| Thursday, 23rd October 2025, 11:09 am

പേരാമ്പ്ര സംഘര്‍ഷം പൊലീസ് ഗൂഢാലോചന; ശബരിമല വിഷയം മറയ്ക്കാനുള്ള തന്ത്രം: ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ സംഘര്‍ഷം ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം മറയ്ക്കാനുള്ള തന്ത്രമെന്ന് ഷാഫി പറമ്പില്‍ എം.പി.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഒരു വിശ്വാസിയും അവിശ്വാസിയും പൊറുക്കാത്ത തെറ്റാണെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താനും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ കുമാറും എത്തിയത് സംഘര്‍ഷമുണ്ടാക്കാനല്ല. സമാധാനം സ്ഥാപിക്കാനാണ്. തന്നെ ആക്രമിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

സംഘര്‍ഷമുണ്ടാക്കിയത് പൊലീസാണ്. താന്‍ എത്തുന്നതിന് മുമ്പും പൊലീസ് അതിക്രമമുണ്ടായി. എഫ്.ഐ.ആറില്‍ യു.ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം കുറ്റം ചുമത്തുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സംഘര്‍ഷത്തെ അടിച്ചമര്‍ത്താനല്ല പൊലീസ് ശ്രമിച്ചത്. സ്‌ഫോടക വസ്തു ഉപയോഗിച്ചത് പൊലീസാണ്.
മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ പൊലീസിന് സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ടായിരുന്നെന്നും വടകര എം.പി ആരോപിച്ചു.

പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഷാഫി പറമ്പില്‍ പുറത്തുവിട്ടു. എ.ഐ ടൂള്‍ ഉപയോഗിച്ച് പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സര്‍ക്കാരിന്റെ എ.ഐ. ടൂള്‍ പണി മുടക്കിയോയെന്നും ഷാഫി ചോദ്യം ചെയ്തു.

മൊഴിയെടുക്കാന്‍ വരാമെന്ന് അറിയിച്ച പൊലീസ് പിന്നീട് തന്നെ സമീപിച്ചിട്ടില്ല. കേസെടുത്തതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും കേസ് മരവിപ്പിച്ചതിന് പിന്നില്‍ ആരാണെന്നും ഷാഫി ചോദിച്ചു.

Content Highlight: Perambra Protest: Shafi Parambil Against Kerala Police

We use cookies to give you the best possible experience. Learn more