തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് കെ.ജെ ഷൈനിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കെ.എം ഷാജഹാന് ജാമ്യം. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഷാജഹാനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ആകുളത്തെ വീട്ടില്‍ നിന്നും ഷാജഹാനെ എറണാകുളം ചെങ്ങമനാട് പൊലീസിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
കെ.ജെ. ഷൈന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പരാതിയില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ പൊലീസ് കെ.എം. ഷാജഹാനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ കോടതി ചോദ്യം ചെയ്തു.
എങ്ങനെയാണ് മൂന്ന് മണിക്കൂര്‍ 55 മിനിറ്റുകൊണ്ട് പൊലീസ് തിരുവനന്തപുരത്തെ ഷാജഹാന്റെ വസതിയിലെത്തിയത്? ആരാണ് ചെങ്ങമനാട് എസ്.ഐക്ക് അറസ്റ്റിനുള്ള അധികാരം നല്‍കിയതെന്നും സി.ജെ.എം കോടതി ചോദിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉത്തരവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ലൈംഗിക ചുവയുള്ള ഏതെങ്കിലും വാക്ക് ഷാജഹാന്‍ ഉപയോഗിച്ചതായി കാണിച്ചുതരുമോയെന്നും കോടതി ചോദിച്ചു.
കെ.എം ഷാജഹാന്‍ ലൈംഗിക ചുവയുള്ള വാക്കുകള്‍ നിരന്തരം ഉപയോഗിക്കുന്നു. നിരന്തരം അപകീര്‍ത്തി പ്രചാരണം നടത്തുന്നു എന്നായിരുന്നു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
Content Highlight: Eranakulam CJM court granted bail to KM Shajahan