പരേഡിനിടെ ഉറങ്ങുന്ന മനോഹര്‍ പരീക്കര്‍
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടതു മുതല്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് മനോഹര്‍ പരീക്കര്‍. വിവാദ പ്രസ്താവനകളുടേയും മറ്റും പേരില്‍ മന്ത്രിയെ സോഷ്യല്‍ മീഡിയോ ട്രോളിയത് നിരവധി തവണയാണ്. രാജ്യം റിപ്പബ്ലിക്ദിനം ആഘോഷിക്കുന്ന ഇന്നും മനോഹര്‍ പരീക്കര്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പ്രസ്താവനയുടെ പേരിലല്ല, ഉറങ്ങിയതിന്റെ പേരിലാണ് മന്ത്രിയിന്ന് പരിഹസിക്കപ്പെടുന്നത്. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കവെയാണ് മന്ത്രി ഉറങ്ങിയത്. നേരത്തേയും അനവസരത്തില്‍ ഉറങ്ങിയിട്ടുണ്ടെങ്കിലും ഇതല്‍പ്പം കൂടി പോയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
പരേഡ് കാണാനെത്തിയ മന്ത്രി ഇരുന്നുറങ്ങുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. റിപ്പബ്ലിക് ദിന പരേഡ് ദൂരദര്‍ശനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഉറങ്ങുന്ന പ്രതിരോധ മന്ത്രിയേയും രാജ്യം ലൈവായി കണ്ടു.
പരേഡിലെ വിശിഷ്ടാതിഥിയായ അബുദാബി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നാഹ്യനും അദ്ദേഹത്തിനൊപ്പമുള്ളവരുടേയും അരികിലിരുന്നായിരുന്നു മന്ത്രി ഉറങ്ങിയത്. അതിഥികള്‍ക്ക് അരികിലിരുന്ന് ഉറങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
രാജ്യത്തിന്റെ ശോഭനമായ ഭാവി സ്വപ്‌നം കണ്ടു കൊണ്ട് മന്ത്രി ഉറങ്ങുകയാണെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയുന്ന കമന്റുകളിലൊന്ന്. അതല്ല, രാത്രി ഗോവയില്‍ നടത്താനിരിക്കുന്ന പ്രസംഗത്തെക്കുറിച്ചാണ് സ്വപ്‌നം കാണുന്നതെന്നും പറയുന്നു. സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മഞ്ഞും വെയിലും കൊള്ളുമ്പോള്‍ പ്രതിരോധ മന്ത്രി സുഖമായി ഉറങ്ങുന്നോ എന്നും ചോദിക്കുന്നവരുണ്ട്.
ഫയല്‍ ചിത്രം
ഇതാദ്യമായല്ല പരീക്കര്‍ ഒരു പൊതു പരിപാടിക്കിടെ ഉറങ്ങുന്നത്. പ്രധാനമന്ത്രി മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് നടത്തിയ പ്രസംഗത്തിനിടെ വാ പൊളിച്ചുറങ്ങുന്ന പരീക്കറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയും പരീക്കര്‍ ഉറങ്ങിയിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ഉറങ്ങി പുലിവാല് പിടിച്ച മനോഹര്‍ പരീക്കര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.