പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് വമ്പൻ പ്രസ്താവന നടത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. കഴിഞ്ഞ ഏഴ്, എട്ട് വർഷങ്ങളിലായി റൊണാൾഡോക്ക് പഴയത് പോലെ പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്നാണ് ടെൻ ഹാഗ് പറഞ്ഞത്.
ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിൽ എത്തിയതോടെ റൊണാൾഡോയുടെ മികച്ച കാലം അവസാനിച്ചുവെന്നും ടെൻ ഹാഗ് വ്യക്തമാക്കി. ഇ.എസ്.പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടെൻ ഹാഗ്.
‘തീർച്ചയായും അദ്ദേഹം മികച്ചൊരു താരമാണ്. എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമാണ്. എന്നാൽ കഴിഞ്ഞ ഏഴ്, എട്ട് വർഷമായി അദ്ദേഹത്തിന് പഴയത് പോലെ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്നതാണ് സത്യം. യുവന്റസിൽ എത്തിയതോടെ അദ്ദേഹത്തിന്റെ നല്ല കാലം അവസാനിച്ചു,’ ടെൻ ഹാഗ് പറഞ്ഞു.
ടെൻ ഹാഗിന്റെ ഈ വാക്കുകളെല്ലാം മറികടന്ന് നിലവിൽ തന്റെ 41ാം വയസിലും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദിയിൽ അൽ നസറിനൊപ്പം ഈ സീസണിലും റൊണാൾഡോ ഗോൾ വേട്ട തുടങ്ങിയിട്ടുണ്ട്.
അൽ ഖുലൂദിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ ഹാട്രിക് നേടി തിളങ്ങിയിരുന്നു. തന്റെ കരിയറിലെ 67ാം ഹാട്രിക്കാണ് റൊണാൾഡോ അടിച്ചെടുത്തത്. 67 ഹാട്രിക് നേട്ടത്തിൽ അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ പത്താം ഹാട്രിക്കായിരുന്നു ഇത്.
നിലവിൽ റൊണാൾഡോ ആയിരം ഗോളുകളോട് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇതുവരെ 985 ഗോളുകൾ നേടിയ റൊണാൾഡോക്ക് 15 ഗോളുകൾ കൂടി എതിർ ടീമിന്റെ വലയിൽ എത്തിക്കാൻ സാധിച്ചാൽ ഈ മാന്ത്രിക സംഖ്യയിലേക്ക് നടന്നുകയറാൻ സാധിക്കും.
അടുത്തിടെ ഈ സീസണായിരിക്കും ഫുട്ബോളിലെ തന്റെ അവസാന വർഷമെന്ന് റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ അവസാന സീസണിൽ റൊണാൾഡോ ആയിരം ഗോളുകളെന്ന വലിയ നേട്ടം സ്വന്തമാക്കി മടങ്ങാനാകും റൊണാൾഡോ ലക്ഷ്യം വെക്കുക.
Content Highlight: Erik Ten Hag talks about Cristiano Ronaldo