| Wednesday, 22nd June 2016, 5:05 pm

അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചത് നല്ല കാര്യമെന്ന് കായികമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച അഞ്ജു ബോബി ജോര്‍ജിന്റെ നടപടി വളരെ നല്ലതെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍. ഭരണസമിതിയടക്കം രാജി വെച്ചത് വളരെ നല്ല കാര്യമാണെന്നും അഞ്ജുവിനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കായികമന്ത്രി പറഞ്ഞു. അഴിമതിക്കഥകള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അഞ്ജു ബോബി ജോര്‍ജ് രാജി വെച്ചതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.അഞ്ജു എന്ന കായികപ്രതിഭയെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖപ്രസംഗം എഴുതുന്ന സ്ഥിതിവരെ ഉണ്ടായി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ കായികതാരങ്ങളും മുന്‍കാല ഭാരവാഹികളും കായികമന്ത്രി എന്ന നിലയില്‍ എന്നെ അറിയിച്ചിട്ടുണ്ട്.

ഇത്തരം പരാതികളില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും ഉള്ള ശ്രമം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. കായിക മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളെ കായികപ്രേമികള്‍ തള്ളിക്കളയണമെന്നും അഴിമതിക്കെതിരായ നിലപാടില്‍ കായികലോകത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നതായും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇതിനിടെ അഞ്ജു ബേബി ജോര്‍ജ് അടക്കമുള്ളവരെ സര്‍ക്കാര്‍ തേജോവധം ചെയ്യുകയണെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഢ ശ്രമമമാണ് സര്‍ക്കാര്‍ നടത്തിയത്. കേരളത്തിന് ഇതു പൊറുക്കാന്‍ കഴിയില്ല. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തരായ താരങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗങ്ങളായിട്ടുള്ളത്. അവരെയെല്ലാം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി പുറത്താക്കുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more