| Sunday, 1st February 2026, 9:04 am

എപ്‌സ്റ്റീനുമായുള്ള ബന്ധം; മുൻ രാജകുമാരൻ ആൻഡ്രൂ യു.എസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണം: സ്റ്റാർമർ

ശ്രീലക്ഷ്മി എ.വി.

ലണ്ടൻ: ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെകുറിച്ച് ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്സർ യു.എസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ.

എപ്‌സ്റ്റീനുമായി ആൻഡ്രൂവിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്ന ആരോപണങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതോടെയാണ് അമേരിക്കയുടെ അന്വേഷണ കമ്മിറ്റിക്ക് മുൻപിൽ കാര്യങ്ങൾ വിശദീകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

എപ്‌സ്റ്റീനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങളാണ് പുതിയ രേഖകളിലായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലൈംഗിക കുറ്റകൃത്യങ്ങളിൽ എപ്‌സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷവും രണ്ട് വർഷത്തിലധികവും ആൻഡ്രൂ എപ്‌സ്റ്റീനുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നെന്നും ഇത് വെറും സൗഹൃദം മാത്രമല്ലായിരുന്നെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഇരുവരും ബിസിനസ് ഇടപാടുകളെക്കുറിച്ച് ചർച്ച ചെയ്യുകയും നേരിട്ട് കാണുകയും സോഷ്യൽ മീറ്റിങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

കേവലം ബിസിനസ് മാത്രമല്ല, സ്ത്രീകളെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇവർ തമ്മിൽ ആശയവിനിമയം നടന്നിരുന്നു. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ ആൻഡ്രൂ രാജകുമാരന്റെ മോശം പെരുമാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ചാൾസ് രാജാവ് തന്റെ സഹോദരനെതിരെ നേരത്തെ കടുത്ത നടപടികളെടുത്തിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ആൻഡ്രൂവിന്റെ ‘രാജകുമാരൻ’ എന്ന പദവി ഔദ്യോഗികമായി എടുത്തുമാറ്റിയിരുന്നു. വിൻഡ്സർ കാസിലിലെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാൽ എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചിരുന്നു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നവംബർ മാസത്തിൽ, എപ്‌സ്റ്റീൻ കേസ് അന്വേഷിക്കുന്ന യു.എസ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ ആൻഡ്രൂ രാജകുമാരനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.

2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനായിരുന്നു എപ്‌സ്റ്റീൻ ആദ്യമായി ജയിലിലായത്.

പിന്നീട് പെൺകുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ നേരിടാനിരിക്കെ, 2019ൽ മാൻഹട്ടൻ ജയിലിൽ വെച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

നിലവിൽ മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളും 2000ലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.

ജെഫ്രി എപ്‌സ്റ്റീന്റെ ജയിൽവാസകാലത്തെക്കുറിച്ചുള്ള
വിശദാംശങ്ങൾ, മനശാസ്ത്ര റിപ്പോർട്ട്, ജയിലിൽ നിന്നുണ്ടായ മരണം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്താൻ സഹായിച്ച എപ്‌സ്റ്റീന്റെ കൂട്ടാളിയായ ഗിസ്ലെയ്ൻ മാക്സ് വെൽ നെകുറിച്ചും പുതിയ രേഖകളിലുണ്ട്.

എപ്സ്റ്റീനും ഉന്നത വ്യക്തികളും തമ്മിലുള്ള ഇമെയിൽ വിവരങ്ങളും അവയിൽ ഉൾപ്പെടുന്നുണ്ട്.

Content Highlight: Epstein connection; Former Prince Andrew must appear before US Congressional committee: Keir Starmer

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more