വാഷിങ്ടണ്‍: യു.എസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തില്‍ കുറ്റബോധമുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ജീവകാരുണ്യ സ്ഥാപനമായ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ ജീവനക്കാരോട് ബില്‍ ഗേറ്റ്‌സ് മാപ്പ് പറഞ്ഞുവെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എപ്സ്റ്റീനുമായി സമയം ചെലവിട്ടതും ഗേറ്റ്‌സ് ഫൗണ്ടേഷനിലെ ജീവനക്കാരെ എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചകളില്‍ ഉള്‍പ്പെടുത്തിയതും വിഡ്ഢിത്തമായിരുന്നെന്ന് ഗേറ്റ്‌സ് പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു വക്താവ്.
ഫൗണ്ടേഷന്റെ മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായിരുന്നു തന്റെ പ്രവൃത്തി. ആളുകള്‍ക്ക് തങ്ങളോട് തുടര്‍ന്നും സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്നതാണെന്നും ഗേറ്റ്‌സ് പറഞ്ഞു.
‘എപ്സ്റ്റീനുമായി സമയം ചെലവിട്ടത് വലിയ തെറ്റായിപ്പോയി. എന്റെ തെറ്റ് കാരണം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടവരുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിക്കുന്നു. പൂര്‍ണമായും എന്റെ ഭാഗത്താണ് തെറ്റ്,’ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച ബില്‍ ഗേറ്റ്‌സ്. അവര്‍ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ലെന്നും വിശദീകരിച്ചു. എപ്സ്റ്റീന്റെ കൂടെയുള്ള സ്ത്രീകളുമായി താന്‍ സമയം ചെലവിട്ടിട്ടില്ല. നിയമവിരുദ്ധമായ ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവന്ന ചിത്രങ്ങളിലുള്ള സ്ത്രീകളുമായി നിയമവിരുദ്ധമായ ബന്ധം ഉണ്ടായിരുന്നില്ല. മീറ്റിങ്ങുകള്‍ക്ക് ശേഷം എപ്സ്റ്റീന്റെ നിര്‍ബന്ധപ്രകാരം എടുത്ത ചിത്രങ്ങള്‍ മാത്രമാണവയെന്നും ഗേറ്റ്‌സ് വിശദീകരിച്ചു.
യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളില്‍ റഷ്യന്‍ യുവതികളുമായുണ്ടായിരുന്ന ബന്ധത്തെ തുടര്‍ന്ന് ലൈംഗിക രോഗ ബാധിതനായ ബില്‍ ഗേറ്റ്‌സ്, മരുന്ന് വാങ്ങാനായി സഹായം തേടിയിയിരുന്നതിന്റെയും തന്റെ നിയമപരമല്ലാത്ത ബന്ധങ്ങള്‍ക്ക് സഹായം തേടിയതിന്റെയും രേഖകളും ഉള്‍പ്പെട്ടിട്ടെന്നാണ് റിപ്പോര്‍ട്ട്.
എപ്സ്റ്റീനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷവും നിരവധി തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായിരുന്നു ചര്‍ച്ചയെന്നാണ് വിശദീകരണം.
Content Highlight: I shouldn’t have linked others to Epstein; Bill Gates apologizes to employees