാണ്. ടീമിനായി 144 ഗോളും 23 അസിസ്റ്റുമാണ് താരം സ്വന്തം പേരില്‍ എഴുതിയത്. സിറ്റിയ്ക്കും നോര്‍വെയ്ക്കും പുറമെ തന്റെ ആദ്യ ക്ലബ്ബുകളിലെ സംഭാവനകള്‍ കൂട്ടി താരത്തിന് ഇപ്പോള്‍ 401 ഗോള്‍ കോണ്ട്രിബൂഷനാണുള്ളത്. വെറും 25ാം വയസിലാണ് നോര്‍വേ താരം ഈ റെക്കോഡ് കുതിപ്പ് നടത്തുന്നത്.

എര്‍ലിങ് ഹാലണ്ടിന്റെ ഗോള്‍ കോണ്ട്രിബൂഷന്‍സ്

(ടീം – ഗോള്‍ – അസിസ്റ്റ് എന്നീ ക്രമത്തില്‍)

മാഞ്ചസ്റ്റര്‍ സിറ്റി – 144 – 23

ബൊറൂസിയ ഡോര്‍ട്മുണ്ട് – 86 – 23

നോര്‍വേ – 55 – 6

മോള്‍ഡെ – 20 – 6

സാല്‍സ്ബര്‍ഗ് – 29 – 7

മോള്‍ഡെ 2 – 29 – 7

ഇതിന് പുറമെ, പ്രീമിയര്‍ ലീഗില്‍ 100 ഗോളുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും ഹാലണ്ട് സ്വന്തമാക്കി. 111 മത്സരങ്ങളില്‍ മാത്രം കളിച്ചായിരുന്നു താരത്തിന്റെ ഈ നേട്ടം. 1995ല്‍ അലന്‍ ഷിയറര്‍ കുറിച്ച റെക്കോഡാണ് ഇതോടെ തകര്‍ക്കപ്പെട്ടത്. 30 വര്‍ഷത്തെ റെക്കോഡ് തകര്‍ത്താണ് താരത്തിന്റെ ഈ നേട്ടം.

മത്സരത്തിനിടെ ഫിൽ ഫോഡൻ Photo: Manchester City/x.com

അതേസമയം, മത്സരത്തില്‍ ഫില്‍ ഫോഡന്‍ രണ്ട് ഗോളും ടൈജ്ജാനി റെയ്ണ്ടേഴ്‌സ് ഒരു ഗോളും നേടി. ഒപ്പം സാന്‍ഡര്‍ ബെര്‍ജിന്റെ ഓണ്‍ ഗോളും ടീമിനെ തുണച്ചു. ഫുള്‍ഹാമിന് വേണ്ടി സാമുവല്‍ ചുക്വൂസ് ഇരട്ട ഗോളും അലക്‌സ് അവോബിയും എമില്‍ സ്മിത്ത് റോവും ഓരോ ഗോളും നേടി.

Content Highlight: Erling Haaland completed 400 goal contributions in his career

We use cookies to give you the best possible experience. Learn more