| Monday, 27th June 2022, 6:41 pm

പക്വതയില്ലാത്ത പ്രതിപക്ഷനേതാവ്; പത്രക്കാര്‍ ചോദ്യം ചോദിച്ചതിന് ദേശാഭിമാനി ഓഫീസ് ആക്രമിക്കാന്‍ ആളെ അയച്ചു: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പത്രക്കാര്‍ ചോദ്യം ചോദിച്ചതിന് ദേശാഭിമാനി ഓഫീസ് ആക്രമിക്കാന്‍ പ്രതിപക്ഷ നേതാവ് ആളെ അയച്ചെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. രമേശ് ചെന്നിത്തല അല്‍പ്പനാണെന്ന് കാണിക്കാനാണ് വി.ഡി. സതീശന്‍ വിക്രാന്തി കാണിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.

‘പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടാന്‍ ആര്‍ക്കും അധികാരമില്ല. അദ്ദേഹം മാധ്യമങ്ങളോട് കയര്‍ക്കുകയാണ്. അവര്‍ അവരുടെ ജോലി ചെയ്യാനാണ് വരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന് ഹിതമല്ലാത്ത ചോദ്യം ചോദിക്കുമ്പോഴേക്ക് ഇറക്കിവിടും എന്നൊക്കെയാണ് പ്രതിപക്ഷനേതാവ് പറയുന്നത്. പത്രക്കാര്‍ ചോദ്യം ചോദിച്ചതിന് ദേശാഭിമാനി ഓഫീസ് ആക്രമിക്കാന്‍ അദ്ദേഹം ആളെ അയച്ചു,’ ഇ.പി. ജയരാജന്‍ പറഞ്ഞു.

ഞങ്ങള്‍ ഗാന്ധിജിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലുള്ള മഹാത്മാഗാന്ധിയുടെ ഫോട്ടോ നിലത്തിട്ട് ചവിട്ടിയത് കോണ്‍ഗ്രസുകാരാണെന്ന് വീഡിയോയില്‍ നിന്ന് മനസിലായെന്നും ജയരാജന്‍ പറഞ്ഞു.

നിയമസഭ നടപടിക്രമങ്ങള്‍ കൃത്യമായി നടക്കേണ്ടതുണ്ട്. മാധ്യമങ്ങളെ മാറ്റിനിര്‍ത്തേണ്ടതില്ല. നിയമസഭ ചട്ടങ്ങളനുസരിച്ച് അവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കാനിക്കേണ്ടത് സ്പീക്കറാണ്. മാധ്യമങ്ങള്‍ക്ക് വേണ്ടതെല്ലാം സഭാ ടി.വിയില്‍ നിന്ന ലഭ്യമാകും.

ടെലിവിഷന്‍ ചാനല്‍ വന്നതോടുകൂടി ഒരുതരം പ്രൊജക്ഷനുവേണ്ടിയുള്ള ഒട്ടനവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. സമ്മേളനങ്ങളിലൊക്കെ സ്‌റ്റേജുകള്‍ ഇടിഞ്ഞുപോകുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. ചാനലുകാര്‍ ഇങ്ങനെ കാണിക്കുന്നില്ലെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.

തുടര്‍ച്ചയായി ഒരേ ചോദ്യം ചോദിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹത്തോട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് പറഞ്ഞതെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് രോഷാകുലനായതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.

സൗമ്യമായി തന്നെയാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നത്.

CONTET HIGHLIGHTS: EP Jayarajan said that the Leader of the Opposition had sent a man to attack the Deshabhimani office for questioning by journalists

We use cookies to give you the best possible experience. Learn more