| Friday, 16th October 2026, 5:14 pm

മെസിയും അർജന്റൈൻ ഇതിഹാസവും വീണു; ചരിത്രം കുറിച്ച് ഹാലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നോട് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് വമ്പന്മാർ ജയിച്ചുകയറിയത്. ഈ സീസണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ പരാജയമാണിത്.

ഡെസിറെ ഡൗ, ഒസ്മാനെ ഡെംബെലെ, വിറ്റിൻഹ, മാഗ്നെസ് അക്ലിയോഷെ എന്നിവരാണ് പാരീസിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ സിറ്റിക്കായി നോർവീജിയൻ സൂപ്പർതാരം ഏർലിങ് ഹാലണ്ടാണ് ഇരട്ട ഗോൾ നേടി കരുത്തുകാട്ടിയത്.

ഇരട്ട ഗോൾ നേടിയതിന് പിന്നാലെ ഹാലണ്ട് ചാമ്പ്യൻസ് ലീഗിലെ പല റെക്കോഡുകളും തിരുത്തിയെഴുതി. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 ഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ചാണ് നോർവീജിയൻ താരം സിറ്റിയുടെ എക്കാലത്തെയും മികച്ച വേട്ടക്കാരനായി മാറിയത്. അർജന്റീന ഇതിഹാസം സെർജിയോ അഗ്യൂറോയെ മറികടന്നാണ് ഹാലണ്ട് ഒന്നാമനായത്.

ഇതിന് പുറമെ ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകൾ പൂർത്തിയാക്കാനും ഹാലണ്ടിന് സാധിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ 60 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഹാലണ്ട് തന്റെ പേരിലാക്കി മാറ്റി. 26 വയസും 86 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. ഈ റെക്കോഡിൽ അർജന്റീന ഇതിഹാസം ലയണൽ മെസിയെയാണ് ഹാലണ്ട് മറികടന്നത്.

26 വയസും 85 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മെസിയുടെ നേട്ടം. മെസിയെക്കാൾ ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് സിറ്റി സ്‌ട്രൈക്കർ ഈ നേട്ടം സ്വന്തമാക്കിയത്.

ചാമ്പ്യൻസ് ലീഗിൽ ആദ്യ 60 മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവും ഹാലണ്ട് തന്നെയാണ്. ആദ്യ 60 മത്സരങ്ങളിൽ നിന്നും 48 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ മുൻ നെതർലാൻഡ്‌സ് താരം റൂഡ് വാൻ നിസ്റ്റൽറൂയിനെ മറികടന്നാണ് ഹാലണ്ടിന്റെ കുതിപ്പ്.

യു.സി.എല്ലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ ജർമൻ ക്ലബ്ബുകളായ സാൽസ്ബർഗ്, ബൊറൂസിയ ഡോർട്മുണ്ട് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ഹാലണ്ട് ബൂട്ടുകെട്ടിയിട്ടുണ്ട്. വരും മത്സരങ്ങളിലും താരത്തിന്റെ ബൂട്ടുകളിൽ നിന്നും ഗോളുകൾ പിറക്കുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അപരാജിത കുതിപ്പ് തുടരുകയാണ്. ആദ്യ ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി. പ്രിമീയർ ലീഗിൽ ഒക്ടോബർ 17നാണ് സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ നടക്കുന്ന പോരാട്ടത്തിൽ ഇപ്സ്വിച് ടൗണാണ് എതിരാളികൾ.

Content Highlight: Erling Haaland break Lionel Messi and Sergio Aguero record in Champions league

We use cookies to give you the best possible experience. Learn more