| Saturday, 27th December 2025, 8:49 am

എപ്സ്റ്റീന്റെ ഫയലില്‍ പേരുണ്ടെന്ന ആരോപണം; മോദി വിശദീകരണം നല്‍കണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെതിരായ കേസുമായി ബന്ധപ്പെട്ട ഫയലില്‍ പേരുണ്ടെന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.

മനോരമ ന്യൂസിനോട് പ്രതികരിക്കുന്നതിനിടെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഈ ആവശ്യമുന്നയിച്ചത്. യു.എസ് സന്ദര്‍ശങ്ങളിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാണ് ആവശ്യം.

എപ്സ്റ്റീന്‍ ഫയലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, ബില്‍ഗേറ്റ്‌സ് എന്നിവരും പോപ്പ് താരം മൈക്കിള്‍ ജാക്‌സണ്‍, ഓസ്‌കാര്‍ ജേതാവ് കെവിന്‍ സ്പേസി അടക്കമുള്ളവരുടെ പേരുകളുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് മോദിക്കെതിരെ സുബ്രഹ്‌മണ്യന്‍ സ്വാമിയും രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എപ്സ്റ്റീന്‍ ഫയലില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ മുന്‍കാല സഹായിയായ സ്റ്റീവ് ബാനന്‍ മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ എപ്സ്റ്റീനെ സമീപിച്ചുവെന്നാണ് ആരോപണം.

അങ്ങനെയെങ്കില്‍ എപ്സ്റ്റീന്റെ കേസുമായി മോദിക്ക് എന്താണ് ബന്ധം? അവര്‍ തമ്മിലുള്ള ബന്ധം എന്തായിരുന്നു? ഈ ന്യായമായ ചോദ്യങ്ങള്‍ക്ക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് പൃഥ്വിരാജ് ചവാന്‍ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് ബി.ജെ.പിക്കുള്ളില്‍ നിന്ന് തന്നെ മോദിക്കെതിരെ ചോദ്യം ഉയരുന്നത്.

അതേസമയം കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് വൈകിപ്പിക്കുകയാണെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഹരജിക്കാരനാണ് സുബ്രഹ്‌മണ്യന്‍ സ്വാമി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കൊണ്ടുവന്നത് ക്രെഡിറ്റ് എടുക്കാനാണെന്നും വിമര്‍ശനമുണ്ട്. സോണിയയും രാഹുല്‍ ഗാന്ധിയും ഹവാല പണം കൈപ്പറ്റിയിട്ടുണ്ടെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. ഹവാല പണം കൈപ്പറ്റിയതില്‍ കോണ്‍ഗ്രസ് നേതാക്കളെ വിചാരണ ചെയ്യണം. ഹെറാള്‍ഡ് കേസില്‍ നടപടിയെടുക്കാന്‍ മോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Epstein’s case file; Subramanian Swamy demands an explanation from Modi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more