| Wednesday, 21st January 2026, 11:45 am

എല്ലാത്തിനും ഉത്തരവാദി ഞാന്‍ മാത്രം, ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു; മനംനൊന്ത് ഹാലണ്ട്

ആദര്‍ശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വന്‍ പരാജയമേറ്റുവാങ്ങി ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ നേരിട്ട ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും കരകയറും മുമ്പ് നോര്‍വീജിയന്‍ ക്ലബ്ബായ എഫ്.കെ ബോഡോ ഗ്ലിംറ്റിനോട് പരാജയപ്പെട്ടാണ് സിറ്റിസണ്‍സ് തലകുനിച്ചുനിന്നത്. ആസ്പ്‌മെറ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ തോല്‍വി.

ഈ തോല്‍വിയില്‍ പ്രതികരിക്കുകയാണ് മാന്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട്. പരാജയം ഏറെ വേദനിപ്പിക്കുന്നതാണെന്നും ഗോളടിക്കാന്‍ സാധിക്കാത്തതിന്റെ എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുകയാണെന്നും നോര്‍വീജിയന്‍ ഇന്റര്‍നാഷണല്‍ കൂടിയായ ഹാലണ്ട് പറഞ്ഞു.

‘ഗോളടിക്കാന്‍ സാധിക്കാതെ പോയതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഓരോ ആരാധകരോടും, ഞങ്ങളെ പിന്തുണയ്ക്കാന്‍ ഇവിടേക്ക് പറന്നെത്തിയ ഓരോ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,’ മത്സരശേഷം ഹാലണ്ട് പറഞ്ഞു.

മത്സരത്തില്‍, ഫില്‍ ഫോഡന്‍, എര്‍ലിങ്, ഹാലണ്ട്, റയാന്‍ ചെര്‍ക്കി എന്നിവരെ മുന്നേറ്റത്തിന്റെ സാരഥ്യമേല്‍പ്പിച്ച് 4-4-3 എന്ന ഫോര്‍മേഷനാണ് പെപ് ഗ്വാര്‍ഡിയോള അവലംബിച്ചത്. മറുവശത്ത് ബോഡോ ഗ്ലിംറ്റ് പരിശീലകന്‍ കെജെറ്റില്‍ നട്‌സണും സമാന ഫോര്‍മേഷന്‍ അവലംബിച്ചു.

മത്സരത്തിന്റെ 22ാം മിനിട്ടില്‍ ഹോം ടീം ആദ്യ ഗോള്‍ നേടി. ഒലെ ഡിഡ്രിക് ബ്ലോംബെര്‍ഗിന്റെ അസിസ്റ്റില്‍ കാസ്പര്‍ ഹോഗാണ് ഗോള്‍ നേടിയത്.

ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്നും സിറ്റിസണ്‍സ് കരകയറും മുമ്പ് 24ാം മിനിട്ടില്‍ കാസ്പര്‍ വീണ്ടും ഗോള്‍ കണ്ടെത്തി. ഇത്തവണയും ബ്ലോംബെര്‍ഗ് തന്നെയാണ് ഗോളിന് വഴിയൊരുക്കിയത്.

തുടര്‍ന്ന് ഗോള്‍ മടക്കാന്‍ സിറ്റി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ രണ്ട് ഗോളിന് പിന്നില്‍ ഇംഗ്ലീഷ് ശക്തി ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലും സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ഹോം ടീം മൂന്നാം ഗോള്‍ നേടി. ബ്രണ്‍സ്റ്റാന്‍ഡ് ഫെറ്റിന്റെ അസിസ്റ്റില്‍ ജെന്‍സ് പീറ്റര്‍ ഹൗഗാണ് മത്സരത്തില്‍ മൂന്നാം തവണയും ജിയാന്‍ലൂജി ഡൊണാറൂമയെ മറികടന്ന് വലകുലുക്കിയത്.

60ാം മിനിട്ടിലാണ് സിറ്റിയുടെ ആദ്യ ഗോള്‍ വന്നത്. നിക്കോ ഒ റൈലിയുടെ അസിസ്റ്റില്‍ ചെര്‍ക്കിയാണ് ഗോളടിച്ചത്. തുടര്‍ന്നും ഗോളടിക്കാന്‍ സിറ്റിയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെങ്കിലും അതൊന്നും വലയിലെത്തിക്കാന്‍ ടീമിന് സാധിച്ചില്ല.

ഇതിനിടെ ഒരു മിനിട്ടില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് റോഡ്രി പുറത്ത് പോയതും സിറ്റിക്ക് തിരിച്ചടിയായി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ടീം 3-1ന്റെ പരാജയമേറ്റുവാങ്ങി.

ഈ തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ സിറ്റി ഏഴാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 11 പോയിന്റാണ് ടീമിനുള്ളത്. സിറ്റിയെ തോല്‍പിച്ച ഗ്ലിംറ്റ് നിലവില്‍ 27ാം സ്ഥാനത്താണ്.

ജനുവരി 29ാനാണ് യു.സി.എല്ലില്‍ സിറ്റിയുടെ അടുത്ത മത്സരം. ടര്‍ക്കിഷ് വമ്പന്‍മാരായ ഗളറ്റാസരേയാണ് എതിരാളികള്‍.

Content Highlight: Erling Haaland apologizes to fans for Manchester City’s defeat

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more