| Saturday, 7th February 2026, 7:46 am

എപ്‌സ്റ്റീന്‍ ഇസ്രഈലിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല; എഹൂദ് ബാരക്കിന്റേത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം: നെതന്യാഹു

നിഷാന. വി.വി

ടെല്‍അവീവ്: മുന്‍ പ്രധാനമന്ത്രി എഹൂദ് ബാരക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള എഹൂദ് ബാരക്കിന്റെ അസാധാരണമായ അടുത്ത ബന്ധം എപ്സ്റ്റീന് ഇസ്രഈലുമായി ബന്ധമുണ്ടെന്നതിന്റെ തെളിവല്ലെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക പുറത്തുവിട്ട പുതിയ ഫയലുകളില്‍ ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ബാരക്കും എപ്‌സ്റ്റീനുമായി അടുത്ത ബന്ധമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകളുണ്ട് ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ വിമര്‍ശനം.

രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും ബാരക്ക് ഇതുവരെ മുക്തനായിട്ടില്ലെന്നും തന്റ എക്‌സ് പോസ്റ്റിലൂടെ നെതന്യാഹു കുറ്റപ്പെടുത്തി.

ബാരക്ക് തെരഞ്ഞെടുക്കപ്പെട്ട ഇസ്രഈലി സര്‍ക്കാരിനെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ സയണിസ്റ്റ് വിരുദ്ധ റാഡിക്കല്‍ ഇടതുപക്ഷ ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായണെന്നും നെതന്യാഹു ആരോപിച്ചു.

ബഹുജന പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ധനം നല്‍കുക, അസ്വസ്ഥത വളര്‍ത്തുക, തെറ്റായ മാധ്യമ വിവരണങ്ങള്‍ നല്‍കുക എന്നിവയിലൂടെ ഇസ്രഈലി സര്‍ക്കാരിനെ തകര്‍ക്കാന്‍ ബാരക്ക് പരസ്യമായും പിന്നണിയിലും പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം 2017ല്‍ ബാരക്ക് എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ പലതവണ താമസിച്ചിരുന്നതായും ഇരുവരും തമ്മില്‍ നിരന്തരമായി ഇ.മെയില്‍ ആശയവിനിമയം നടത്തിയാതായും റിപ്പോട്ടുകളുണ്ടായിരുന്നു.

എന്നാല്‍ എപ്സ്റ്റീനുമായി തനിക്ക് വര്‍ഷങ്ങളായുള്ള പരിചയമുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമ വിരദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും മോശം പ്രവര്‍ത്തികള്‍ക്ക് സാക്ഷിയായിട്ടില്ലെന്നുമായിരുന്നു ബാരക്കിന്റെ ഔദ്യോഗിക വിശദീകരണം.

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നതിന് പിന്നാലെ ബാരാക്കിനെതിരായ രാഷ്ട്രീയ സമ്മര്‍ദം ഇസ്രഈലില്‍ രൂക്ഷമാണ്.

ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റ പരാമര്‍ശം. നെതന്യാഹുവിന്റ വലിയ വിമര്‍ശകനും എതിരാളിയുമാണ് ബാരക്ക്.

Content Highlight: Epstein did not work for Israel; Ehud Barak’s attempt to destabilize the country: Netanyahu

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more